പ്രധാനമന്ത്രിക്കൊപ്പം ഊണുകഴിച്ച പ്രേമചന്ദ്രനെതിരെ പ്രതിഷേധിക്കുമ്പോൾ, പിണറായി – ഗഡ്കരി ബന്ധം ചർച്ചയാകുന്നു; കേന്ദ്രമന്ത്രിയെ വീട്ടിൽ സൽക്കരിച്ചതിൻ്റെ വാർത്ത സോഷ്യൽ മീഡിയയിൽ ഓട്ടംതുടങ്ങി

നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് പാർലമെൻ്റ് കാൻ്റീനിൽ ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച എൻ.കെ.പ്രേമചന്ദ്രൻ എംപിക്കെതിരെ ചന്ദ്രഹാസം ഇളക്കുന്നവർ ഈ വാർത്ത കാണണം. 2019 ജൂൺ 16ലെ ദ ന്യൂ ഇൻഡ്യൻ എക്സ്പ്രസ് പത്രത്തിൽ പ്രസിദ്ധീകരിച്ചത് ആണിത്. ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിക്ക് ആതിഥ്യമരുളി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അവധിയാഘോഷത്തിന് കുടുംബസമേതം എത്തിയതായിരുന്നു ഗഡ്കരി. ജൂൺ 11ന് പിണറായി വിജയൻ്റെ ക്ഷണം സ്വീകരിച്ചാണ് ക്ലിഫ് ഹൗസിലെത്തിയത്. ഇരു കുടുംബാഗങ്ങളും ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്.
ഇരുവരും തമ്മിലുള്ള വ്യക്തിബന്ധം പുതിയതല്ല. എന്നാൽ ഗഡ്കരിയുടെ ഈ സന്ദർശനം ഉണ്ടായത് കണ്ണൂരിൽ സിപിഎം – ആർഎസ്എസ് സംഘർഷം രൂക്ഷമായി കൊലപാതക പരമ്പര വരെയെത്തി നിൽക്കുന്ന സമയത്ത് ആയിരുന്നു. അതുകൊണ്ട് തന്നെ ഇരുപക്ഷത്തുമുള്ള അണികളിൽ ഈ സൽക്കാരം കടുത്ത രോഷം ഉണ്ടാക്കിയിരുന്നു. ആർഎസ്എസ് പക്ഷത്ത് നിന്നുള്ള ചിലരുടെയെല്ലാം ഇത്തരത്തിലുള്ള പ്രതികരണം ഇന്ത്യൻ എക്സ്പ്രസ് വാർത്തയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
2019ലെ ഈ സന്ദർശനം മാത്രമല്ല, പിന്നീടും ഇരുവരുടെയും കൂടിക്കാഴ്ചകൾ വാർത്തയായിട്ടുണ്ട്. 2021 ജൂലൈയിൽ ഡൽഹിയിൽ എത്തിയ പിണറായി വിജയൻ നിതിൻ ഗഡ്കരിയുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയതിനെക്കുറിച്ച് ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രി എത്തുമ്പോൾ തൻ്റെ ഓഫീസ് സ്റ്റാഫിനെയെല്ലാം ഒഴിവാക്കി ഏറെ നേരം ചർച്ചക്കായി ഗഡ്കരി ചിലവഴിച്ചുവെന്നും ഇത് എല്ലാവരിലും ആശ്ചര്യം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജോൺ ബ്രിട്ടാസ് എംപി മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. കോവിഡിന് ശേഷമുള്ള ആരോഗ്യപരിപാലനത്തെക്കുറിച്ചാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായി പിണറായി സംസാരിച്ചതെന്ന് വിവരം കിട്ടിയെന്നാണ് വാർത്തയിൽ ചേർത്തിരുന്നത്.
ബിജെപിയിൽ സംഘപരിവാർ പക്ഷത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന നേതാക്കളിൽ ഒരാളാണ് നിതിൻ ഗഡ്കരി. അങ്ങനെയാണ് 2009ൽ പാർട്ടി കടുത്ത പ്രതിസന്ധി നേരിടുമ്പോൾ തീർത്തും അപ്രതീക്ഷിതമായി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗഡ്കരി എത്തിയത്. കേന്ദ്രമന്ത്രി എന്നതിനപ്പുറം നിലവിൽ ബിജെപിയുടെ ദേശീയ നേതൃനിരയിൽ ഏറ്റവും സ്വാധീനമുള്ള നേതാവുമാണ് ഗഡ്കരി. ഈ ശ്രേണിയിലുള്ള നേതാക്കളുമായെല്ലാം സൗഹൃദം പങ്കിടാമെങ്കിൽ, രാജ്യത്തിൻ്റെ പ്രധാനമന്ത്രി വിളിച്ചപ്പോൾ പ്രേമചന്ദ്രൻ പോയതിൽ എന്താണ് അപരാധം എന്നാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലോ, അടച്ചിട്ട മുറിയിലോ, ഇവരിൽ ആരുടെയെങ്കിലും വീട്ടിലോ പോലും ആയിരുന്നില്ല സംസാരം. പാർലമെൻ്റ് കാൻ്റീനിൽ ഭക്ഷണമേശക്ക് ഇരുവശവും ഇരുന്നായിരുന്നല്ലോ എന്നും പലരും ചൂണ്ടിക്കാണിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here