വിദേശ സർവകലാശാലയിൽ സർക്കാർ പിന്മാറുമ്പോൾ സ്വകാര്യ വാഴ്സിറ്റികൾ വരും; പിന്മാറ്റം ബേബിയും വിജയരാഘവനും ഗോവിന്ദനും ഒന്നിച്ചപ്പോൾ; ആത്യന്തിക വിജയം മുഖ്യമന്ത്രിക്ക് തന്നെ
തിരുവനന്തപുരം: വിദേശ സര്‍വ്വകലാശാലകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് പ്രഖ്യാപനം, സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് എതിര്‍പ്പില്ലാതെ അംഗീകാരം നേടിയെടുക്കാനുള്ള തന്ത്രം. വിദേശ സര്‍വ്വകലാശാലയിലെ സിപിഎം നയം വ്യക്തമായി തന്നെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നു. എന്നിട്ടും അത് ബജറ്റില്‍ ഉള്‍പ്പെടുത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു പോലും അറിഞ്ഞില്ല. ഇത് വിവാദമായതോടെ തീരുമാനത്തില്‍ നിന്നും പിന്മാറും. എന്നാല്‍ എല്ലാ ഇടതു സംഘടനകളെയും തന്ത്രപമായ മൗനത്തിലാക്കി സ്വകാര്യ സര്‍വ്വകലാശാലകള്‍ വരികയും ചെയ്യും. നേരത്തെ സ്വകാര്യ സര്‍വ്വകലാശാലയെയും സിപിഎമ്മും ഡിവൈഎഫ്ഐയും എസ്എഫ്ഐയും എതിര്‍ത്തിരുന്നു.
സംസ്ഥാനത്ത് വിദേശ സര്‍വകലാശാലാ ക്യാംപസുകള്‍ സ്ഥാപിക്കുമെന്ന ബജറ്റ് പ്രഖ്യാപനം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇടതു നയത്തില്‍ വ്യതിയാനം ഉണ്ടായെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് സിപിഎം പുനരാലോചന നടത്തുന്നത്. പൊളിറ്റ് ബ്യൂറോയില്‍ ചര്‍ച്ച ചെയ്തശേഷം മാത്രം തുടര്‍നടപടി മതിയെന്നാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമേ പിബി വിഷയം പരിഗണിക്കൂ. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകൾക്ക് അനുമതി നല്‍കാമെന്ന് ധാരണയായി. ബജറ്റിൻ്റെ മറുപടി ചർച്ചയില്‍ വിദേശ സര്‍വ്വകലാശാലാ വിഷയത്തിൽ ധനമന്ത്രി തിരുത്ത് കൊണ്ടുവരികയും ചെയ്യും. ഇക്കാര്യം ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടാകുന്നത്.
വിദേശ സർവകലാശാലാ വിഷയത്തിൽ തൻ്റെ എതിര്‍പ്പ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ എം.വി.ഗോവിന്ദന്‍ അറിയിച്ചതും മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നത്തെ വാര്‍ത്താസമ്മേളനത്തിലൂടെ, ഇക്കാര്യത്തിൽ പാർട്ടി നിലപാട് തന്നെയാണ് തൻ്റെ നിലപാടെന്ന് ഗോവിന്ദൻ പരസ്യമായി പറയുകയും ചെയ്തു. പാര്‍ട്ടിയും സര്‍ക്കാരും ഒന്നല്ലെന്നും പാര്‍ട്ടി നിലപാടുകള്‍ മുഴുവന്‍ നടപ്പിലാക്കാൻ സര്‍ക്കാരിന് കഴിയില്ലെന്നും തുറന്നുപറഞ്ഞതോടെ നിലപാടുകളിലെ വൈരുധ്യം വെളിപ്പെടുത്തുകയും ചെയ്തു. ഫലത്തില്‍ മാധ്യമ സിന്‍ഡിക്കറ്റ് റിപ്പോര്‍ട്ടാണ് പാർട്ടി സെക്രട്ടറി ശരിവയ്ക്കുന്നത്.
സ്വകാര്യ സര്‍വ്വകലാശാലകൾ അനുവദിക്കുമ്പോൾ എതിര്‍പ്പുകള്‍ ഉണ്ടാകാതിരിക്കാനുള്ള പരിചയായിരുന്നു വിദേശ സര്‍വ്വകലാശാലാ പ്രഖ്യാപനമെന്ന വിവരമാണ് ഈ ഘട്ടത്തിൽ മാധ്യമ സിന്‍ഡിക്കറ്റ് പുറത്തുവിടുന്നത്. വിദേശ സര്‍വകലാശാലാ വിഷയത്തില്‍ സിപിഐ വിയോജിപ്പ് അറിയിച്ചിരുന്നു. നയപരമായി വിയോജിപ്പുണ്ട് എന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചത്. മുന്നണി ചര്‍ച്ച ചെയ്യാതെ നിര്‍ദേശം നടപ്പിലാക്കരുതെന്നും പറഞ്ഞു. ഇതിന് പിന്നാലെയാണ് തീരുമാനം മരവിപ്പിക്കാന്‍ സിപിഎമ്മില്‍ ധാരണയായത്. ഈ തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രിയും ധനമന്ത്രിയും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ കാര്യത്തിൽ പ്രതിഷേധം ഉണ്ടാകാതിരിക്കാന്‍, അതിലും കൂടിയ ഒന്ന് ബജറ്റില്‍ ഉള്‍പ്പെടുത്തുകയെന്ന മാസ്റ്റർ പ്ലാനാണ് നടപ്പാക്കിയത്. അങ്ങനെ കൂടുതല്‍ എതിര്‍ക്കേണ്ടത് ഏത് എന്നതിലേക്ക് ഫോക്കസ് എത്തിച്ചു. അതാണിപ്പോൾ വിജയം കാണുന്നത്. പിണറായി ഇച്ഛിച്ചതും പാർട്ടി കൽപിച്ചതും ഒന്നായ സ്ഥിതി.
ഈ മാസം അഞ്ചിന് അവതരിപ്പിച്ച രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിൻ്റെ നാലാം ബജറ്റിലാണ് സ്വകാര്യ-വിദേശ സര്‍വകലാശാലകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചത്. രണ്ടാം പിണറായി സര്‍ക്കാരിന് പാര്‍ട്ടിയും എല്‍ഡിഎഫും തയാറാക്കിയ നയമാര്‍ഗരേഖകളില്‍ വിദേശ സര്‍വകലാശാലയ്ക്ക് വ്യവസ്ഥയില്ല. പാര്‍ട്ടിയോ മുന്നണിയോ നയപരമായ തീരുമാനം എടുക്കാത്ത കാര്യമെന്ന് ചുരുക്കം. അതാണ് നടപടി സിപിഎമ്മിന് പുനഃപരിശോധിക്കേണ്ടി വന്നത്. ഇതോടെ ധനമന്ത്രിക്ക് പിന്നോട്ട് പോകേണ്ടി വരുമെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് നയംമാറ്റത്തിലെ ആശങ്ക യെച്ചൂരി അറിയിച്ചു കഴിഞ്ഞു. ബജറ്റ് പ്രഖ്യാപനത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് അന്വേഷിക്കാൻ ഉപസമിതിയെ നിയോഗിച്ചേക്കും.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖരും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിലെ ചിലരും മാത്രമാണ് ബജറ്റ് പ്രഖ്യാപനത്തെക്കുറിച്ച് മുൻകൂർ അറിഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പിനെയോ മന്ത്രി ബിന്ദുവിനെയോ അറിയിക്കാതെയാണ് നയപരമായ മാറ്റം ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വത്തെ മന്ത്രി ബിന്ദുവും അതൃപ്തി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഒരാൾ മന്ത്രി ബിന്ദുവിൻ്റെ ഭര്‍ത്താവ് എ.വിജയരാഘവനാണ്. വിജയരാഘവനും എം.എ.ബേബിയും ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. എം.വി.ഗോവിന്ദനും അനുകൂലിച്ചില്ല. ഇതോടെ സിപിഎം പോളിറ്റ് ബ്യൂറോയിലെ മലയാളികളില്‍ പിണറായി ഒഴികെയുള്ളവര്‍ വിദേശ സര്‍വ്വകലാശാലയ്ക്ക് എതിരാണെന്ന് വന്നു. അങ്ങനെയാണ് പ്രഖ്യാപിത നയത്തിൽ ഉറച്ചുനിൽക്കുക എന്നതിലേക്ക് സർക്കാരിനെ പാർട്ടി തിരിച്ചെത്തിച്ചത്. അപ്പോഴും യഥാർത്ഥ വിജയം ആരുടേത് എന്നതിൽ ആർക്കും സംശയത്തിനിടയില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here