സിനിമയെ മുൾമുനയിൽ നിർത്തിയ വൈറ്റ്കോളർ ക്രിമിനൽ സംഘം ‘തമിഴ് റോക്കേഴ്സ്’ വീണ്ടും വരുമ്പോൾ

തീയറ്ററിൽ സിനിമയിറങ്ങിയാൽ അന്ന് തന്നെ ഇൻ്റർനെറ്റിലും റിലീസ്. ഇന്ത്യൻ സിനിമാ വ്യവസായത്തെയാകെ മുൾമുനയിൽ നിർത്തി തമിഴ് റോക്കേഴ്സ് എന്നൊരു അജ്ഞാതസംഘത്തിൻ്റെ തേരോട്ടമായിരുന്നു വർഷങ്ങളോളം. തീർത്തും അജ്ഞാതർ എന്ന് പറഞ്ഞുകൂടാ, ഇൻ്റർനെറ്റിൽ സജീവ സാന്നിധ്യം. പക്ഷെ അതിലൂടെ മാത്രമായിരുന്നു പ്രവർത്തനം. ഓഫീസോ അഡ്രസോ ഇല്ല. എന്നാൽ ആരാധകരായി സിനിമാ ആസ്വാദകർ വേണ്ടുവോളം. ഒരു വൈറ്റ്കോളർ ക്രിമിനൽ ബിസിനസ് എന്ന് തന്നെ പറയാം. അതായിരുന്നു തമിഴ് റോക്കേഴ്സ് സംഘം. 2018ൽ ഏതാനും പേർ പോലീസിൻ്റെ പിടിയിലാകുകയും കോവിഡ് പിടിമുറുക്കുകയും ചെയ്തതോടെ പ്രവർത്തനം അവസാനിപ്പിച്ച് ഏറെക്കുറെ അരങ്ങൊഴിഞ്ഞു റോക്കേഴ്സ് സംഘം.

2011 മുതൽ 2018 വരെയായിരുന്നു ഇവർ സജീവമായിരുന്നത്. ഇപ്പോൾ വീണ്ടും ഈ ക്രിമിനൽ സംഘത്തെക്കുറിച്ച് പറയുന്നത്, അവർ തിരിച്ചുവരുന്നു എന്ന പ്രഖ്യാപനം ഉണ്ടായത് കൊണ്ടാണ്. ടൂ തമിഴ് റോക്കേഴ്സ് എന്ന പേരിലുള്ള സൈറ്റിലൂടെ എട്ടാംതീയതി വ്യാഴാഴ്ച ആണ് തിരിച്ചുവരവ് അറിയിച്ചത്. വെൽക്കം ടു ഓൾ ടിആർ ഫാൻസ്, വീ ഹാവ് സക്സസ്ഫുളി മൈഗ്രേറ്റഡ് ഫ്രം ദ ഓൾഡ് ഐപിബി പ്ലാറ്റ്ഫോം ടു ദ ലേറ്റസ്റ്റ് വേർഷൻ ഓഫ് ഇൻവിഷൻ പവർ സർവീസസ് ….. എന്നിങ്ങനെ തുടങ്ങുന്ന സന്ദേശമാണ് സൈറ്റിൽ പോസ്റ്റുചെയ്തത്. അതായത് പോലീസ് പിടികൂടിയപ്പോൾ അവസാനിപ്പിക്കേണ്ടി വന്ന പഴയ പ്ലാറ്റ്ഫോമിൽ നിന്ന് പുതിയതിലേക്ക് മാറ്റി, പഴയ പണി വീണ്ടും തുടങ്ങുന്നുവെന്ന്. പഴയ സൈറ്റിൽ ചേർന്നിരുന്ന മുഴുവൻ അംഗങ്ങളുടെയും പേരുവിവരങ്ങളടങ്ങിയ ഡേറ്റാബേസ് തിരിച്ചുകിട്ടിയിട്ടില്ല, അതുകൊണ്ട് അംഗത്വമെടുക്കുന്ന പ്രക്രിയ വീണ്ടും ആദ്യം മുതൽ തുടങ്ങണം എന്ന് അറിയിപ്പും ഉണ്ടായിരുന്നു. ഈ പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ടുകൾ ഷെയർ ചെയ്ത സോഷ്യൽ മീഡിയ പേജുകളിലെല്ലാം വലിയ പ്രതികരണമാണ് ഇപ്പോഴും. ലിങ്ക് ആവശ്യപ്പെട്ടും മറ്റും ഒട്ടേറെപേരാണ് കമൻ്റ് ഇടുന്നത്.

തമിഴ്നാട് കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. വൻ മുതൽമുടക്കിൽ പുറത്തുവന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ പലതും ആദ്യദിനം തന്നെ ഇൻ്റർനെറ്റിൽ എത്തി. എങ്ങനെയെന്നും എവിടെ നിന്ന് റെക്കോർഡ് ചെയ്തെടുക്കുന്നുവെന്നും ആർക്കുമറിയില്ല. പൊറുതിമുട്ടിയ നിർമാതാക്കൾ വ്യാപകമായി പരാതിയുമായി ഇറങ്ങിയതോടെ പോലീസ് സൈബർ സംഘങ്ങൾ പഠിച്ച പണിയെല്ലാം നോക്കി. സൈറ്റിൻ്റെ ഐപി അഡ്രസ് അടിക്കടി മാറ്റിക്കൊണ്ടിരുന്നു സംഘം. അതുകൊണ്ട് തന്നെ ഒരു വിവരവും കണ്ടെത്താൻ കഴിയുമായിരുന്നില്ല. ചിലപ്പോഴെല്ലാം വെല്ലുവിളി മട്ടിൽ പുതിയ സിനിമകൾ അപ് ലോഡ് ചെയ്യുന്ന സമയം മുൻകൂട്ടി അനൌൺസ് ചെയ്യുകയും ചെയ്തിരുന്നു തമിഴ് റോക്കേഴ്സ്.

ഒരുഘട്ടം കഴിഞ്ഞതോടെ തമിഴിന് പുറമേ മറ്റ് ഭാഷാചിത്രങ്ങളിലേക്കും കടന്നുകയറാൻ തുടങ്ങി റോക്കേഴ്സ്. അവയും റിലീസ് ദിവസം തന്നെ ചോർത്തിയെടുക്കുകയായിരുന്നു സംഘം. പേട്ട, വിശ്വാസം, മാരി 2 എന്നിങ്ങനെ തമിഴ് ചിത്രങ്ങൾ മാത്രമല്ല, പുലിമുരുകൻ മലയാളം ബിഗ് ബജറ്റ് ചിത്രങ്ങളും അങ്ങനെ തീയറ്ററിൽ എത്തിയ ദിവസം തന്നെ ഇൻ്റർനെറ്റിലും എത്തിയിരുന്നു. 2018ൽ തമിഴ്നാട്ടിലെ വില്ലുപുരത്ത് കേരള പോലീസ് നടത്തിയൊരു നീക്കമാണ് സിനിമയ്ക്കാകെ ആശ്വാസമായത്. ആൻ്റി പൈറസി സെൽ എസ്പി ബി.കെ.പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള സംഘം റോക്കേഴ്സ് സംഘത്തിലെ ഏതാനും പേരെ പിടികൂടി തിരുവനന്തപുരത്ത് എത്തിച്ചതോടെ താൽക്കാലികമായെങ്കിലും എല്ലാം പൂട്ടിക്കെട്ടിയ അവസ്ഥയിലായി.

കോവിഡ് കഴിഞ്ഞതോടെ ചെറിയതോതിൽ വീണ്ടും പൈറസി സൈറ്റുകൾ തലപൊക്കി തുടങ്ങി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജവാന്റെയും ജയിലറിന്റെയും വ്യാജ പതിപ്പുകൾ റിലീസ് ദിവസം തന്നെ പുറത്തുവന്നതിന് പിന്നിൽ തമിഴ് റോക്കേഴ്സ് ആണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തമിഴ് ബ്ലാസ്റ്റേഴ്‌സ്, തമിഴ് എംവി എന്നീ സൈറ്റുകളിലാണ് അന്ന് വ്യാജൻ ഇറങ്ങിയത്. ഇപ്പോഴിതാ തിരിച്ചുവരുന്നു എന്ന അറിയിപ്പ് വന്നതിന് പിന്നാലെ രണ്ട് മലയാള സിനിമകളുടെ വ്യാജൻ പുറത്തായി. ടോവിനോ തോമസ് ചിത്രം അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു എന്നീ ചിത്രങ്ങൾ തീയറ്ററിലിറങ്ങി ഏതാനും മണിക്കൂറുകൾക്കകം വ്യാജ പതിപ്പുകൾ ഇൻ്റർനെറ്റിലെത്തി. ചുരുക്കത്തിൽ,, ഈ സംഘം തിരിച്ചുവരുമ്പോൾ കൂടുതൽ ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെങ്കിൽ സിനിമ വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് കോവിഡ് സൃഷ്ടിച്ച വൻ പ്രതിസന്ധിയിൽ നിന്ന് പൂർണമായും കരകയറിയിട്ടില്ലാത്ത ഈ ഘട്ടത്തിൽ. ഒടിടി റിലീസിൻ്റെ ദിവസം തന്നെ വ്യാജൻ ഇറങ്ങുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇതിനൊപ്പം തീയറ്റർ റിലീസ് ദിവസം തന്നെ വ്യാജൻ ഇറങ്ങിയാൽ അത് ഉണ്ടാക്കുന്ന നഷ്ടം ചില്ലറയാകില്ല.

Logo
X
Top