പിടിമുറുക്കി മങ്കി പോക്‌സ്; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; 2022ല്‍ കേരളത്തിലും രോഗമെത്തി

കോവിഡിനു പിന്നാലെ എം പോക്‌സ് (മങ്കി പോക്‌സ്) മനുഷ്യരാശിയെ കൊന്നൊടുക്കുമോ? ആശങ്കയിലാണ് ആഗോള സമൂഹം. ആഫ്രിക്കയിലെ കോംഗോ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ എം-പോക്‌സ് വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ആണ് ലോകാരോഗ്യ സംഘടന (WHO) ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആഫ്രിക്കയില്‍ എം പോക്‌സ് ബാധിച്ച് 517 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 17,000 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് കണക്ക്. 13 രാജ്യങ്ങളില്‍ രോഗബാധിതര്‍ ഉണ്ടെന്നു പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. 60 ശതമാനം രോഗവര്‍ധന റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആഫ്രിക്കയില്‍ കണ്ടെത്തിയ എം പോക്‌സ് ലോകമെമ്പാടും മനുഷ്യരാശിക്കു ഭീഷണിയാണെന്നും അതിനാലാണ് അടിയന്തര നീക്കമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദ്‌നാം വിശദീകരിച്ചു.

ലോകത്ത് ആദ്യമായി ഈ രോഗം കണ്ടെത്തിയത് കുരങ്ങുകളിലാണ്. അതുകൊണ്ടാണ് മങ്കി പോക്‌സ് എന്ന് അറിയപ്പെടുന്നത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ കണ്ടുവരുന്ന, വീര്യം കൂടിയ ഓര്‍ത്തോപോക്‌സ് വിഭാഗത്തില്‍പ്പെട്ട ഡിഎന്‍എ വൈറസുകളാണ് രോഗകാരണം.

ലക്ഷണം വ്യക്തമാകാൻ മൂന്ന് ആഴ്ചവരെ

ചിക്കന്‍ പോക്‌സുമായി യാതൊരു ബന്ധവുമില്ലെങ്കിലും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ചിക്കന്‍ പോക്‌സിനു സമാനമാകാം. പനി, തലവേദന, കഴലവീക്കം, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. രോഗം ഉള്ളവരുമായി അടുത്തു സമ്പര്‍ക്കം ഉണ്ടായാല്‍ ഒരാഴ്ച മുതല്‍ മൂന്നാഴ്ചകള്‍ക്ക് ഉള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് അവ പഴുത്തുപൊട്ടുകയും തുടര്‍ന്ന് ഉണങ്ങിത്തുടങ്ങുകയും ചെയ്യും.

രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് അകലം പാലിക്കുകയും സുരക്ഷാരീതികള്‍ അവലംബിക്കുകയും ചെയ്യുന്നതാണ് പ്രതിരോധ മാര്‍ഗം.

2022ല്‍ ഇന്ത്യയിലും; നിലവില്‍ ഇതുവരെ ഇല്ല

ഇന്ത്യയില്‍ നിലവില്‍ എം പോക്‌സ് ഭീതിയില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. 2022ല്‍ ഇന്ത്യയില്‍ 10 പേര്‍ക്ക് എം പോക്‌സ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയിലും കേരളത്തിലും 5 പേര്‍ക്കു വീതമാണ് രോഗബാധ സ്ഥിരീകരിച്ചത്. മറ്റ് എട്ടു പേര്‍ക്ക് എം പോക്‌സ് ബാധിച്ചതായി സംശയം ഉണ്ടായെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല.

2022ല്‍ കേരളത്തിലാണ് ഇന്ത്യയില്‍ ആദ്യമായി എം പോക്‌സ് കണ്ടെത്തിയത്. 2022 ജൂലൈ 14നു യുഎഇയില്‍ നിന്ന് കേരളത്തിലെത്തിയ 22 വയസുകാരനായിരുന്നു രോഗബാധിതന്‍. ഇയാള്‍ യുഎഇയില്‍ രോഗം ബാധിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലും സമാന സാഹചര്യത്തില്‍ വന്ന ചിലരില്‍ രോഗബാധ കണ്ടു. രോഗം ബാധിച്ച എല്ലാവരും വിദേശയാത്ര കഴിഞ്ഞ് എത്തിയവരായിരുന്നു. എം-പോക്‌സ് ബാധിച്ച് ഇന്ത്യയില്‍ ആരും 2022ല്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top