ലോകസുന്ദരി ആര്? സൗന്ദര്യ ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പ്രഖ്യാപനം ഉടന്‍; സിനി ഷെട്ടി ഇന്ത്യന്‍ പ്രതീക്ഷ

സൗന്ദര്യവും ബുദ്ധിയും അറിവും മാറ്റുരയ്ക്കുന്ന ലോകസുന്ദരി പട്ടം ആര്‍ക്കു ലഭിക്കുമെന്നത് ഇന്ന് അറിയാം. 71-ാമത് ലോക സുന്ദരി മത്സരം നടക്കുന്ന മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്‍റര്‍ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കും. കർണാടകയിൽ നിന്നുള്ള സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിച്ച് അവസാന റൗണ്ട് വരെ എത്തിനില്‍ക്കുകയാണ്. 28 വർഷങ്ങൾക്കുശേഷം ഇന്ത്യ വീണ്ടും മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. ബോളിവുഡ് സംവിധായകന്‍ കരൺ ജോഹറും 2013ലെ ലോകസുന്ദരിയായിരുന്ന ഫിലിപ്പൈൻസ് സ്വദേശി മേഗൻ യങ്ങുമാണ് മത്സരത്തിന്റെ അവതാരകര്‍. 2017ല്‍ മാനുഷി ഛില്ലര്‍ ഇന്ത്യയ്ക്ക് നേടിയെടുത്ത ലോകസുന്ദരി പട്ടം തിരികെയെത്തുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.

ഫെബ്രുവരി 18നാണ് മിസ് വേൾഡ് മത്സരങ്ങള്‍ ആരംഭിച്ചത്. ഓപ്പണിംഗ് സെറിമണിയില്‍ ഇന്ത്യയുടെ പരമ്പരാഗത വസ്ത്രമണിഞ്ഞ്‌ സിനി ഷെട്ടി ശ്രദ്ധ നേടിയിരുന്നു. 2022ലെ മിസ്‌ ഇന്ത്യ പട്ടം നേടിയ താരമാണ് സിനി ഷെട്ടി. അക്കൗണ്ടിംഗ് ആന്റ് ഫിനാൻസില്‍ ബിരുദം പൂർത്തിയാക്കിയ താരം നര്‍ത്തകി കൂടിയാണ്. ഡല്‍ഹിയിലും മുംബൈയിലുമായിട്ടുള്ള മത്സരത്തില്‍ 120 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മിസ്‌ വേൾഡ് ടൈറ്റിലിനായി മാറ്റുരച്ചത്. 2021ലെ കിരീട ജേതാവായ പോളിഷ് മോഡൽ കരലീന ബിയെലവ്സ്കയാണ് ഇത്തവണ ലോകസുന്ദരിയെ കിരീടമണിയിക്കുന്നത്.

ലോകസുന്ദരി പട്ടം കരസ്ഥമാക്കുന്നവര്‍ക്ക് കോടികളാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. രത്നകല്ലുകള്‍ പതിപ്പിച്ച 40 കോടി വിലമതിക്കുന്ന കിരീടം ഒരു വര്‍ഷത്തേക്ക് കൈവശം വെക്കാം. ഇതിനു പുറമേ ലോകത്തെ ഏത് കോണിലും സൗജന്യ യാത്ര, ഭക്ഷണം, താമസം തുടങ്ങി ലോകത്തെ പ്രശസ്തരായ ഫാഷൻ ഡിസൈനർമാരുടെയും ഫൊട്ടോഗ്രഫർമാരുടെയും കൂടെ പ്രോജക്ടുകൾ ചെയ്യാനുള്ള അവസരങ്ങളുമാണ് ലോകസുന്ദരിയെ കാത്തിരിക്കുന്നത്. വിജയിക്ക് ലോകസുന്ദരി പട്ടത്തിനൊപ്പം മിസ് വേൾഡ് ഓർഗനൈസേഷന്റെ ബ്രാൻഡ് അംബാസഡർ പദവിയും സ്വന്തമാക്കാം.

1966ൽ റെയ്ത ഫാരിയ, 1994ൽ ഐശ്വര്യ റായി, 1997ൽ ഡയാന ഹെയ്ഡന്‍, 1999ല്‍ യുക്താമുഖി, 2000ല്‍ പ്രിയങ്ക ചോപ്ര, 2017ല്‍ മാനുഷി ഛില്ലര്‍ എന്നിവരാണ് ഇന്ത്യക്ക് ലോകസുന്ദരി പട്ടം ചൂടിത്തന്ന സുന്ദരികള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top