കേജരിവാള്‍ അഭിനന്ദിച്ച തൊടുപുഴക്കാരി ബീന കുര്യന്‍ ആര്? ആപിന്റെ ആദ്യ ജനപ്രതിനിധിയായ വനിതക്ക് ഇന്ന് പൗരസ്വീകരണം
ഇടുക്കി : തൊടുപുഴക്കാരി, വര്‍ഷങ്ങളോളം ഡല്‍ഹിയില്‍ ലാബ് ടെക്‌നീഷ്യന്‍, നിലവില്‍ കരിങ്കുന്നത്ത് മരിയ ലാബ് നടത്തുന്നു, ഭര്‍ത്താവ് ബോബിക്ക് നാട്ടില്‍ തന്നെ സ്വന്തം മെഡിക്കല്‍ സ്‌റ്റോര്‍, മക്കള്‍ മൂന്നുപേര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആം ആദ്മി പാര്‍ട്ടിയുടെ ആദ്യത്തെ ജനപ്രതിനിധിയായ ബീന കുര്യന്റെ പ്രൊഫൈല്‍ ചുരുക്കത്തില്‍ ഇങ്ങനെയാണ്.
വര്‍ഷങ്ങളോളം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന ബീന കുര്യന്‍ അരവിന്ദ് കേജരിവാളിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ആം ആദ്മി പാര്‍ട്ടിയിലേക്ക് എത്തിയത്. ഇപ്പോള്‍ ഔദ്യോഗികമായി ആം ആദ്മിയുടെ സംസ്ഥാനത്തെ ആദ്യ ജനപ്രതിനിധിയായി. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനായിരുന്നു ബീന കുര്യന്‍. ആം ആദ്മി പാര്‍ട്ടിയെന്ന ആശയം രൂപപ്പെടുന്ന സമയത്താണ് ഡല്‍ഹിയില്‍ നിന്നും ബീന നാട്ടിലെത്തിയത്. തുടര്‍ന്ന് മരിയ ലാബ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെങ്കിലും അവിടയെുണ്ടായ രാഷ്ട്രീയ മാറ്റവും ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനവുമെല്ലാം ബീനയുടെ ശ്രദ്ധയിലുണ്ടായിരുന്നു. പ്രത്യേകിച്ചും തന്നെ പോലെയുള്ള മധ്യവര്‍ഗ്ഗക്കാര്‍ക്കു വേണ്ടി നടപ്പാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍. ജനങ്ങള്‍ക്കു വേണ്ടിയുള്ള കേജരിവാളിന്റെ പ്രവര്‍ത്തനം കേരളത്തിലും എത്തിക്കുക എന്ന ആഗ്രഹത്തോടെയാണ് ആം ആദ്മിയില്‍ അംഗമായതെന്ന് ബീന കുര്യന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാതെയാണ് പ്രവര്‍ത്തനം തുടങ്ങിയത്. കരിങ്കുന്നം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. യുഡിഎഫ് സ്ഥിരമായി വിജയിക്കുന്ന മണ്ഡലം. പത്ത് വോട്ട് മാത്രമാണ് ആം ആദ്മിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളത്. തിരഞ്ഞെടുപ്പിലെ വെല്ലുവിളികളെ കുറിച്ച് ബീന കുര്യന്‍ പറയുന്നതിങ്ങനെ. പ്രചരണത്തിന്റെ ഭാഗമായി ജനങ്ങളുടെ അടുത്ത് എത്തിയപ്പോള്‍ ലഭിച്ച പിന്തുണയാണ് ആത്മവിശ്വാസം നല്‍കിയത്. മാറി മാറി ഭരിക്കുന്ന മുന്നണികളില്‍ നിന്ന് ജനം ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. അതാണ് നാല് വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള തന്റെ വിജയം. ജനങ്ങളുടെ ആവശ്യം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ബീനയുടെ തീരുമാനം.
അരവിന്ദ് കേജരിവാളിന്റെ അഭിനന്ദനത്തില്‍ ഏറെ സന്തോഷമുണ്ട്. കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചതു പോലെ ഈ വിജയം കേരളത്തിലെ എല്ലാ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നു. ഇത് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തിന്റെ തുടക്കം മാത്രമാണെന്നും ബീന പറഞ്ഞു. മെഡിക്കല്‍ സ്റ്റോര്‍ നടത്തുന്ന ഭര്‍ത്താവ് ബോബി എബ്രഹാമും മക്കളായ സാലസ് ബോബി, ജൂലിയന്‍ ബോബി, ഹന്ന ബോബി എന്നിവരടങ്ങിയതാണ് ബീനയുടെ കടുംബം. ജനസേവനം തൊഴിലാക്കാനില്ല. ലാബ് നടത്തിപ്പുമായി തന്നെ മുന്നോട്ട് പോകുമെന്നും ബീന പറഞ്ഞു.
കോണ്‍ഗ്രസിന്റെ കൈവശമുണ്ടായിരുന്ന സീറ്റാണ് ബീന പിടിച്ചെടുത്തത്. ബീന കുര്യന്‍- 202, യുഡിഎഫിലെ സോണിയ ജോസ്- 198, എല്‍ഡിഎഫിലെ സതി ശിശുപാലന്‍- 27 എന്നിങ്ങനെയാണ് വോട്ട് നില. പഞ്ചായത്ത് ഭരണത്തെയൊന്നും ഈ വിജയം ബാധിക്കില്ലെങ്കിലും ആം ആദ്മിക്ക് പുത്തന്‍ ഉണര്‍വാകുമെന്നുറപ്പാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here