ലോക മുതലാളി ജോർജ് സോറോസും രാഹുൽ ഗാന്ധിയും തമ്മിലെന്ത്? ബിജെപി എന്തിനാണ് ഇയാളെ ശത്രുവായി പ്രഖ്യാപിച്ചത്?

കഴിഞ്ഞ രണ്ടു മൂന്ന് പാർലമെൻ്റ് സമ്മേളനങ്ങളിലായി ബിജെപി അംഗങ്ങൾ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൻ്റെ ഭാഗമായി നിരന്തരം ഉയർത്തുന്ന പേരുകളിലൊന്നാണ് ജോർജ് സോറോസ് ( George Soros). കഴിഞ്ഞ ദിവസവും ബിജെപി അംഗങ്ങളായ നിഷികാന്ത് ദുബേ, സംബിത് പാത്ര എന്നിവർ രാഹുൽ ഗാന്ധിക്ക് ജോർജ് സോറോസുമായി അടുത്ത ബന്ധമുണ്ടെന്നും അയാളെ ഉപയോഗിച്ച് ഇന്ത്യയെ തകർക്കാൻ ശ്രമിക്കയാണെന്നും ആരോപിച്ചിരുന്നു.

സോറോസിന്റെ സഹായത്തിൽ പ്രവർത്തിക്കുന്ന ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്ട് (Organized Crime and Corruption Reporting Projetc( OCCRP)) എന്ന മാധ്യമസംഘടനയും കോൺഗ്രസും ഒറ്റക്കെട്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. ഒസിസിആർപിയുടെ നേതൃത്വത്തിലാണ് അദാനിക്കെതിരെയുള്ള ഹിൻഡൻ ബർഗ് റിപ്പോർട്ട് പുറത്തു കൊണ്ടുവന്നത്. കോൺഗ്രസും സോറോസും ചേർന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ മുന്നേറ്റവും പാർലമെന്റിന്റെ നടത്തിപ്പും താളം തെറ്റിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഇരുസഭയിലും ബിജെപി ഉന്നയിച്ചിരുന്നു. “കോൺഗ്രസ് കാ ഹാത്ത് സോറോസ് കേ സാത്ത് ( കോൺഗ്രസിൻ്റെ കൈ സോറോസിൻ്റെ ഒപ്പം) എന്ന മുദ്രാവാക്യമാണ് ബിജെപി അംഗങ്ങൾ ലോക്സഭയിൽ രാഹുലിനെതിരെ മുഴക്കിയത്. രാഹുൽഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും പേരെടുത്ത് പറഞ്ഞുള്ള ആരോപണങ്ങളിൽ കോൺഗ്രസ് പ്രതിഷേധമുയർത്തിയിരുന്നു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ജർമ്മനിയിലെ മ്യൂണിച്ചിൽ ലോക സുരക്ഷയെ ക്കുറിച്ച് നടന്ന കോൺഫ്രൻസിൽ (Munich Security Conference (MSC)) ജോർജ് സോറോസ് ബിജെപി സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ അതിരൂക്ഷ വിമർശനമുയർത്തിയിരുന്നു. മോദിയുടേയും അദാനിയുടേയും വിധി പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണെന്നും, ഓഹരി വിപണിയില്‍ അദാനി നേരിടുന്ന പ്രതിസന്ധിക്ക് മോദി ഉത്തരം പറയേണ്ടി വരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അദാനി ഓഹരി വിവാദം മോദിക്ക് തിരിച്ചടിയാകുമെന്നും ഈ സംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നവോത്ഥാനത്തിന് തുടക്കം കുറിക്കുമെന്ന സോറോസിന്റെ പരാമര്‍ശമാണ് ബിജെപിയെ ചൊടിപ്പിച്ചത്. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ മോദി, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാന്‍ പദ്ധതിയിടുകയാണെന്ന പരാമര്‍ശം കൂടിവന്നതോടെ ജോര്‍ജ്ജ് സോറോസിനെ ബിജെപിയും സംഘപരിവാറും കടുത്ത ശത്രുവായി കണ്ടു തുടങ്ങി.

ആരാണീ കോടീശ്വരനായ ജോർജ് സോറോസ് , എന്താണ് അയാളുടെ പണി?

ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയില്‍ വരുന്ന പേരാണ് ജോര്‍ജ് സോറോസ്. 2021 ലെ കണക്കനുസരിച്ച് ആറ് ലക്ഷം കോടി രൂപയാണ് ജോർജ് സോറോസിൻ്റെ ആസ്തി മൂല്യം. ലോകമെമ്പാടും ജൂത വിദ്വേഷം പടര്‍ന്ന കാലത്ത് നാസികളെ ഭയന്ന് ലണ്ടനിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. ഭയന്നോടിയ കാലത്തു നിന്നും ലോകത്തെ വിലക്കെടുക്കാന്‍ സാധിക്കുന്ന സമ്പന്നതയിലേക്ക് അദ്ദേഹം എത്തി ചേര്‍ന്നു.

1930 ൽ ഹംഗറിലെ ബൂഡാപെസ്റ്റിലെ സമ്പന്ന ജൂത കുടുംബത്തിലാണ് ജനനം. നാസി പീഡന കാലത്ത് മാതാപിതാക്ക ൾക്കൊപ്പം ബ്രിട്ടനിലേക്ക് കുടിയേറി. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പഠനത്തിന് പണം സമ്പാദിക്കാൻ റെയിൽവേ പോർട്ടറായും വെയിറ്ററായും സോറോസ് ജോലി ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിന് ശേഷം 1956 ൽ ലണ്ടനിൽ നിന്ന് പുതിയ മേച്ചിൽപ്പുറം തേടി അമേരിക്കയിലേക്ക് കുടിയേറി. 1970 ൽ അതായത് തൻ്റെ 40 മത്തെ വയസിൽ സോറോസ് ഓഹരി വ്യാപാര – സാമ്പത്തിക രംഗങ്ങളിലെ മിടുക്കനായ നിക്ഷേപകനായി പേരെടുത്തു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വെച്ചടി വെച്ചടി കേറ്റം. ഒപ്പം സഹാനുഭൂതിയുള്ള ഉദാരമതിയായും അദ്ദേഹം അറിയപ്പെട്ടു തുടങ്ങി.

ലോക വ്യാപകമായി നിരവധി ഫൗണ്ടേഷനുകൾ സ്ഥാപിച്ച് വിവിധ സാമൂഹ്യ പദ്ധതികൾക്ക് അദ്ദേഹം പിന്തുണ നൽകി. 1979ൽ വർണ വിവേചനം കൊടികുത്തി വാണ ദക്ഷിണാഫ്രിക്കയിലെ കറുത്ത വർഗക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ സോറോസ് സ്ഥാപിച്ചു. ഇന്നിപ്പോ 120 രാജ്യങ്ങളിലായി കോടിക്കണക്കിന് രൂപയാണ് ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ പ്രതിവർഷം സന്നദ്ധ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത്.
നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനമെടുന്നതില്‍ വിദഗ്ദ്ധനായിരുന്നു സോറോസ്. ഇതോടെ അദ്ദേഹം സാമ്പത്തിക രംഗത്തെ ശക്തമായ സാന്നിദ്ധ്യമായി അതിവേഗം മാറി.

രാഹുൽ ഗാന്ധിയും സോറോസും തമ്മിലെന്ത് ?

ബിജെപി ആരോപിക്കുന്നതു പോലെ രാഹുൽ ഗാന്ധിയും ജോർജ് സോറോസും തമ്മിൽ എന്തെങ്കിലും ഇടപാടുണ്ടോ ? 2000 നവംബർ 13 ന് ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഫിനാൻഷ്യൽ ടൈംസ് പത്രത്തിൽ ജോർജ് സോറോസിൻ്റെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മോദി ഭരണകാലത്ത് വ്യവസായിയായ അദാനിക്ക് ലഭിക്കുന്ന അമിത പ്രാധാന്യവും അമിതാധികാര ഇടപെടലുകളുമൊക്കെ സോറോസ് ലേഖനത്തിൽ എടുത്ത് പറഞ്ഞിരുന്നു.

ഫിനാൻഷ്യൽ എക്സ്പ്രസ് ലേഖനത്തിൻ്റെ ചുവടുപിടിച്ച്‌ രാഹുൽ ഗാന്ധി അദാനിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച്ന്നു രംഗത്തുവന്നു. യൂറോപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന അന്വേഷണാത്മക പത്രപ്രവർത്തകരുടെ സംഘടനയായ ഒസിസിആർപിക്ക് സോറോസ് ഫൗണ്ടേഷൻ്റെ സാമ്പത്തിക സഹായങ്ങൾ ലഭിക്കുന്നുണ്ട്. ഒസിസിആർപിയുടെ നേതൃത്വത്തിലാണ് ഇസ്രയേൽ ചാര സോഫ്റ്റ് വെയറായ പെഗാസസ് ബിജെപി സർക്കാർ വ്യാപകമായി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടേയും മാധ്യമ പ്രവർത്തകരുടേയും ഫോൺ ചോർത്തുന്നുവെന്ന വാർത്തയും ഹിൻഡൻ ബർഗ് റിപ്പോർട്ടുമൊക്കെ പുറത്തു കൊണ്ടു വന്നത്. ഈ രണ്ട് റിപ്പോർട്ടുകളും മോദി സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു.

അദാനിയുമായി ബന്ധപ്പെട്ട് ഏഴോളം പ്രധാനപ്പെട്ട റിപ്പോർട്ടുകൾ ഒസിസിആർപി പുറത്തു കൊണ്ടുവന്നിരുന്നു. അദാനിയെ ആക്രമിക്കുന്നതിലൂടെ ഇന്ത്യയെ തകർക്കാനാണ് സോറോസ് ശ്രമിക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. രാഹുൽ ഗാന്ധി നിരന്തരം അമേരിക്കയിലും ബ്രിട്ടനിലും പോകുന്നത് സോറോസിനെ കാണാനാണെന്നു പോലും ബിജെപി ആരോപിക്കുന്നുണ്ട്.

1999 മുതൽ സോറോസിൻ്റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഫൗണ്ടേഷൻ്റെ വൈസ് പ്രസിഡൻ്റ് സലീൽ ഷെട്ടി 2023 ൽ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത് സോറോസിൻ്റെ നിർദ്ദേശ പ്രകാരമാണെന്നാണ് ബിജെപിയുടെ ആക്ഷേപം.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്ത്, സാമ്പത്തിക യുദ്ധക്കുറ്റവാളിയായി രാജ്യം വിശേഷിപ്പിച്ചയാളാണ് ജോര്‍ജ്ജ് സോറോസെന്നും, ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള തന്റെ ആഗ്രഹം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നുമാണ് ബിജെപി പൊതുവില്‍ ഉയര്‍ത്തുന്ന വിമര്‍ശനം. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരിനെ താഴെ ഇറക്കാനും തനിക്കു പ്രിയപ്പെട്ടവരെ ഭരണമേല്‍പ്പിക്കാനുമുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമായാണ് ഈ പരാമര്‍ശത്തെ കാണേണ്ടതെന്ന വാദവും ബിജെപി ഉന്നയിക്കുന്നു.

ബിജെപി യുടെ വാദങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും 94കാരനായ സോറോസ് കടുത്ത ജനാധിപത്യവാദിയാണ്. സാമ്പത്തിക രംഗത്തെ പ്രഗല്‍ഭനാണെങ്കിലും രാഷട്രീയ രംഗത്തും സജ്ജീവ സാന്നിധ്യമാണ്. ബരാക് ഒബാമ,ഹിലരി ക്ലിന്റണ്‍ , ജോ ബൈഡന്‍ എന്നീ അമേരിക്കന്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പിലും സോറോസ് അണിനിരന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top