ജെഎൻയു യൂണിയൻ നേതാവ് ധനഞ്ജയ് ചില്ലറക്കാരനല്ല; മൂന്ന് പതിറ്റാണ്ടിനു ശേഷം പ്രസിഡൻ്റാകുന്ന ദലിത് വിദ്യാർത്ഥി; ഇടത് സംഘടനകളുടെ തകർപ്പൻ വിജയം

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി ജവഹർലാൽ നെഹ്റു (ജെഎൻയു ) യൂണിവേഴ്സിറ്റിയിൽ നടന്ന സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടത് വിദ്യാർത്ഥി സംഘടനകൾ നേടിയത് തകർപ്പൻ വിജയം. ഡൽഹിയിലെ എല്ലാ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെയും സിരാകേന്ദ്രം ജെഎൻയു ആണെന്നാരോപിച്ചാണ് കഴിഞ്ഞ വർഷങ്ങളിൽ തിരഞ്ഞെടുപ്പുകൾ റദ്ദ് ചെയ്തത്.
ഭരണകക്ഷിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപിക്ക് നിലമൊരുക്കാനായാണ് വിദ്യാർത്ഥികളുടെ സംഘടനാ സ്വാതന്ത്ര്യം തന്നെ വിലക്കിയതെന്ന ആരോപണം ശക്തമായിരുന്നു.

രാജ്യം പൊതു തിരഞ്ഞെടുപ്പിൻ്റെ പടിക്കലെത്തി നിൽക്കുമ്പോഴാണ് രാജ്യത്തെ തലയെടുപ്പുള്ള സർവ്വകലാശാലയിലെ തിരഞ്ഞെടുപ്പ് നടന്നത്. വിവിധ ഇടത് വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് ചേർന്ന് ‘ഐസ’ എന്ന ചുരുക്കപ്പേരുള്ള ഓൾ ഇന്ത്യാ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള മുന്നണിയായാണ് മത്സരിച്ചത്. ഐസയുടെ കീഴിൽ എസ്എഫ്ഐ, എഐഎസ്എഫ്, ഡിഎസ്എഫ് എന്നീ വിദ്യാർത്ഥി സംഘടനകൾ ഒരുമിച്ച് ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ദളിത് വിദ്യാർത്ഥി ജെഎൻയു വിദ്യാർത്ഥി സംഘടനയുടെ തലപ്പത്ത് എത്തുന്നത്. 1996-97 കാലത്ത് ജെഎൻയു സ്റ്റുഡൻ്റ്സ് യൂണിയൻ പ്രസിഡൻ്റായ ബട്ടിലാൽ ബൈരാവയായിരുന്നു ധനഞ്ജയിൻ്റെ മുൻഗാമി. ഇത്തവണ ഐസയുടെ ബാനറിൽ മത്സരിച്ച ധനഞ്ജയ് 922 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എബിവിപി യുടെ ഉമേഷ്ചന്ദ്ര അജ്മീരയെ പരാജയപ്പെടുത്തിയത്. ബീഹാറിലെ പിന്നോക്ക പ്രദേശമായ ഗയയിൽ നിന്നുള്ള ധനഞ്ജയ് പോരാട്ടവീര്യത്തിൻ്റെ പര്യായമാണ്. പരിമിതമായ ജീവിത സാഹചര്യത്തിൽ നിന്ന് ഉയർന്ന മാർക്കോടെയാണ് ജെഎൻയുവിൽ ഗവേഷണത്തിന് ചേർന്നത്. സ്കൂൾ ഓഫ് ആർട്സ് ആൻ്റ് ഏസ്തെറ്റിക്സിൽ പിഎച്ച്ഡിക്ക് പഠിക്കുന്ന ധനഞ്ജയ് സർവ്വകലാശാലയിലെ കുട്ടികളുടെ അനിഷേധ്യ നേതാവായതിന് പ്രധാന കാരണം അദ്ദേഹം സ്വീകരിച്ച നിലപാടുകളാണ്.

വിദ്വേഷത്തിനും ജാതിചിന്തകൾക്കും അതീതമായി കുട്ടികൾ ഒരുമിച്ച് നിന്നതിൻ്റെ വിജയമാണ് തനിക്ക് ലഭിച്ച സ്ഥാനമെന്ന് ധനഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ധനഞ്ജയ് കുട്ടികളോടായി പറഞ്ഞ വാഗ്‌ദാനങ്ങളും വാക്കുകളും അവർ നെഞ്ചിലേറ്റി. വർത്തമാനകാല ജെഎൻയു സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഈ വാക്കുകൾ അവരെ വല്ലാതെ സ്വാധീനിച്ചു. ധനഞ്ജയയുടെ വാക്കുകൾ ഇങ്ങനെ….

ഫീസ് വർദ്ധനക്കെതിരെ ആരെങ്കിലും പോരാടിയെങ്കിൽ അത് ഇടത് വിദ്യാർത്ഥികൾ മാത്രമായിരുന്നു. വിജയിച്ചുവന്നാൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കും. ക്യാമ്പസിൽ ജല ലഭ്യത ഉറപ്പാക്കും, അടിസ്ഥാന സൗകര്യവികസനത്തിനായി മുന്നിട്ടിറങ്ങും, സ്കോളർഷിപ്പ് വർദ്ധനക്കായി ഇടപെടും എന്നിങ്ങനെയെല്ലാമായിരുന്നു ധനഞ്ജയും ഐസയും നൽകിയ ഉറപ്പുകൾ. എസ്എഫ്ഐ സ്ഥാനാർത്ഥിയും തൃശൂർ ഇരങ്ങാലക്കുട സ്വദേശിയുമായ ഗോപിക ബാബുവാണ് വിജയിച്ചവരിലെ ഏക മലയാളി. കൗൺസിലർ സ്ഥാനത്തേക്കായിരുന്നു ഗോപിക മത്സരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top