റാഗിംഗ്, അഴിമതി, ഭീഷണി… വനിതാ ഡോക്ടറുടെ മരണത്തിൽ തൃണമൂലിൻ്റെ അടുപ്പക്കാരന്‍ ഡോ സന്ദീപ് ഘോഷിന്‍റെ റോളെന്ത്‌

കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുൻ പ്രിൻസിപ്പൽ ഡോ സന്ദീപ് ഘോഷും സംശയത്തിൻ്റെ നിഴലിലാണ്. ഓർത്തോപീഡിക് പ്രഫസറായ അദ്ദേഹം എന്നും വിവാദങ്ങളുടെ തോഴനായിരുന്നു. ഫണ്ട് വെട്ടിപ്പ്, റാഗിംഗ് തുടങ്ങിയ നിരവധി സംഭവങ്ങളിൽ തൃണമൂൽ കോൺഗ്രസിൻ്റെ അടുപ്പക്കാരനായ ഈ ഡോക്ടറുടെ പേര് മുമ്പും ഉയർന്നു കേട്ടിട്ടുണ്ട്. ഈ മാസം 12ന് കൊലപാതകം നടന്നതിൻ്റെ മൂന്നാം ദിവസം പ്രതിഷേധങ്ങളെ തുടർന്ന് സന്ദീപ് ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം അദ്ദേഹത്തിന് കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി മമതാ ബാനർജി സർക്കാർ നിയമനം നൽകി.

നാഷണൽ മെഡിക്കൽ കോളേജിൻ്റെ വൈസ് പ്രിൻസിപ്പല്‍ ആയിരിക്കേയാണ് 2021ൽ സന്ദീപ് ഘോഷിന് ആർജി കർ മെഡിക്കൽ കോളേജിൻ്റെ മേധാവിയി സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഇതിന് ശേഷം അഴിമതി ആരോപണമുൾപ്പെടെ നിരവധി പരാതികൾ ഉയർന്നതിനെ തുടർന്ന് മൂർഷിദാബാദ് മെഡിക്കൽ കോളേജിലേക്ക് രണ്ട് തവണ സ്ഥലം മാറ്റി. എന്നാല്‍ തൻ്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കോളേജിലേക്ക് തന്നെ തിരികെ എത്തുകയായിരുന്നു. ബോയ്സ് ഹോസ്റ്റലിൽ ഉയർന്ന റാഗിംഗ് വിവാദങ്ങളെ തുടർന്നാണ് ആദ്യം സന്ദീപ് ഘോഷിനെ മാറ്റുന്നത്. ഇദ്ദേഹവുമായി അടുത്ത ബന്ധമുള്ള ട്രെയിനി വിദ്യാർത്ഥികൾ നടത്തിയ ഉപദ്രവങ്ങള്‍ പുറത്തുവന്നതിനെ തുടർന്നായിരുന്നു നടപടി.

ഭീഷണിയും സ്വാധീനവും ഉപയോഗിച്ച് പ്രിൻസിപ്പൽ ഉപദ്രവിച്ചിരുന്നുവെന്ന് നിരവധി ഡോക്ടർമാരും വിദ്യാർത്ഥികളും വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കുമായുള്ള സമിതിക്ക് പുറമേ ഹോസ്റ്റലുകൾക്കായി പ്രത്യേക കൗൺസിലുകൾ രൂപീകരിക്കാനുള്ള തീരുമാനത്തിനെതിരെ ഒരു മാസം നീണ്ടുനിന്ന പ്രതിഷേധവും വിദ്യാർത്ഥികൾ നടത്തിയിരുന്നു. ഫണ്ട് ദുരുപയോഗം, സംഭരണ ​​പ്രക്രിയകളിലെ ക്രമക്കേടുകൾ എന്നിവ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട വ്യക്തിയാണ് സിബിഐ കസ്റ്റഡിയിൽ എടുത്തിരിക്കുന്ന മുൻ പ്രിൻസിപ്പൽ. ഭീഷണിപ്പെടുത്തിയും ഭരണകക്ഷിയിലുള്ള തന്നെ സ്വാധീനമുപയോഗിച്ചും തനിക്കെതിരെയുള്ള പരാതികൾ ഈ വിവാദ ഡോക്ടർ ഒതുക്കി തീർക്കുകയായിരുന്നു.

മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ട വിദ്യാർത്ഥിനിയുടെ മരണത്തിൽ മുൻ പ്രിൻസിപ്പലിനും ബന്ധമുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ നടത്തിയ ശ്രമങ്ങളും പോലീസിന് നൽകിയ മൊഴികളിലെ വൈരുധ്യങ്ങളും ആശുപത്രി രേഖകളുമെല്ലാം സന്ദീപ് ഘോഷിനെ സംശയത്തിൻ്റെ മുൾമുനയിൽ ആക്കിയിരിക്കുകയാണ്. കേസിൽ കോളേജിലെ സിവിക് പോലീസ് വോളണ്ടിയര്‍ ആയിരുന്ന സഞ്ജയ്‌ റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top