ഡോക്ടറുടെ കൊലപാതകത്തില്‍ ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നത്? നടന്നത് കോടതിയില്‍ വെളിപ്പെടുത്തി സിബിഐ

കൊൽക്കത്ത ആർജി കർ സർക്കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടയിൽ നിർണായക ചോദ്യങ്ങളുമായി സുപ്രീം കോടതി. കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിൻ്റെ നടപടികളുമായി ബന്ധപ്പെടുത്തിയാണ് സുപ്രീം കോടതിയുടെ അന്വേഷണം. മൂന്ന് പ്രധാന സംശയങ്ങളാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി.പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സിബിഐയോട് ചോദിച്ചത്.

പതിനാല് മണിക്കൂറിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കാരണം എന്തായിരുന്നു എന്നതായിരുന്നു ആദ്യ ചോദ്യം. പ്രിൻസിപ്പൽ നേരിട്ട് വന്ന് എഫ്ഐആർ ഫയൽ ചെയ്യണമായിരുന്നു, അദ്ദേഹം ആരെയാണ് സംരക്ഷിക്കുന്നത് എന്നായിരുന്നു അടുത്ത ചോദ്യം. മൂന്നാമതായി സന്ദീപ് ഘോഷിനെ ജോലി രാജിവെച്ചതിന് ശേഷം മറ്റൊരു കോളേജില്‍ നിയമിച്ചിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.

അന്വേഷണം ഏറ്റെടുക്കുമ്പോൾ കൊലപാതകം നടന്ന സ്ഥലത്ത് മാറ്റങ്ങൾ വരുത്തി കേസ് അട്ടിമറിക്കാണ് ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടതായി കേന്ദ്ര ഏജൻസി ആരോപിച്ചു. സംസ്ഥാന പോലീസ് പിടിച്ചെടുത്ത വസ്തുക്കൾ എല്ലാം നൽകിയിരുന്നെങ്കിലും കൃത്യം നടന്ന സ്ഥലത്തിന് മാറ്റങ്ങൾ വരുത്തിയിരുന്നതിനാൽ അന്വേഷണത്തിന് വെല്ലുവിളി നേരിട്ടു. ഇരയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം രാത്രി വളരെ വൈകിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.

ALSO READ: റാഗിംഗ്, അഴിമതി, ഭീഷണി… വനിതാ ഡോക്ടറുടെ മരണത്തിൽ തൃണമൂലിൻ്റെ അടുപ്പക്കാരന്‍ ഡോ സന്ദീപ് ഘോഷിന്‍റെ റോളെന്ത്‌

അതേസമയം, ഓഗസ്റ്റ് 9ന് പുലർച്ചെ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പിജി വിദ്യാർത്ഥിനിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. അതിക്രൂരമായ ബലാത്സംഗത്തിന് ശേഷമാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടേയും മറ്റ് ഡോക്ടർമാരുടെയും പ്രതിഷേധം ഉയർന്നതോടെ ആഗസ്റ്റ് 12ന് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന സന്ദീപ് ഘോഷ് രാജിവെച്ചിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജിൻ്റെ മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ തീരുമാനം റദ്ദാക്കുകയായിരുന്നു.

സന്ദീപ് ഘോഷ് പറഞ്ഞതും ആശുപത്രി രേഖകളും തമ്മിൽ പൊരുതപ്പെടുന്നില്ലെന്ന് സിബിഐ ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടക്കുമ്പോൾ സന്ദീപ് ഘോഷ് എവിടെയായിരുന്നു, മരണ വിവരം അറിയിച്ചത് ആരാണ്, വീട്ടുകാരെ അറിയിക്കാൻ ആരെയാണ് ചുമതലപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള മറുപടികൾ വിശ്വസനീയമല്ലെന്നാണ് കേന്ദ്ര ഏജൻസി കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ സംഭവം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനാണ് സന്ദീപ് ഘോഷ് ശ്രമിച്ചതെന്ന ആരോപണവുമായി ഇരയുടെ മാതാപിതാക്കളും രംഗത്ത് വന്നിരുന്നു. കേസിൽ ആശുപത്രിയിലെ സിവിക് പോലീസ് വോളണ്ടിയര്‍ ആയിരുന്ന സഞ്ജയ്‌ റോയിയെ ലോക്കൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളല്ല യഥാർത്ഥ പ്രതി എന്നതടക്കമുള്ള ആരോപണങ്ങൾ ശക്തമാണ്. മകളെ കൊലപ്പെടുത്തിയവർ ഇപ്പോഴും ആശുപത്രിയിൽ തന്നെയുണ്ടെന്നായിരുന്നു വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ പ്രതികരണം. കേസിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് മുൻ പ്രിൻസിപ്പൽ ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നു എന്ന സംശയം സുപ്രീം കോടതിയും ഉന്നയിച്ചിരിക്കുന്നത്.

ALSO READ: നിർണായക കണ്ടെത്തെലുമായി സിബിഐ; വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ മുൻ പ്രിൻസിപ്പൽ കുടുക്കിലേക്കോ

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top