ആരാണ് ഹസൻ നസ്‌റല്ല? ഹിസ്ബുള്ള തലവൻ കൊല്ലപ്പെട്ടെന്നും ഇല്ലെന്നും വാദം; യാഥാര്‍ത്ഥ്യമെന്ത്…

ലെബനൻ തീവ്രവാദ സംഘനയായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതായി സംശയം. ഇന്നലെ വൈകിട്ട് തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ശേഷം നസ്റല്ലയുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ലെബനീസ് സംഘടനയുടെ അടുത്ത വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇയാളുടെ മകൾ കഴിഞ്ഞ ദിവസം നടന്ന വ്യോമാക്രമണത്തിൽ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് ഔദ്യാഗികമായി സ്ഥിരീകരിക്കാൻ ഹിസ്ബുള്ള തയ്യാറായിട്ടില്ല. 1997ൽ നസ്റല്ലയുടെ മകന്‍ ഹാദിയും ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

ആരാണ് ഹസൻ നസ്‌റല്ല?

1982 ലെ ലെബനനിലെ ഇസ്രയേൽ അധിനിവേശത്തെ തുടർന്ന് ഹിസ്ബുള്ള എന്ന സായുധസംഘടന സ്ഥാപിക്കുന്നത് മുഖ്യ പങ്കുവഹിച്ചയളാണ് ഹസന്‍ നസ്‌റല്ല. 1960 ഓഗസ്റ്റ് 31 ന് ബെയ്‌റൂട്ടിലെ ബുർജ് ഹമ്മൂദിലാണ് ജനനം. ചെറുപ്പം മുതലേ മതപഠനം നടത്തിയ അദ്ദേഹം ഷിയ വിഭാഗക്കാരുടെ അർദ്ധസൈനിക വിഭാഗമായ അമൽ മൂവ്‌മെൻ്റിൽ ചേർന്ന് പ്രവർത്തിച്ചു. ഇസ്രയേലിനെതിരായ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിൻ്റെ സഹായത്തോടെയാണ് ഹിസ്ബുള്ള സ്ഥാപിതമായത്. 1985 ൽ ഹിസ്ബുള്ള അമേരിക്കയെയും ഇസ്രയേലിനെയും ഇസ്ലാമിൻ്റെ ഏറ്റവും വലിയ ശത്രുക്കളായി ഹിസ്ബുള്ള പ്രഖ്യാപിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രേദേശങ്ങളെ ആക്രമിക്കുന്ന ഇസ്രയേലിനെ ഇല്ലാതാക്കുമെന്നും ആഹ്വാനം ചെയ്തു.

ഹിസ്ബുള്ള തലവനായ അബ്ബാസ് അൽ മുസാവിയെ ഇസ്രായേൽ സൈന്യം വധിച്ചതിനെത്തുടർന്ന് 1992 ഫെബ്രുവരി മുതൽ സംഘടനയുടെ സെക്രട്ടറി ജനറലായി. നസ്റല്ലയുടെ നേതൃത്വത്തിൽ നടത്തിയ ചെറുത്തു നിൽപ്പിനൊടുവിൽ 18 വർഷത്തെ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്നും പിൻവാങ്ങിയിരുന്നു. ഇതിനെ വലിയ വിജയമായി ഹിസ്ബുള്ള പ്രഖ്യാപിക്കുകയും പ്രദേശത്ത് സ്വാധീനമുറപ്പിക്കുകയും ചെയ്തു.


2006ൽ വീണ്ടും ഹിസ്ബുള്ള ഇസ്രായേലുമായി യുദ്ധം ആരംഭിച്ചു. 34 ദിവസം നീണ്ട് നിന്ന സംഘർഷത്തിൽ ഇരുവശത്തും കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇതിൻ്റെ ഫലമായി ഇരുകൂട്ടരും ആക്രമണം നിർത്തിവച്ചു. ഇത്തവണ വലിയൊരു കടന്നാക്രമണം നടത്തി ഇസ്രായേൽ സേനയ്ക്ക് തിരിച്ചടിക്കാൻ കഴിയാത്തത് ഹിസ്ബുള്ളയുടെ വിജയമാണെന്ന് നസ്റല്ല വിശേഷിപ്പിച്ചു. അതിനുശേഷം ഇറാൻ്റെ പിന്തുണയോടെ ഹിസ്ബുള്ള അതിൻ്റെ സൈനിക ശേഷി വർദ്ധിപ്പിച്ചു. ഇസ്രയേലിൻ്റെ അധിനിവേശത്തിനെതിരെ നടക്കുന്ന പോരാട്ടത്തിന് പലസ്തീന് പൂർണ പിന്തുണയാണ് നസ്റല്ല നൽകിയത്. സമീപകാലത്ത് ഇസ്രായേലും പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായുള്ള സംഘർഷത്തിൽ ഹിസ്ബുള്ള നിർണായക ഇടപെടലുകൾ നടത്തി.

ലെബനൻ അതിർത്തിയിലെ ഇസ്രയേൽ സൈനിക പോസ്റ്റുകൾക്ക് ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന് ഹിസ്ബുള്ള പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ ശക്തമായ യുദ്ധം ആരംഭിക്കുന്നത്. ഇസ്രയേൽ കമാൻഡർമാരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് പിന്നീട് ലെബനനിൽ ഇസ്രയേൽ നടത്തിയത്. കഴിഞ്ഞ ജൂലൈയിൽ നടത്തിയ ആക്രമണത്തിൽ ഉന്നത കമാൻഡർ ഫൗദ് ഷുക്റിനെ (അൽ-ഹജ്ജ് മൊഹ്‌സിൻ) അടക്കും ഒരു ഡസനിലേറെ മുതിർന്ന നേതാക്കളെ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.

കൊല്ലപ്പെട്ടില്ലെന്നും വാദം

അതേസമയം ഹസൻ നസ്‌റല്ലയുടെ കൊല്ലപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. നസ്‌റല്ല പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായും ടെഹ്റാനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നസ്‌റല്ലയെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു വ്യോമക്രമണമെന്ന റിപ്പോർട്ടുകളും ഇറാൻ നിഷേധിച്ചു. നസ്‌റല്ലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികളും സ്വീകരിച്ചുവരുന്നതായും മുതിർന്ന ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top