ഫൗദ് ഷുക്ര്‍ വധത്തിന് ഹിസ്ബുള്ളയുടെ പ്രതികാരം; 42കോടി തലയ്ക്ക് വിലയിട്ടത് അമേരിക്ക; കൊന്നത് ഇസ്രയേൽ
കഴിഞ്ഞ മാസം 30ന് ബെയ്‌റൂട്ടിൽ തങ്ങളുടെ മുതിർന്ന കമാൻഡർ ഫൗദ് ഷുക്റിനെ (അൽ-ഹജ്ജ് മൊഹ്‌സിൻ) കൊലപ്പെടുത്തിയതിന് പ്രതികാരമായി ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള ഇന്ന് ഇസ്രായേലിനെ ആക്രമിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 7 മുതൽ ആരംഭിച്ച സംഘർഷത്തിനിടയിൽ ഹിസ്ബുള്ള നടത്തിയ ഏറ്റവും വലിയ ആക്രമണമാണ് ഇന്ന് വടക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് നടന്നത്. സാധാരണ പൗരൻമാരെ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തിന് ശേഷം ഇസ്രയേലിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ലെബനൻ സംഘടനയുടെ നീക്കം തകർത്തെങ്കിലും തുടർന്നാക്രമണം മുന്നിൽക്കണ്ടാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇസ്രായേലിന്‍റെ കൈവശമിരിക്കുന്ന ഗോലാൻ കുന്നുകളിലെ മജ്ദൽ ഷംസില്‍ കഴിഞ്ഞമാസം 27ന് നടത്തിയ മിസൈൽ ആക്രമണത്തിൽ ദുറൂസ് (Druze) മത വിഭാഗത്തില്‍പ്പെട്ട 12 കുട്ടികൾ മരിച്ചിരുന്നു. ഇതിനെതിരെ ഇസ്രയേൽ നടത്തിയ തിരിച്ചടിയായിരുന്നു ഫൗദ് ഷുക്റിന്‍റെയും ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെയും വധം. ഇതാണ് ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ ചൊടിപ്പിച്ചത്. ജൂത രാഷ്ട്രത്തിനെതിരായ പ്രതികാരത്തിൻ്റെ ‘ആദ്യ ഘട്ടം’ പൂർത്തിയാക്കി എന്നാണ് ഇന്നത്തെ ആക്രമണ ശേഷം ഹിസ്ബുള്ള പ്രതികരിച്ചതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആരായിരുന്നു ഹിസ്ബുള്ള കമാൻഡർ ഫൗദ് ഷുക്ർ
‘അൽ-ഹജ്ജ് മൊഹ്‌സിൻ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഫൗദ് ഷുക്ർ ഹിസ്ബുള്ളയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. 1982 ലെ ഇസ്രയേൽ അധിനിവേശത്തിൻ്റെ സമയത്താണ് ഈ തീവ്രവാദ സംഘടന രൂപം കൊള്ളുന്നത്. 2008ൽ ഡമാസ്‌കസിൽ കൊല്ലപ്പെട്ട മുൻ സൈനിക കമാൻഡർ ഇമാദ് മുഗ്നിയയുടെ ഏറ്റവും അടുത്തയാളായിരുന്നു. ഇമാദിൻ്റെ മരണശേഷമാണ് ഷുക്ർ സംഘടനയില്‍ ശക്തനാവുന്നത്.
1983ൽ ബെയ്‌റൂട്ടിലെ യുഎസ് മറൈൻ ബാരക്കുകൾക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ 241 സൈനികർ കൊല്ലപ്പെട്ടതിൽ ഷുക്റിന് മുഖ്യപങ്കുണ്ടെന്ന് അമേരിക്ക ആരോപിച്ചിരുന്നു. മിഡിൽ ഈസ്റ്റിൽ അമേരിക്ക നേരിട്ട ഏറ്റവും ശക്തമായ തിരിച്ചടികളിൽ ഒന്നായിരുന്നു ഇത്. റിവാർഡ് ഫോർ ജസ്റ്റിസ് എന്ന പരിപാടിയിലൂടെ ഹിസ്ബുള്ള നേതാവിൻ്റെ തലയ്ക്ക് യുഎസ് സർക്കാർ 5 മില്യൺ ഡോളർ (42 കോടി രൂപ) വരെ ഇനാം പ്രഖ്യാപിച്ചിരുന്നു.
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ സൈന്യത്തിൻ്റെ സീനിയർ മിലിട്ടറി കമാൻഡറായിരുന്ന ഇയാൾ ഗ്രൂപ്പിൻ്റെ ഏറ്റവും ഉയർന്ന സൈനിക സംഘടനയായ ജിഹാദ് കൗൺസിലിൽ അംഗമായിരുന്നു. സിറിയയിലെ ഹിസ്ബുള്ളയുടെ സൈനിക ഇടപെടലുകളിലും നിർണായക റോൾ ഉണ്ടായിരുന്നു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് പ്രസിഡൻ്റ് ബാഷർ അൽ അസദിനെ ഹിസ്ബുള്ള പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഷുക്റായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here