ആരാണ് യഹോവ സാക്ഷികള്‍, എങ്ങനെയാണ് മറ്റ് ക്രൈസ്തവ സഭകളില്‍ നിന്ന് ഇവര്‍ വ്യത്യസ്തമായി നില്‍ക്കുന്നത് ? ദേശീയഗാനാലാപന കേസും യഹോവ സാക്ഷികളും
തിരുവനന്തപുരം : കളമശേരി സ്‌ഫോടനത്തിന്റെ പശ്ചത്തലത്തില്‍ എല്ലാ കോണില്‍ നിന്നും ആകാംക്ഷയോടെ ചോദിച്ച ചോദ്യം യഹോവ സാക്ഷികളെ കുറിച്ചുള്ളതായിരുന്നു. അംഗസംഖ്യയില്‍ കേരളത്തില്‍ തുലോം കുറവുള്ള വിശ്വാസ സമൂഹമാണ് യഹോവ സാക്ഷികള്‍. മുഖ്യധാര ക്രൈസ്തവരില്‍ നിന്ന് വ്യത്യസ്തമായ വിശ്വാസം പിന്‍തുടരുന്നവരാണിവര്‍. രാജ്യാന്തര ക്രിസ്തീയ മതവിഭാഗമാണ് യഹോവയുടെ സാക്ഷികള്‍. ചാള്‍സ് റ്റെയ്‌സ് റസ്സല്‍ എന്ന അമേരിക്കന്‍ ബൈബിള്‍ ഗവേഷകനാണ് 1876ല്‍ സ്ഥാപിച്ച ബൈബിള്‍ വിദ്യാര്‍ഥികള്‍ എന്ന നിഷ്പക്ഷ ബൈബിള്‍ പഠന സംഘടനയാണ് പില്‍ക്കാലത്ത് യഹോവാ സാക്ഷികളായി രൂപം പ്രാപിച്ചത്. ബൈബിളിനെ മാത്രം അടിസ്ഥാനപ്പെടുത്തിയുളളതാണ് വിശ്വാസം.ലോകത്താകെ രണ്ടു കോടിയോളം വിശ്വാസികള്‍ ഉളളതായി കണക്കാക്കപ്പെടുന്നു. ഈ മത വിഭാഗത്തില്‍പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരത്തിന് എത്തിയത് 1905 ലാണ്. 1911 ല്‍ ആദ്യകാല പ്രചാരകന്‍ റ്റി.സി റസല്‍ തിരുവനന്തപുരം ജില്ലയില്‍ പ്രസംഗിച്ച സ്ഥലം റസല്‍പുരം എന്നറിയപ്പെടുന്നു. സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവാ സാക്ഷികളുണ്ടെന്നാണ് കണക്ക്. ഇവര്‍ ക്രിസ്മസ് , ഈസ്റ്റര്‍ , ജന്മദിനം എന്നിവ ആഘോഷിക്കാറില്ല. സൈനിക സേവനം നടത്താനുളള വിമുഖതയും ദേശീയ പതാകയെ വന്ദിക്കാത്ത സമീപനവും ദേശീയ ഗാനമാലപിക്കാത്തതും പല രാജ്യങ്ങളിലും നിയമയുദ്ധങ്ങള്‍ക്കും മതവിഭാഗത്തിന്റെ നിരോധനത്തിനും കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് യഹോവ സാക്ഷികളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ അവരുടെ വിശ്വാസം സ്ഥാപിച്ച് കിട്ടുന്നതിനു വേണ്ടി നടത്തിയ നിയമ നടപടികള്‍ ഭരണഘടനയുടെ മൗലികാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. 1985 ജൂലൈ 26ന് കോട്ടയം കിടങ്ങൂരിലെ എന്‍എസ്എസ് ഹൈസ്‌കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികളും സഹോദരങ്ങളുമായ ബിജോ, ബിനുമോള്‍, ബിന്ദു എന്നിവര്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കുകയോ പാടാന്‍ തയാറാവുകയോ ചെയ്യാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. പ്രധാനാധ്യാപികയാണ് അവരെ സസ്‌പെന്‍ഡ് ചെയ്തത്. യഹോവയല്ലാതെ മറ്റാരേയും സ്തുതിക്കുകയോ വാഴ്ത്തുകയോ ആരാധിക്കുകയോ ചെയ്യില്ലെന്ന വിശ്വാസ പ്രമാണം പിന്‍തുടരുന്നതു കൊണ്ട് ദേശീയഗാനം ആലപിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
യഹോവ സാക്ഷികള്‍ പൊതുവേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിനോ ദേശീയ പതാകയെ അഭിവാദ്യം ചെയ്യാനോ വിശ്വാസം അനുവദിക്കുന്നില്ല. സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന എല്ലാവരും നിര്‍ബന്ധമായും ദേശിയഗാനം പാടണമെന്ന് 1985ല്‍ അധികൃതര്‍ നിലപാടെടുത്തതോടെയാണ് ഈ മൂന്ന് സഹോദരങ്ങളും പ്രതിസന്ധിയിലായത്. കുട്ടികള്‍ നിര്‍ബന്ധമായും ദേശിയഗാനം ആലപിച്ചേ മതിയാകുവെന്ന സ്‌കൂള്‍ അധികാരികള്‍ നിലപാടെടുത്തതോടെ പ്രശ്‌നം നിയമസഭയിലും കോടതിയിലുമെത്തി. ദേശീയഗാനം ആലപിക്കാന്‍ അവില്ലെന്ന് കുട്ടികളും അവരുടെ മാതാപിതാക്കളും നിലപാടെടുത്തതോടെ മൂന്നുപേരേയും സ്‌കൂളില്‍ നിന്ന് പുറത്താക്കി.
കുട്ടികളുടെ പിതാവ് പ്രൊഫ ഇമ്മാനുവേല്‍ മാന്നാനം കെ.ഇ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. ദേശീയഗാനം ആലപിക്കാതിരിക്കുന്നത് മത വിശ്വാസത്തിന്റെ ഭാഗമാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ചൂണ്ടികാട്ടി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ പരാതി തള്ളി കളഞ്ഞു. ഇതേതുടര്‍ന്ന് ഇമ്മാനുവേലും കുട്ടികളും സുപ്രീം കോടതിയെ സമീപിച്ചു. 1986 ഓഗസ്റ്റ് 11ന് ജസ്റ്റിസ് ഒ.ചിന്നപ്പറെഡ്ഡി കുട്ടികള്‍ ദേശീയഗാനം ആലപിച്ചില്ലെങ്കില്‍ അത് അനാദരവല്ലെന്നും നിര്‍ബന്ധമായി ആലപിക്കണമെന്ന് നിയമില്ലെന്നും ഉത്തരവിട്ടു. യഹോവ സാക്ഷികള്‍ ഒരു രാജ്യത്തേയും ദേശീയഗാനം ആലപിക്കാറില്ല. അതവരുടെ മതപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളെ പുറത്താക്കിയ നടപടി ഭരണഘടനയുടെ 19(1(A)യുടെ ലംഘനമാണെന്ന് നിരീക്ഷിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here