ആരാണീ ജഡ്ജി? മാറിടത്തിൽ തൊട്ടാലും ബലാത്സംഗശ്രമമല്ലെന്ന് വിധിച്ച റാം മനോഹർ നാരായൺ മിശ്ര മുമ്പും വിവാദ നായകൻ

മാറിടത്തില്‍ കടന്ന് പിടിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ല എന്ന അലഹബാദ് ഹൈക്കോടതിയുടെ വിധിന്യായം ഇന്ത്യൻ ജുഡീഷറിക്കാകെ അവമതിപ്പ് ഉണ്ടാക്കുന്ന നിലയിലേക്ക് ചർച്ചയായി വളർന്നു. അതിനെതിരെ ഫയൽചെയ്ത ഒരു ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചതുമില്ല. തൊട്ടുപിന്നാലെയാണ് സ്വമേധയാ വിഷയത്തിൽ ഇടപെട്ട പരമോന്നത നീതിപീഠം ആ വിധി സ്റ്റേ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഈ വിവാദ ഉത്തരവ് പുറപ്പെടുവിച്ച അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത്.

ആരാണീ റാം മനോഹർ നാരായൺ മിശ്ര?

ഉത്തർപ്രദേശിലെ അലഹബാദ് ഹൈക്കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയാണ് ഇദ്ദേഹം. 1985ൽ നിയമത്തിൽ ബിരുദവും 1987ൽ ബിരുദാനന്തര ബിരുദവും നേടിയ ശേഷം 1990ൽ മുൻസിഫായി ചുമതലയേറ്റു. 2005ൽ അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചു. 2019ൽ ബാഗ്പട് ജില്ലാ സെഷൻസ് ജഡ്ജിയായി നിയമിതനായി. ഇതേ കാലത്ത് ജുഡീഷ്യൽ ട്രെയിനിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഡയറക്ടറായും ചുമതല വഹിച്ചു. 2022 ഓഗസ്റ്റ് 15ന് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ഉയർത്തപ്പെട്ടു. 2023 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി നിയമനം ലഭിച്ചു.

2021ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വാഹനത്തിൽ കയറ്റി ബലാത്സംഗത്തിന് ശ്രമിച്ചെന്ന കേസിലെ രണ്ടുപ്രതികളുടെ പേരിൽ പോക്സോ കുറ്റം ചുമത്തിയിരുന്നു. ഈ കേസിൽ വിചാരണാ കോടതി വിധിച്ച ശിക്ഷക്കെതിരായ അപ്പീലിലാണ് ജസ്റ്റിസ് റാം മനോഹർ നാരായൺ, മാറിടത്തിൽ പിടിക്കുന്നതും പൈജാമയുടെ ചരട് അഴിക്കുന്നതും ബലാത്സംഗമല്ലെന്ന് വിധിന്യായത്തിൽ എഴുതി വെച്ചത്. ഈ വിധിക്കെതിരെയാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ റദ്ദുചെയ്തത്.

ഇതാദ്യമായല്ല മനോഹർ നാരായൺ മിശ്ര ഇത്തരം മോശം വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നത്. ഭാര്യയെ അതിക്രൂരമായ ബലാൽസംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും വിധേയനാക്കിയ പ്രതി സൻജീവ് ഗുപ്തയുടെ കേസിൻ്റെ വിധിന്യായത്തിൽ പറഞ്ഞ നിരീക്ഷണങ്ങൾ ഇപ്പോഴത്തേതിലും ക്രൂരമായിരുന്നു. 18ന് മുകളിൽ പ്രായമുള്ള ഭാര്യയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ബലാൽസംഗത്തിൻ്റെ പരിധിയിൽ വരില്ല, ഭര്‍തൃബലാത്സംഗം ഇന്ത്യയില്‍ ഇതുവരെ കുറ്റകരമാക്കിയിട്ടില്ല, എന്നിങ്ങനെ ആയിരുന്നു അന്നത്തെ പരാമര്‍ശങ്ങൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top