ട്രംപിനൊപ്പം വീണ്ടും ലോറാ ലൂമർ; വിവാദ വനിതയുമായി ഒന്നിച്ചുള്ള സഞ്ചാരം ചർച്ചയാവുന്നു

അമേരിക്കൻ മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനൊപ്പം തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ലോറ ലൂമർ യാത്ര ചെയ്തത് ചർച്ചയാവുന്നു. ഡമോക്രാറ്റിക് സ്ഥാനാർത്ഥി കമല ഹാരിസുമായി നടന്ന പ്രസിഡൻഷ്യൽ സംവാദ വേദിക്കരികിലും ലോറയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെൻ്റർ ആക്രമണത്തിൻ്റെ വാർഷിക വേളയിൽ ന്യൂയോർക്ക് സിറ്റിയിലേക്കും പെൻസിൽവാനിയയിലെ ഷാങ്‌സ്‌വില്ലെയിലേക്കും ഒരുമിച്ച് യാത്ര ചെയ്തിരുന്നു.
കുപ്രസിദ്ധയായ ഗുഡാലോചന സിദ്ധാന്തക്കാരിയും തീവ്ര മുസ്ലിം – കറുത്ത വർഗ വിരുദ്ധയുമാണ് ലോറ ലൂമർ. ജൂലൈയിൽ നടന്ന ട്രംപിനെ വധിക്കാനുള്ള ശ്രമത്തിന് പിന്നിൽ പ്രസിഡൻ്റ് ജോ ബൈഡനാണെന്നും ഇവർ പ്രചരണം നടത്തിയിരുന്നു. നിരവധി വംശീയ വർഗീയ അധിക്ഷേപങ്ങൾ നടത്തി കുപ്രസിദ്ധിയാർജിച്ച ഇവരെ സോഷ്യൽ മീഡിയയായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും വിലക്കിയിരുന്നു. ഇപ്പോൾ ഗൂഢാലോചന സിദ്ധാന്തങ്ങളും കുടിയേറ്റ വിരുദ്ധ, മുസ്ലീം വിരുദ്ധ വീക്ഷണങ്ങളും എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള എക്സ് വഴിയാണ് പ്രചരിപ്പിക്കുന്നത്.
രണ്ട് ദിവസങ്ങൾക്ക് മുമ്പ് നടന്ന പ്രസിഡൻഷ്യൽ സംവാദത്തിന് തൊട്ടുമുമ്പ് കമലക്കെതിരെ വംശിയാധിക്ഷേപവും ഇവർ നടത്തിയിരുന്നു. ഇന്ത്യൻ വംശജയായ കമല പ്രസിഡൻ്റായാൽ വൈറ്റ് ഹൗസിൽ നിന്നും കറിയുടെ മണം ഉയരുമെന്നായിരുന്നു പ്രസ്താവന. ലോറയെ തൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ റോൾ നൽകാൻ 2023 ൽ ട്രംപ് തീരുമാനിച്ചിരുന്നു. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്നും എതിർപ്പ് ഉയർന്നതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കമല – ട്രംപ് സംവാദത്തിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥി ബ്ലൂടൂത്ത് ഇയർഫോൺ ഘടിപ്പിച്ച കമ്മൽ ധരിച്ചിരുന്നുവെന്ന വ്യാജ പ്രചാരണത്തിൻ്റെ പിന്നില്‍ ലോറയായിരുന്നു. ബുധനാഴ്ച രാവിലെ സോഷ്യൽ മീഡിയയിലുള്ള ലൂമറിൻ്റെ പോസ്റ്റിന് 1.3 ദശലക്ഷത്തിലധികം കാഴ്‌ചകളാണ് ലഭിച്ചത്. കമലയുടെ കമ്മലുകൾ നോവ എച്ച് 1 ഓഡിയോ ഇയർഫോണുകൾ ആണെന്നാണ് ലോറ അവകാശപ്പെട്ടത്. കാരണം അവ മുത്ത് കമ്മലുകൾ പോലെ ആണ് കാണപ്പെടുന്നത് എന്നായിരുന്നു പോസ്റ്റ്. കമല ഹാരിസിനെതിരായ തെറ്റായ ഈ പ്രചാരണം ഡൊണാൾഡ് ട്രംപ് ശരിവയ്ക്കുകയും ഷെയർ ചെയ്യുകയും ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here