ഒട്ടേറെ പുതുമകളുമായി നിയമനം; ഹിൻഡൻബർഗ് വിവാദത്തിലെ മാധബി സെബി അധ്യക്ഷ സ്ഥാനത്ത് എത്തിയ വഴി

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മേധാവി മാധബി പുരി ബുച്ചിനും ഭർത്താവ് ധവാൽ ബുച്ചിനും എതിരെ അമേരിക്കൻ ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ച് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തൽ പുതിയ വിവാദങ്ങൾക്ക് വഴിമരുന്ന് ഇട്ടിരിക്കുകയാണ്. സെബി മേധാവിക്കും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണം നിക്ഷേപിച്ച വിദേശ കമ്പനികളിൽ ഓഹരികൾ ഉണ്ടെന്നാണ് ഹിൻഡൻബർഗ് കണ്ടെത്തൽ.
സെബി അധ്യക്ഷയായതിന് രണ്ടാഴ്ചക്ക് ശേഷം 2022 മാർച്ച് 16ന് തൻ്റെ പേരിലുള്ള ഓഹരികൾ എല്ലാം ഭർത്താവ് ധവാൽ ബുച്ചിന് കൈമാറിയതായും ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പറയുന്നു. അതിനാലാണ് അവർ അദാനിക്കെതിരായ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാതിരുന്നത് എന്നാണ് അമേരിക്കൻ നിക്ഷേപ ഗവേഷണ സംഘത്തിൻ്റെ കണ്ടെത്തല്‍.
സെബിയുടെ മേധാബിയാകുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് മാധബി പുരി ബുച്. സ്വകാര്യ മേഖലയിൽ നിന്നും സെബി ചെയർപേഴ്സൺ ആകുന്ന ആദ്യ ആൾ, കേന്ദ്ര സർവീസിൽ നിന്നല്ലാതെ സെബിയുടെ അധ്യക്ഷയാകുന്ന ആദ്യവ്യക്തി, ഇങ്ങനെ ഒട്ടനവധി പ്രത്യേകതകളുമായിട്ടാണ് 2022 ൽ മാധബി പുരി ബുച് സെബിയുടെ അധികാരം ഏറ്റെടുക്കുന്നത്.
1966 ൽ മുംബൈയിൽ ജനിച്ച മാധബി പുരി ബുച് മുംബൈയിലെ ഫോർട്ട് കോൺവെൻ്റ് സ്‌കൂളിൽ നിന്നും ഡൽഹിയിലെ കോൺവെൻ്റ് ഓഫ് ജീസസ് ആൻഡ് മേരി സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അവർ പിന്നീട് ഐഐഎം അഹമ്മദാബാദിൽ എംബിഎയ്ക്ക് ചേർന്നു. 1987 ൽ എഫ്എംസിജി മൾട്ടിനാഷണൽ യൂണിലിവറിൽ ഡയറക്ടറായിരുന്ന ധവാൽ ബുച്ചിനെ വിവാഹം കഴിച്ചു. ഐസിഐസിഐ ബാങ്കിൽ നിന്നാണ് ബുച് തൻ്റെ കരിയർ ആരംഭിക്കുന്നത്.
ഐസിഐസിഐ ബാങ്കിൻ്റെ ബോർഡിൽ എക്സിക്യൂട്ടീവ് ഡയറക്ടർ, ഐസിഐസിഐ സെക്യൂരിറ്റീസ് മാനേജിങ് ഡയറക്‌ടർ, ചൈനയിലെ ഷാങ്ഹായ് ന്യൂ ഡവലപ്‌മെൻ്റ് ബാങ്ക് കൺസൾട്ടൻ്റ്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസിഫിക് പിസിപിറ്റലിൻ്റെ സിംഗപ്പൂർ മേധാവി, നാല് വർഷം വർഷം സെബി ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ കൈകാര്യം ചെയ്തതിന് ശേഷമാണ് അവർ സെബിയുടെ നിയന്ത്രിക്കാൻ ചുമതലയേറ്റത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് അജയ് ത്യാഗിയുടെ പകരക്കാരിയായി 2022 മാർച്ച് രണ്ടിന് മാധബിയെ നിയമിച്ചത്. മൂന്ന് വർഷമാണ് കാലാവധി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here