ഒളിമ്പിക് മെഡൽ വെടിവച്ചിട്ട മനു ഭാകർ ആരാണ്? ഹരിയാനക്കാരിയുടെ നേട്ടങ്ങൾ ഇതുവരെ
2024 പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മനു ഭാകറിൻ്റെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. 2002 ഫെബ്രുവരി 18 ന് ഹരിയാനയിലെ ജജ്ജാർ ജില്ലയിലെ ഗോറിയയിലാണ് മനു ഭേകർ ജനിച്ചത്. മർച്ചൻ്റ് നേവിയിൽ ചീഫ് എഞ്ചിനീയറായ രാം കിഷൻ ഭേകറിൻ്റെയും സുമേധാ ഭേകറിൻ്റെയും മകളാണ്. മുൻ ഇന്ത്യൻ ഷൂട്ടർ ജസ്പാല്‍ റാണയാണ് മനുവിൻ്റെ വ്യക്തിഗത പരിശീലകൻ.
20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിച്ച മനു ഭാകര്‍.2004ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ നിലവില ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലക സുമ ഷിരൂരാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇതിന് മുമ്പ് ഫൈനലില്‍ പ്രവേശിച്ചത്.
ഇരുപത്തിരണ്ട് വയസിനിടയിൽ ഇന്ത്യയുടെ ഷൂട്ടിംഗ് താരോദയമായി മനു ഭാകര്‍ നിരവധി തവണ ചർച്ച ചെയ്യപ്പെട്ടിരുന്നു. 2017ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. പിന്നീട് മെക്‌സികോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം. ഐഎസ്എസ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന ചരിത്രവും കുറിച്ചു.
2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വർണം വെടിവച്ചിട്ടു. 2018ല്‍ അര്‍ജന്റീനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സിലും അവർ ചരിത്രനേട്ടം സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറും രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ അത്‌ലറ്റുമായി ചരിത്രം സൃഷ്ടിച്ചു. പിന്നീട് തുടര്‍ച്ചയായി ഐഎസ്എസ്എഫ് വേദികളില്‍ താരം മെഡല്‍ സ്വന്തമാക്കി.
മെഡല്‍ പ്രതീക്ഷകളുമായി ടോക്കിയോ ഒളിമ്പിക്‌സിന് ഇറങ്ങിയെങ്കിലും ഫൈനല്‍ കാണാനായില്ല. 2022ലെ ഏഷ്യന്‍ ഗെയിംസിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. ഇക്കുറി പാരിസിൽ ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ ഈ വനിതാ യുവതാരത്തിനായി.
ഷൂട്ടിംഗിൽ ഇന്ത്യ ഇതുവരെ നാല് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്. അവസാനത്തേത് 2012 ലണ്ടൻ ഒളിസിക്സിലായിരുന്നു. 2004 ഏഥൻസ് ഒളിമ്പിക്സിൽ രാജ്യവർധൻ സിംഗ് റാത്തോഡാണ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയത്. 2008ൽ ബെയ്ജിംഗിൽ അഭിനവ് ബിന്ദ്രയുടെ 10 മീറ്റർ എയർ റൈഫിൾ വിജയം ഏതെങ്കിലും കായിക ഇനത്തിലെ രാജ്യത്തിൻ്റെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് സ്വർണം എന്ന ചരിത്രം കുറിച്ചു.
2012 ലെ ലണ്ടനിൽ പുരുഷന്മാരുടെ 25 മീറ്റർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും നേടിയതാണ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here