ആരാണ് പുതിയ ഇഡി മേധാവി രാഹുല്‍ നവിൻ? രണ്ടു മുഖ്യമന്ത്രിമാരുടെ അറസ്റ്റിൻ്റെ ബുദ്ധികേന്ദ്രം, കേന്ദ്രത്തിൻ്റെ വിശ്വസ്തൻ… വിശേഷണങ്ങളേറെ

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) പുതിയ ഡയറക്ടറായി രാഹുൽ നവിനെ നിയമിച്ചു. രണ്ട് വർഷത്തേക്കാണ് നിയമനം. ഇഡി സ്പെഷ്യൽ ഡയറക്ടറായിരുന്ന രാഹുലിന് 2023 സെപ്റ്റംബറിൽ സഞ്ജയ് മിശ്ര പദവി ഒഴിഞ്ഞതോടെ അധിക ചുമതല നൽകിയിരുന്നു. ഇദ്ദേഹം ആക്ടിംഗ് പദവിയിൽ തുടരുമ്പോഴാണ് രാജ്യത്ത് വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് രണ്ട് മുഖ്യമന്ത്രിമാരെ ഇഡി അറസ്റ്റ് ചെയ്യുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത്
സോറൻ, എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് എന്നിവരെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യുന്നത് ഇക്കാലയളവിലാണ്. ഇതിന് പുറമെയാണ് ആംആദ്മിയെ കൂടി പ്രതിപ്പട്ടികയിൽ ചേർക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയെ ഈവിധം പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നത്. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് നടന്നതായി പറയപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കലിൻ്റെ പേരിൽ ഈ നീക്കത്തിന് നേതൃത്വം നൽകിയത് രാഹുല്‍ നവിൻ ആയിരുന്നു.

ഭൂമി കുംഭകോണ കേസിലാണ് ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുത്തു, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാഞ്ചിയിൽ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവയടക്കം മൂന്നുകേസുകളാണ് അദ്ദേഹത്തിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തത്. ഹേമന്ദ് സോറനെക്കൊണ്ട് രാജിവയ്പ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. രാജ്ഭവനിൽ ഇഡി ഉദ്യോഗസ്ഥർക്ക് ഒപ്പമെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപെട്ടാണ് അരവിന്ദ് കെജ്‌രിവാളിനെയും സഞ്ജയ് സിംഗിനെയും അറസ്റ്റ് ചെയ്തത്. പദവിയിലിരിക്കേ അഴിമതിക്കേസിൽ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി ഇതോടെ കെജ്‌രിവാൾ. 2021ൽ ഡൽഹി സർക്കാർ നടപ്പാക്കിയ മദ്യനയത്തിൽ അഴിമതി നടന്നു എന്നതായിരുന്നു ആരോപണം. ഇതിനൊപ്പം കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും കേസിൻ്റെ ഭാഗമായി.

ഐആർഎസ് ഉദ്യോഗസ്ഥനായിട്ടാണ് രാഹുൽ നവിന്‍ കരിയർ ആരംഭിക്കുന്നത്. നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിൽ അഡീഷണൽ ഡയറക്ടറായും ഇൻകം ടാക്സ് കമ്മീഷണറായും നവിൻ പ്രവർത്തിച്ചിരുന്നു. 2011 മുതൽ 2015 വരെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിൻ്റെ (CBDT) ഫോറിൻ ടാക്സ് ആൻഡ് ടാക്സ് റിസർച്ച് ഡിവിഷ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലയളവിൽ അദ്ദേഹം Information Exchange and Tax Transparency – Tackling Global Tax Evasion and Avoidance എന്ന പുസ്തകവും എഴുതിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top