ആരാണ് പായല്‍ കപാഡിയ? എഫ്ടിഐഐ മുന്‍ ചെയര്‍മാനെതിരെയുള്ള പ്രതിഷേധം മുതല്‍ കാനിലെ പുരസ്‌കാര നേട്ടം വരെയുള്ള യാത്ര

‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അഭിമാനകരമായ ഗ്രാന്‍ഡ് പ്രീ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പായല്‍ കപാഡിയ ചരിത്രമെഴുതിയിരിക്കുന്നു. മൂന്ന് പതിറ്റാണ്ടിനിപ്പുറം കാനിലെ പ്രധാന മത്സര വിഭാഗത്തില്‍ മാറ്റുരച്ച ആദ്യ ഇന്ത്യന്‍ ചിത്രത്തിന്റെ അമരക്കാരി എന്ന നിലയില്‍ പായല്‍ കപാഡിയയുടെ പേരും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

മുംബൈയില്‍ ചിത്രകാരിയായ നളിനി മാലിനിയുടെ മകളാണ് പായല്‍ കപാഡിയ. ആന്ധ്രപ്രദേശിലെ ഋഷി വാലി സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള സെയിന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നു സാമ്പത്തിക ശാസത്രത്തില്‍ ബിരുദം നേടി. പിന്നീടാണ് സിനിമ പഠിക്കാനായി പായല്‍ പൂനെയില്‍ എത്തുന്നത്.

2015ല്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (എഫ്ടിഐഐ) രാഷ്ട്രീയക്കാരനായ ഗജേന്ദ്ര ചൗഹാനെ അധ്യക്ഷനായി നിയമിച്ചതിനെതിരെ നടന്ന ഏറ്റവും വലിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പായല്‍ കപാഡിയയാണെന്നതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. എഫ്ടിഐഐയില്‍ 138 ദിവസം നീണ്ടുനിന്ന പ്രതിഷേധത്തിലെ മുന്‍നിര പേരുകളിലും മുഖങ്ങളിലും ഒരാളായിരുന്നു പായല്‍. സ്ഥാപനത്തിന്റെ ചെയര്‍മാനാകാനുള്ള കാഴ്ചപ്പാടോ മഹത്വമോ ചൗഹാന് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. നാല് മാസത്തിലേറെ പ്രതിഷേധം നീണ്ടുനിന്നു.

പ്രതിഷേധം ശക്തമായതോടെ പായല്‍ അച്ചടക്ക നടപടിക്ക് വിധേയയായുകയും എഫ്ടിഐഐ അവരുടെ ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്ന പ്രശാന്ത് പത്രബെയുടെ ഓഫീസിനു മുന്നില്‍ ധര്‍ണയിരുന്നതിന് പായലിനെതിരെ പൂനെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ചെയര്‍മാനായുള്ള ചൗഹാന്റെ കാലാവധി തീര്‍ന്നതിനു ശേഷം, 70-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ട പായലിന്റെ ആഫ്റ്റര്‍നൂണ്‍ ക്ലൗഡ്സ് എന്ന ഹ്രസ്വചിത്രത്തിന് എഫ്ടിഐഐ പിന്തുണ പ്രഖ്യാപിച്ചു. കോഴ്‌സിന്റെ മൂന്നാം വര്‍ഷത്തിലായിരുന്നു പായല്‍ ഈ ചിത്രം സംവിധാനം ചെയ്തത്. പായല്‍ അച്ചടക്കമുള്ള വിദ്യാര്‍ത്ഥിയായി മാറിയതിനാല്‍ തങ്ങള്‍ അവരെ പിന്തുണയ്ക്കുന്നു എന്നായിരുന്നു നിലപാട് മാറ്റത്തിനൊപ്പം അന്നത്തെ എഫ്ടിഐഐ മേധാവി ഭുപേന്ദ്ര കൈന്തോല പറഞ്ഞത്.

2021ല്‍ കാനില്‍ ഗോള്‍ഡന്‍ ഐ പുരസ്‌കാരം ലഭിച്ച ‘എ നൈറ്റ് ഓഫ് നോയിങ് നതിങ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തത് പായല്‍ കപാഡിയയായിരുന്നു. എഫ്ടിഐഐയില്‍ പഠിക്കുന്ന, പ്രണയിക്കുന്ന രണ്ടുവിദ്യാര്‍ത്ഥികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു ഡോക്യുമെന്ററി. ഇവിടെ ജാതിയായിരുന്നു പായല്‍ കൈകാര്യം ചെയ്ത വിഷയം.

2014ല്‍ പുറത്തിറങ്ങിയ ‘വാട്ടര്‍ മെലണ്‍, ഫിഷ് ആന്‍ഡ് ഹാഫ് ഗോസ്റ്റ്’ ആണ് പായലിന്റെ ആദ്യ സിനിമ. 2017ല്‍ ‘ദി ലാസ്റ്റ് മാങ്കോ ബിഫോര്‍ ദി മണ്‍സൂണ്‍’ എന്ന സിനിമയുടെ തിരക്കഥയും സംവിധാനവും, എഡിറ്റിങ്ങും നിര്‍വഹിച്ചു. 2018ല്‍ ‘ആന്‍ഡ് വാട്ട് ഈസ് ദി സമ്മര്‍ സേയിങ്’ എന്ന സിനിമയും പുറത്തു വന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top