റിച്ചാർഡ് ഫ്രാങ്കി കടൽ കടന്ന് വരുന്നു; അതേ, മാനായും മാരീചനായും അവൻ വരുമെന്ന് വിഎസ്; ഒറ്റുകാരനോ, ദല്ലാളോ- ആരാണിയാൾ ?
ആര്‍.രാഹുല്‍
തിരുവനന്തപുരം: റിച്ചാർഡ് ഫ്രാങ്കി… ഇത് പോലൊരു ഇടത് ഭരണകാലത്ത് കേരളത്തെ പിടിച്ചുകുലുക്കിയ പേര്. ഇപ്പോഴിതാ വീണ്ടും ഈ പേര് കേരളത്തിൽചർച്ചയാവുകയാണ്. തൊണ്ണൂറുകളുടെ അവസാനം, സിപിഎമ്മിനെ പിടിച്ചുലച്ച വിഭാഗീയതയുടെ കാലത്ത് ഏറെ ചർച്ച ചെയ്ത പേരായിരുന്നു റിച്ചാർഡ് ഫ്രാങ്കിയുടേത്. വിഎസ് – പിണറായി ചേരിപോരുകളുടെ കാലത്ത് അമേരിക്കൻ ചാരനെന്നും സാമ്രാജ്യത്വ ഏജൻ്റെന്നും വരെ ഫ്രാങ്കിയെ സിപിഎമ്മിലെ പിണറായി വിരുദ്ധ വിഭാഗം വിശേഷിപ്പിച്ചു. ഇപ്പോഴിതാ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടത് സർക്കാറിൻ്റെ അതിഥിയായി റിച്ചാർഡ് ഫ്രാങ്കി വീണ്ടും കേരളത്തിലേക്ക് വരികയാണ്.
തിരുവനന്തപുരത്ത് സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയിൽ പങ്കെടുക്കാനാണ് ഫ്രാങ്കി സംസ്ഥാനത്ത് വീണ്ടുമെത്തുന്നത്. 2013 ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി കോഴിക്കോട് സംഘടിപ്പിച്ച ഒരു പരിപാടിയിലും ഫ്രാങ്കി പങ്കെടുത്തിരുന്നു. ഈ പരിപാടിയിൽ ഫ്രാങ്കിക്കൊപ്പം ഉയർന്ന ആരോപണങ്ങളിലെ മറ്റൊരു മുഖ്യ കഥാപാത്രമായ മുൻ ധനമന്ത്രി തോമസ് ഐസക്കും പങ്കെടുത്തു. ഫ്രാങ്കിയുടെ ആ സന്ദര്‍ശനം വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. ഇതിന് ശേഷമാണ് ഫ്രാങ്കി വീണ്ടും കേരളത്തില്‍ എത്തുന്നത്.
ആരാണ് റിച്ചാർഡ് ഫ്രാങ്കി?
അമേരിക്കയിലെ മോൺക്ലയർ സർവകലാശാലയിലെ നരവംശ ശാസ്ത്രജ്ഞനായ റിച്ചാർഡ് ഫ്രാങ്കിയുടെ പേരായിരുന്നു സിപിഎമ്മിൽ വിഭാഗിയത കൊടികുത്തി നിന്ന കാലത്ത് പിണറായി വിഭാഗത്തെ പ്രതിരോധത്തിലാക്കാൻ വിഎസ് പക്ഷം ആയുധമാക്കിയിരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം തോമസ് ഐസക്കും ഫ്രാങ്കിയുമായുള്ള സൗഹൃദവും പുസ്തക രചനയുമാണ് അന്ന് സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തെ വെട്ടിലാക്കിയത്. 1998 ൽ നായനാർ സർക്കാർ നടപ്പാക്കിയ ജനകീയാസൂത്രണത്തിൻ്റെ അട്ടിമറിക്കാന്‍ വന്ന സിഐഎ ചാരനാണ് ഫ്രാങ്കി എന്നായിരുന്നു സിപിഎമ്മിലെ ഒരു വിഭാഗത്തിൻ്റെ ആരോപണം. പ്രൊഫ. എം.എന്‍. വിജയന്റെ നേതൃത്വത്തിലും വിഎസിൻ്റെ പിന്തുണയുടെ ബലത്തിലും പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ഐസക്കിനും പാര്‍ട്ടിയുടെ ഫ്രാങ്കി ബന്ധത്തിനുമെതിരെ ശക്തമായി രംഗത്തെത്തി.
2001 ല്‍ തോമസ് ഐസക്കും റിച്ചാര്‍ഡ് ഫ്രാങ്കിയും ജനകീയാസൂത്രണരംഗത്തെ കേരള അനുഭവങ്ങളെക്കുറിച്ച് ഒരു പഠനഗ്രന്ഥം പുറത്തിറക്കി. ‘പ്രാദേശിക ജനാധിപത്യവും വികസനവും- കേരളത്തിലെ വികേന്ദ്രീകൃത ജനകീയാസൂത്രണവും’ എന്ന ഈ പുസ്തകവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. എം.എൻ. വിജയൻ പത്രാധിപരായ പാഠം മാസികയുടെ 2003 മെയ് ലക്കത്തിൽ ജനകീയാസൂത്രണത്തിൻ്റെ പിന്നിലെ വൈദേശിക താല്പര്യങ്ങളെ സംബന്ധിച്ച രേഖകൾ പുറത്തുവിട്ടു. അത് കേരളീയ രാഷ്ട്രീയത്തിലും സിപിഎമ്മിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ഐസക്കിന്റെ ജനകീയാസൂത്രണത്തിലെ ‘മാരാരിക്കുളം മോഡലിന്’ ഫ്രാങ്കി വിദേശ സഹായം നൽകിയെന്ന ആരോപണം വിഎസ് പക്ഷം ഉയർത്തി. പാഠം മാസികയിൽ ഐസക്കിനും ഫ്രാങ്കിക്കും എതിരെ തുടർച്ചയായി ലേഖനങ്ങൾ വന്നുകൊണ്ടിരുന്നു.
തോമസ് ഐസകിന്റെ ഗുരുവായ റിച്ചാർഡ് ഫ്രാങ്കി സാമ്രാജ്യത്വ ഏജന്റും സിഐഎ ചാരനുമാണ്. ഐസക് ഉൾപ്പെടെയുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതാക്കൾ ഫ്രാങ്കിയുടെ വളർത്തുമൃഗങ്ങളാണെന്നും ‘പാഠം മാസിക’ എഴുതി. ഫ്രാങ്കിയുടെ ചാരശൃംഖലയിലെ സുപ്രധാന കണ്ണുകളാണ് ഐസക്കും ശാസ്ത്ര സാഹിത്യ പരിഷത്തും തുടങ്ങിയ വിമർശനങ്ങളും മാസിക ഉന്നയിച്ചു. മാർക്‌സിസത്തിനു പകരം നാലാംലോക രാഷ്‌ട്രീയം പകരം വെക്കാൻ ഐസക് ശ്രമിച്ചുവെന്നും സാമ്രാജിത്വ ശക്തികളുടെ പ്രതിനിധിയായ ഫ്രാങ്കിയെ ‘മാനായി വന്ന മാരീചനെന്നും’ സാക്ഷാല്‍ വി.എസ്. അച്യുതാനന്ദൻ തന്നെ വിശേഷിപ്പിച്ചു. ഈ മാരീചനെ കേരളത്തിലേക്ക് ഒളിച്ചുകടത്താൻ നേതൃത്വം നൽകിയത് ഐസക്കാണെന്നും പാഠം മാസിക വെളിപ്പെടുത്തി.
ശാസ്ത്ര സാഹിത്യപരിഷത്ത് തയ്യാറാക്കിയ നാലാം ലോകസിദ്ധാന്തം അക്കാലത്ത് പാര്‍ട്ടിക്കുള്ളില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഉപജ്ഞാതാവായാണ് ഫ്രാങ്കിയെ വിഎസ് പക്ഷം വിലയിരുത്തിയത്. നാലാം ലോക സിദ്ധാന്തവുമായി ബന്ധപ്പെട്ട് എം.പി. പരമേശ്വരന്റെ ചില പരാമർശങ്ങൾ തെളിവായി ഉദ്ധരിച്ച് സിപിഎം പിബി അംഗം ഇ. ബാലാനന്ദൻ്റെ ലേഖനം ദേശാഭിമാനിയിൽ വന്നതോടുകൂടി വിവാദം ആളിക്കത്തി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഒരു ഏജൻസിയുമായി ഫ്രാങ്കിക്കു ബന്ധമുണ്ടെന്നും ജനകീയാസൂത്രണത്തിന്റെ ഉപദേഷ്ടാവാണ് അദ്ദേഹമെന്നുമുള്ള ആരോപണങ്ങൾ കത്തിപ്പടർന്നു. ഒറ്റുകാരനും ദല്ലാളും എന്ന പാഠത്തിൻ്റെ വിമർശനങ്ങൾ ഐസക്കിനെയും അസ്വസ്ഥനാക്കി. വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാൻ ഒരു കോടി രൂപക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് തോമസ് ഐസക് പ്രഖ്യാപിച്ചു. എന്നാല്‍ പാഠം മാസികയ്ക്കും എം.എൻ. വിജയനുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്താണ് കേസിനു പോയത്. കേരളമാകെ ഉറ്റുനോക്കിയ ആ കേസിൽ 2007 സെപ്റ്റംബർ 28ന് വിധി വന്നു. പരിഷത്തിനെ മാത്രമല്ല തോമസ് ഐസക്, പ്രൊഫ. ബി. ഇക്ബാൽ, ശാസ്ത്ര സാഹിത്യ പരിഷത്ത്, സിഡിഎസ് എന്നീ വ്യക്തികളെയും സ്ഥാപനങ്ങളെയും അത് പ്രതിക്കൂട്ടിലാക്കി.
സിഡിഎസിൽ നിന്നും വിദേശത്തു നിന്നും ഫണ്ട് പറ്റിയതായി പരാതിക്കാരനായ പരിഷത്തിന്റെ പ്രസിഡന്റ് തന്നെ കോടതിയിൽ വെളിപ്പെടുത്തി. തങ്ങളുടെ ആരോപണങ്ങൾ ന്യായീകരിക്കാനുള്ള തെളിവുകളും രേഖകളും പരാതിക്കാർ ഹാജരാക്കിയില്ല. പാഠം മാസിക എം.പി. പരമേശ്വരനെഴുതിയ പുസ്തകം ഹാജരാക്കി പരിഷത്തിന് വിദേശ ഫണ്ട് ലഭിച്ചതിന്റെ തെളിവ് നൽകി. എം.എൻ വിജയനെയും എസ് സുധീഷിനെയും പാഠത്തിന്റെ പ്രിന്ററും പബ്ലിഷറുമായിരുന്ന ശ്രീകുമാറിനെയും കുറ്റക്കാരല്ലെന്നു കണ്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിട്ടയച്ചു. “സ്വാഭാവികമായും വിദേശഫണ്ട് ഉപയോഗിച്ച് സർക്കാരേതര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാണ്. അത് ബോധ്യപ്പെടുത്താനാണ് ഒറ്റക്കാരൻ, ചാരൻ, ദല്ലാൾ തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചത്. ശ്രദ്ധയും ജാഗ്രതയുമില്ലാതെ പ്രയോഗിച്ചതല്ല”. – എന്നായിരുന്നു കോടതി വിധിയിൽ പറഞ്ഞത്.
അതായത് തോമസ് ഐസക്കും ഫ്രാങ്കിയും ചാരനും ഒറ്റുകാരനുമാണ് എന്ന് പാഠം പറഞ്ഞതിൽ തെറ്റില്ലന്നാണ് കോടതി പറഞ്ഞത്. കോടതി ആരോപണം ശരിവെച്ച സ്ഥിതിയിൽ വിഎസ് മന്ത്രി സഭയിലെ ധനമന്ത്രിയായ തോമസ്‌ഐസക് രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടയിലാണ് എം.എൻ വിജയൻ ഹൃദയാഘാതം മൂലം മരിച്ചത് എന്നതും മറ്റൊരു വസ്തുതയാണ്.
ഇതിന് ശേഷവും ഐസക്ക് ഫ്രാങ്കി ബന്ധം തുടർന്നു. മകളുടെ കല്യാണത്തിനായി അമേരിക്കയിലെത്തിയപ്പോൾ റിച്ചാർഡ് ഫ്രാങ്കിയെ കണ്ടതും വിവാദമായി. ‘വിമോചനസമരത്തെക്കുറിച്ച് പുസ്തകമെഴുതാൻ കേരളത്തെക്കുറിച്ചുള്ള അമേരിക്കൻ വിദേശകാര്യ, സിഐഎ രേഖകൾ അന്വേഷിച്ചുവരികയാണ്. ന്യൂയോർക്ക് ഐസനോവർ പ്രസിഡൻഷ്യൽ ആർക്കേവ്‌സിൽ സിഐഎ രേഖകളുടെ വൻ ശേഖരമുണ്ട്. അത് തിരയാൻ സഹായികളായത് റിച്ചാർഡ് ഫ്രാങ്കിയും ഭാര്യയുമാണ്. ആർക്കേവ്‌സിൽ പരിശോധിക്കാൻ ആകെ രണ്ടുദിവസമേ ഇവർ ഉണ്ടായിരുന്നുള്ളു’ എന്ന് പറഞ്ഞ് അന്ന് ഐസക്ക് തടിയൂരി.
വിവാദങ്ങള്‍ക്കു ശേഷം 12 വര്‍ഷം കഴിഞ്ഞ് കേരളത്തിലെത്തിയ ഫ്രാങ്കിയെ ന്യായീകരിച്ചുകൊണ്ടാണ് തോമസ് ഐസക് മാധ്യമങ്ങളോട് സംസാരിച്ചത്. 2013 ൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ എത്തിയ ഫ്രാങ്കിയുമായി ഐസക്ക് വേദി പങ്കിട്ടു. ഇതും വിവാദമായപ്പോൾ ന്യായീകരണവുമായി ഐസക്ക് വീണ്ടുമെത്തി. ഫ്രാങ്കിയെ സിഐഎ ചാരനെന്ന് വിളിച്ചവര്‍ മാന്യമായി തോല്‍ക്കാന്‍ പോലും അറിയാത്തവരാണെന്നും അവർ വിഡ്ഢികളാണ് എന്നുമായിരുന്നു ഐസക്കിന്റെ പ്രതികരണം. 10 വർഷത്തെ ഇടവേളക്ക് ശേഷം ഫ്രാങ്കി വീണ്ടും കേരളത്തിൽ എത്തുമ്പോൾ വിഎസ് പക്ഷം എന്നത് സിപിഎമ്മിൽ പൂർണമായും നിസ്കാസിതരാക്കപ്പെട്ടു. പാർട്ടിയിലും സർക്കാറിലും പിണറായി വിജയൻ്റെ സമഗ്രാധിപത്യം അരിയിട്ട് വാഴുന്ന കാലത്താണ് ഫ്രാങ്കി വീണ്ടും ഇടത് സർക്കാരിൻ്റെ അതിഥിയായി കേരളത്തിൽ എത്തുന്നത് എന്നതാണ് എറ്റവും വലിയ വിരോധാഭാസം.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here