വഖഫ് യോഗത്തിൽ ഗ്ലാസ് കുപ്പി അടിച്ചു പൊട്ടിച്ച കല്യാൺ ബാനർജി ആരാണ്? നിസാരക്കാരനല്ല ഈ തൃണമൂൽ എംപിയെന്ന് ഭൂതകാല ചരിത്രം
വഖഫ് ബിൽ പരിഗണിക്കുന്ന സംയുക്ത പാർലമെൻ്ററി യോഗത്തിനിടയിൽ നാടകീയ രംഗങ്ങളാണ് ഇന്ന് അരങ്ങേറിയത്. തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യയ ചും തമ്മിലുണ്ടായ തർക്കം ഇന്ന് വലിയ വാർത്തയായിരുന്നു. യോഗത്തിൽ വാക്കുതർക്കം മുറുകിയതോടെ കല്യാൺ ബാനർജി ഗ്ലാസ് കുപ്പി അടിച്ചു തകർത്തിരുന്നു. വിരലുകൾക്ക് പരുക്കേറ്റ ബാനർജിയെ ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥയും ഉണ്ടായി. ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനുമാണ് പരുക്കേറ്റത്. മുമ്പും നിരവധി തവണ വിവിധ പ്രവർത്തികളിലൂടെ വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് സെറാംപൂരിൽ നിന്നുമുള്ള ടിഎംസിഎംപി. കഴിഞ്ഞ വർഷം വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖറിനെ അനുകരിച്ചതിന് അദ്ദേഹത്തിന് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.
ALSO READ: വഖഫ് ബില്‍ ചര്‍ച്ചക്കിടെ ബിജെപിയുമായി തർക്കം; കുപ്പി അടിച്ചുപൊട്ടിച്ച് തൃണമൂല്‍ എംപി; സസ്‌പെന്‍ഷന്‍
പശ്ചിമ ബംഗാൾ ഗവർണറായിരുന്ന സമയത്തും (2019-2022) ധൻകറിൻ്റെ വിമർശകനായിരുന്നു അദ്ദേഹം. കഴിഞ്ഞ ഡിസംബറിൽ രാജ്യസഭാ അധ്യക്ഷനായ ധൻകറിനെ ബാനർജി കടന്നാക്രമിച്ചിരുന്നു. പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ ധൻകറിനെ അനുകരിച്ചു കൊണ്ടായിരുന്നു ബാനർജിയുടെ പ്രതികരണം. അദ്ദേഹത്തിൻ്റെ പ്രവൃത്തിയെ ലജ്ജാകരം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ബിജെപി അംഗങ്ങൾ നേരിട്ടത്. നടപടി പരിഹാസ്യവും അസ്വീകാര്യവുമാണെന്ന് ഭരണകക്ഷി അംഗങ്ങളുടെ പ്രതികരണം. എന്നാൽ ഇത് തൻ്റെ മൗലികാവകാശമായതിനാൽ ആയിരം തവണ ആവർത്തിക്കുമെന്ന് ബാനർജി തിരിച്ചടിച്ചു.
“മിമിക്രി ഒരു കലാരൂപമാണ്. എൻ്റെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുക എന്നത് എൻ്റെ മൗലികാവകാശമാണ്. വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശവും മൗലികാവകാശമാണ്. ഇതിൻ്റെ പേരിൽ നിങ്ങൾക്ക് എന്നെ ജയിലിൽ അടയ്ക്കാം, പക്ഷേ ഞാൻ നിലപാടിൽ നിന്നും പിന്നോട്ട് പോകില്ല”- എന്നായിരുന്നു ബാനർജിയുടെ മറുപടി. ലോക്‌സഭയിൽ താൻ ആദ്യമായി മിമിക്രി അവതരിപ്പിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു എന്നും അദ്ദേഹം അന്ന് പരിഹസിച്ചിരുന്നു.
സ്വന്തം പാർട്ടിക്കുള്ളിലും തൻ്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് കല്യാൺ ബാനർജി. പാർട്ടിയിൽ മമതയുടെ അനന്തരാവകാശിയായി വിശേഷിപ്പിക്കുന്ന അഭിഷേക് ബാനർജിയുടെ വിമർശകൻ കൂടിയാണ് ഇദ്ദേഹം. പലപ്പോഴും അഭിഷേകിനെ പരസ്യമായി കടന്നാക്രമിക്കാനും കല്യാൺ മടി കാണിക്കാറില്ല. ടിഎംസിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ കരുത്തുറ്റ ശബ്ദമായാണ് പ്രവർത്തകർ കല്യാൺ ബാനർജിയെ കാണുന്നത്.
1998-ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതു മുതൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകരിൽ ഒരാളാണ് 66കാരനായ കല്യാൺ ബാനർജി. അഭിഭാഷകൻ കൂടിയായ അദ്ദേഹം എക്കാലത്തും മമതയുടെയും ടിഎംസിയുടെയും ശബ്ദമായി പാർലമെൻ്റിനകത്തും പുറത്തും നിലകൊള്ളുന്ന വ്യക്തിയാണ്. കോടതിയിലും പാർട്ടിക്ക് വേണ്ടി പല നിർണായക കേസുകളും വാദിച്ചത് ബാനർജിയായിരുന്നു. നന്ദിഗ്രാം, സിംഗൂർ ഭൂപ്രക്ഷോഭങ്ങൾ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടത് മുന്നണിക്കെതിരെ പോരാടാൻ ടിഎംസിയുടെ മുൻനിരയിൽ മമതയ്ക്കൊപ്പം കല്യാൺ ബാനർജിയും ഉണ്ടായിരുന്നു.
2001ൽ അസൻസോൾ മണ്ഡലത്തിൽ നിന്നും നിന്ന് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു. 2006 നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബാനർജി 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സെറാംപൂരിൽ വിജയിച്ച് പാർലമെൻ്റിലെത്തി. പിന്നീട് തുടർച്ചയായി നാല് തവണ മണ്ഡലത്തിൽ നിന്നും അദ്ദേഹം ജയിച്ചു കയറി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here