ആരാണ് ഇന്ത്യക്ക് ലോക കിരീടം സമ്മാനിച്ച ഗോങ്കടി തൃഷ; ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയം
ഇന്ന് ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കി അണ്ടർ 19 വനിതാ ടി 20 ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 83 റൺസ് നേടിയപ്പോള്‍ 11.2 ഓവറില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. ഓപ്പണർ ഗോങ്കടി തൃഷയുടെ മികവിലാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്. പുറത്താവാതെ 44 റൺസാണ് താരം തേടിയത്. ഇതോടെ ടൂർണമെൻ്റിലെ താരമായി തൃഷയെ തിരഞ്ഞെടുത്തു.
ഏഴ് മത്സരങ്ങളിൽ നിന്നും 309 റൺസും ഏഴ് വിക്കറ്റുമാണ് പത്തൊമ്പതുകാരിയായ താരം ടൂർണമെൻ്റിൽ സ്വന്തമാക്കിയത്. . 77.25 ശരാശരിയിലും 147.14 സ്ട്രൈക്ക് റേറ്റിലുമായിരുന്നു താരത്തിൻ്റെ ബാറ്റിംഗ്. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ ടൂർണമെൻ്റിൻ്റെ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സറെന്ന നേട്ടവും തൃഷ സ്വന്തമാക്കി. 59 പന്തിൽ 13 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 186.44 സ്‌ട്രൈക്ക് റേറ്റിൽ 110 റൺസാണ് താരം അടിച്ചെടുത്തത്. സ്കോട്ട്ലൻഡിനെതിരെ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കുകയും ചെയ്തിരുന്നു. തൃഷ ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയതോടെ 150 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെയാണ് ഇന്ത്യ സെമി ഉറപ്പിച്ചത്.
2023 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ വനിതാ ടി20 ലോകകപ്പ് വിജയിച്ച ഷഫാലി വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിൽ തൃഷ അംഗമായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് 23.20 ശരാശരിയിലും 108.41 സ്‌ട്രൈക്ക് റേറ്റിലും 116 റൺസാണ് തൃഷ നേടിയത്. 51 പന്തിൽ 57 റൺസാണ് ലോകകപ്പ് 2023ൽ താരത്തിൻ്റെ ടോപ് സ്‌കോർ. ഫൈനലിൽ 63 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു. 24 റൺസാണ് താരം നേടിയത്.
2024 ഡിസംബറിൽ മലേഷ്യയിൽ നടന്ന പ്രഥമ വനിതാ അണ്ടർ 19 ഏഷ്യാ കപ്പ് സ്വന്തമാക്കിയ ടീമിലും താരം ഉണ്ടായിരുന്നു.ബംഗ്ലാദേശിനെതിരായ ഫൈനലിൽ 47 പന്തിൽ അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 52 റൺസ് നേടിയ തൃഷയായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്.
തെലങ്കാനയിലെ ഭദ്രാചലം സ്വദേശിയായ തൃഷ വലംകൈ ബാറ്ററും ബോളറുമാണ്. ഹൈദരാബാദ്, സൗത്ത് സോൺ ഏജ് ഗ്രൂപ്പ് ടീമുകൾക്കായി കളിച്ചതിന് ശേഷം, 2017-18 സീനിയർ വനിതാ ടി20 ലീഗിൽ ഹൈദരാബാദിനായിട്ടാണ് തൃഷ അരങ്ങേറ്റം കുറിച്ചത്. 2021–22 അണ്ടർ 19 വനിതാ ക്രിക്കറ്റ് ചലഞ്ചേഴ്സിലും ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നടന്ന 2021–22 സീനിയർ വിമൻസ് ചലഞ്ചർ ട്രോഫിയിലും ഇന്ത്യ ബി വനിതാ ടീമിനെ പ്രതിനിധീകരിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here