ഗീതയിൽതൊട്ട് പ്രതിജ്ഞയെടുത്ത തുൾസി ഗബ്ബാർഡ് യുഎസ് നാഷണൽ ഇൻ്റലിജൻസ് ഡയറക്ടറാകുമ്പോൾ ഇന്ത്യ പ്രതീക്ഷിക്കുന്നത്

ഡൊണാൾഡ് ട്രംപ് അടുത്ത വർഷം ജനുവരി 20ന് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായി ചുമതല ഏൽക്കുമ്പോൾ ആരൊക്കെയാവും ടീമിൽ ഉണ്ടാവുക എന്ന ചർച്ചകൾ ചൂടുപിടിച്ച് നടക്കുകയാണ്. തുൾസി ഗബാർഡ് എന്ന വനിതയെ ചുറ്റിപ്പറ്റിയാണ് മാധ്യമങ്ങളുടേയും രാഷ്ട്രീയ കേന്ദ്രങ്ങളുടേയും അഭ്യൂഹങ്ങളും ചർച്ചകളും പുരോഗിക്കുന്നത്. ഒടുവിൽ തുൾസിയെ നാഷണൽ ഇൻ്റലിജൻസ് ഡയറക്ടറായി ട്രം പ് നിയമിച്ചു. 18 രഹസ്യാന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ചു കൊണ്ട് അമേരിക്കയുടെ ദേശീയ സുരക്ഷ ശക്തമാക്കുക എന്ന തന്ത്രപ്രധാനമായ ചുമതലയാണ് പുതിയ പ്രസിഡൻ്റ് തുൾസി എന്ന 43കാരിയെ ഏല്പിച്ചിരിക്കുന്നത്. തുൾസി ഗബാർഡ് തന്റെ അതുല്യമായ കരിയറിൽ നിർഭയത്വമാണ് പ്രകടിപ്പിച്ചതെന്നും ഇത് അഭിമാനകരമാണെന്നും ട്രംപ് പറഞ്ഞു.

പേര് കേൾക്കുമ്പോൾ ഇന്ത്യക്കാരിയോ ഇന്ത്യൻ വംശജയോ ആണെന്ന് തോന്നുമെങ്കിലും തുൾസി ജന്മം കൊണ്ടും കർമ്മം കൊണ്ടും അമേരിക്കൻ വംശജയാണ്. വെള്ളക്കാരായ മൈക് ഗബ്ബാർഡ് – കരോൽ ഗബ്ബാർഡ് ദമ്പതികൾക്ക് 1981ൽ ജനിച്ച മകളാണ് തുൾസി. അമ്മ കടുത്ത ഹിന്ദു മത വിശ്വാസി ആയതു കൊണ്ട് മക്കൾക്കെല്ലാം ഹിന്ദു പേരുകളാണ് നൽകിയത്. 2014ൽ എൻഡിഎ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇന്ത്യ സന്ദർശിച്ച തുൾസി, പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് ഭഗവത് ഗീതയുടെ കോപ്പി സമ്മാനിച്ചിരുന്നു. ഇന്ത്യയോടും ഇന്ത്യക്കാരോടും പ്രത്യേകിച്ച് പ്രധാനമന്ത്രിയോടുമുള്ള സ്നേഹവും ബഹുമാനവും അവരന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. 2019ലെ മോദിയുടെ അമേരിക്കൻ പര്യടന വേളയിലും ആശംസ അറിയിച്ചിരുന്നു.

2022 വരെ ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകയായിരുന്ന ഇവർ ഒരുഘട്ടത്തിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർത്ഥി ആയേക്കുമെന്ന് പോലും കരുതിയിരുന്നു. ഏതാണ്ട് ഒന്നര കൊല്ലം മുമ്പാണ് തുൾസി ഡെമോക്രാറ്റിക് പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് റിപ്പബ്ളിക്കൻ പാർട്ടിയിൽ ചേർന്നത്. 21ാമത്തെ വയസിൽ ജനപ്രതിനിധി സഭയായ കോൺഗ്രസിലേക്ക് ഹവായിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് അംഗമായതിനെ തുടർന്ന് ഭഗവത് ഗീതയിൽ തൊട്ടുകൊണ്ട് സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗമായി തുൾസി.

സൈനിക സേവനത്തിലും തുൾസി കഴിവുതെളിയിച്ചിട്ടുണ്ട്. രണ്ടുപതിറ്റാണ്ടിലേറെ ആർമി നാഷണൽ ഗാർഡിൽ അംഗമായിരുന്ന തുൾസി ഇറാക്കിലും കുവൈറ്റിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2008 മുതൽ 2009 വരെ കുവൈറ്റിൽ ജോലിചെയ്ത അവർ, കുവൈറ്റ് സൈനിക കേന്ദ്രത്തിൽ പ്രവേശിച്ച ആദ്യ വനിതകളിൽ ഒരാളായിരുന്നു. 2015 ഒക്ടോബർ 12ന് മേജറായി സ്ഥാനക്കയറ്റം നേടി. തുൾസിക്ക് 29 ലക്ഷം അമേരിക്കൻ ഡോളറിൻ്റെ ആസ്തിയുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top