അമേരിക്ക തേടുന്ന ‘റോ’ എജൻ്റ് വികാഷ് യാദവ് ആരാണ്? ലുക്കൗട്ട് നോട്ടീസിറക്കി എഫ്ബിഐ വലവീശുന്നു
ഖലിസ്ഥാൻ ഭീകരന്‍ ഗുർപട്‌വന്ത് സിങ് പന്നുവിനെ അമേരിക്കയില്‍ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ഇന്ത്യൻ ചാരസംഘടന ‘റോ’യുടെ (Research and Analysis Wing) മുൻ ഏജന്റ് വികാഷ് യാദവിനെതിരെ എഫ്ബിഐ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കൊലപാതക ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. ഇതുവരെ എഫ്ബിഐക്ക് യാദവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. എഫ്ബിഐയുടെ എല്ലാ ചാരകണ്ണുകള്‍ക്കും അപ്പുറത്താണ് വികാഷ് ഉള്ളത്. ഇതോടെ ആരാണ് വികാഷ് യാദവ് എന്ന ചോദ്യമാണ് ഉയരുന്നത്.
കഴിഞ്ഞ വർഷം ജൂണില്‍ പന്നുവിനെ വധിക്കാൻ ശ്രമം നടത്തി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നിഖില്‍ ഗുപ്തയെന്ന ഒരാള്‍ മുഖേന പന്നുവിനെ വധിക്കാനാണ് വികാഷ് യാദവ് ശ്രമിച്ചതെന്ന് എഫ്ബിഐ ആരോപിക്കുന്നു. ന്യൂയോർക്കിലുള്ള പന്നുവിന്റെ അഡ്രസും ഫോൺ നമ്പറും മറ്റ് വിവരങ്ങളും വികാഷ് യാദവ് നിഖിൽ ഗുപ്തയ്ക്ക് കൈമാറിയിരുന്നതായാണ് എഫ്ബിഐ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിൽ അറസ്റ്റിലായ നിഖില്‍ ഗുപ്ത നിലവിൽ അമേരിക്കയില്‍ തടവിലാണ്.
ഖാലിസ്ഥാന് വേണ്ടി വാദിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായ ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ തലവനാണ് പന്നു. ഇയാളെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഒരുലക്ഷം ഡോളറാണ് പന്നുവിനെ വധിക്കാന്‍ കരാർ നൽകിയത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വികാഷ് യാദവ് നിലവില്‍ ഒളിവിലാണ്. വികാഷ് യാദവിനെക്കുറിച്ചുള്ള അന്വേഷണത്തിന് അങ്ങനെ ഒരു ഉദ്യോഗസ്ഥന്‍ ഇല്ല എന്നാണ് ഇന്ത്യ നല്‍കുന്ന വിശദീകരണം. CC1 എന്നാണ് വികാഷ് യാദവിനെ ആദ്യം എഫ്ബിഐ വിശേഷിപ്പിച്ചത്. പിന്നീടാണ് പേര് വെളിപ്പെടുത്തിയത്.
ഇയാള്‍ ഹരിയാനയില്‍ നിന്നുള്ള റോ ഓഫീസറാണ്. ‘റോ’യില്‍ എത്തുംമുന്‍പ് സിആര്‍പിഎഫില്‍ ജോലി ചെയ്തിരുന്നു. കൂര്‍മ്മബുദ്ധിയുള്ള ഉദ്യോഗസ്ഥൻ ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം 39 വയസുണ്ട്. ആറടി ഉയരവും . 79 കിലോയോളം ഭാരവുമുണ്ട്. കറുത്ത മുടിയും തവിട്ടു കണ്ണുകളുമാണ്. പലവിധ ആയുധങ്ങള്‍ ഉപയോഗിക്കാനും വൈദഗ്ധ്യമുണ്ട്. എന്തെങ്കിലും വിവരം അറിയാവുന്നവർ എഫ്ബിഐ ഓഫീസുമായി ബന്ധപ്പെടാനാണ് നിർദേശം നല്‍കിയിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here