മന്ത്രിമാരും സംശയ നിഴലിൽ; ബാറുടമകളില്‍നിന്നും ആരൊക്കെ കോഴ വാങ്ങിയെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബാറുകളിലെ നികുതി കുടിശിക പിരിച്ചെടുക്കാനുള്ള തീരുമാനം അട്ടിമറിച്ചതിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിന്നിൽ ബാറുടമകളും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്നും അദ്ദേഹം ആരോപിച്ചു. ബാറുകളിലെ നികുതി കുടിശിക പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് പ്രതിപക്ഷം നിരന്തരം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചതുമാണ്. എന്നിട്ടും കുടിശിക പിരിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ തന്നെ അട്ടിമറിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
കുടിശിക അടയ്ക്കാത്ത ബാറുകള്‍ക്ക് മദ്യം കൊടുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിവച്ചതാണ്. എന്നാല്‍ ബാറുടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചെന്നാണ് മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടുന്നത്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് ബാറുടമകള്‍ക്ക് മുന്‍കൂട്ടി അറിയാമായിരുന്നു. അനുകൂല തീരുമാനം ഉണ്ടാക്കുന്നതിന് വേണ്ടി ബാറുടമകള്‍ സംഘടനാതലത്തില്‍ പണപ്പിരിവ് നടത്തിയെന്ന വിവരങ്ങളും പുറത്തു വരുന്നു. കൊടിയ അഴിമതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു.
സര്‍ക്കാരിനെക്കൊണ്ട് തീരുമാനം പിന്‍വലിപ്പിക്കുന്നതിന് ആരൊക്കെയാണ് ബാര്‍ ഉടമകളില്‍ നിന്നും കോഴ വാങ്ങിയത്? മന്ത്രിമാരും രാഷ്ട്രീയ നേതൃത്വവും ഉള്‍പ്പെടെ സംശയ നിഴലിലാണ്. ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും ബാറുകളില്‍ നിന്ന് നികുതി കുടിശിക പിരിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കുടിശിക പിരിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ല. ബാറുകളുടെ ടേണ്‍ ഓവര്‍ എത്ര എന്നത് സംബന്ധിച്ച കൃത്യമായ പരിശോധനയില്ല. ബാര്‍ ഉടമകള്‍ നല്‍കുന്നതാണ് സര്‍ക്കാരിന്റെ ആധികാരിക കണക്ക്. ഇത് കൂടി ചേരുമ്പോള്‍ നഷ്ടം വീണ്ടും കൂടും. ബാറുടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ധനവകുപ്പ് തന്നെയാണ് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നതെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here