മാധ്യമ പ്രവർത്തകൻ്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 120കോടിയുടെ അഴിമതി പുറത്ത് കൊണ്ടുവന്നതിലുള്ള പ്രതികാരം

പുതുവത്സരദിനത്തിൽ കാണാതായ മാധ്യമ പ്രവർത്തകൻ്റെ മൃതദേഹം സെപ്റ്റിക്ക് ടാങ്കിൽ നിന്നും കണ്ടെത്തി. ഛത്തീസ്ഗഢിനെ ഞെട്ടിച്ച 120 കോടി രൂപയുടെ അഴിമതി പുറത്തു കൊണ്ടുവന്ന മുകേഷ് ചന്ദ്രാകറിനെയാണ് (28) ബീജാപൂരിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
കരാറുകാരനായ സുരേഷ് ചന്ദ്രാകറിനെതിരെ ബസ്തറിലെ റോഡ് നിർമാണത്തില്‍ നടത്തിയ ക്രമക്കേടുകൾ പ്രാദേശിക വാർത്താ ചാനലിലൂടെ മുകേഷ് പുറത്തുവിട്ടിരുന്നു. 120 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. ഗംഗളൂരിൽ നിന്ന് നെലസനാർ ഗ്രാമത്തിലേക്കുള്ള റോഡിൻ്റെ നിർമാണത്തിലെ തിരിമറി ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോർട്ട്. തുടർന്ന് അഴിമതി അന്വേഷിക്കാൻ സർക്കാർ ഉത്തരവുമിട്ടിരുന്നു. ഇതിന് ശേഷം ജനുവരി ഒന്നു മുതൽ മുകേഷിനെ കാണാതാവുകയായിരുന്നു.

മാധ്യമ പ്രവർത്തകൻ്റെ സഹോദരൻ നൽകിയ പരാതിയിൽ ബീജാപൂര്‍ പോലിസ് നടത്തിയ അന്വേഷണത്തിൽ കരാറുകാരനായ സുരേഷ് ചന്ദ്രാകറിൻ്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പട്ട് ഹൈദരാബാദിൽ നിന്ന് സുരേഷ് ചന്ദാകറിനെയും ഡൽഹിയിൽ നിന്ന് സഹോദരൻ റിതേഷിനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മൃതദേഹം ഒളിപ്പിക്കാൻ സഹായിച്ച കരാറുകാരൻ്റെ സഹായിയെയും പിടികൂടിയിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.
മുകേഷിൻ്റെ മരണം മാധ്യമരംഗത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി. മുകേഷ് ചന്ദ്രകറിന്‍റെ കൊലപാതകവാർത്ത വളരെ സങ്കടകരവും ഹൃദയഭേദകവുമാണ്. ഒരു കാരണവശാലും കുറ്റവാളികളെ വെറുതെ വിടില്ല. കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യാനും അവർക്ക് ശിക്ഷ ഉറപ്പാക്കാൻ വേണ്ട നടപടികൾ വേഗത്തിലാക്കാനും പോലീസിന് നിർദേശം നൽകിയതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here