രാഷ്ടീയ സെമി ഫൈനലിൽ ആര് കടന്നു കൂടും?, നിയമസഭാ തിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് ജീവൻമരണ പോരാട്ടം, ജാതി സെൻസസ് ബിജെപിക്ക് കീറാമുട്ടി
ആര്‍.രാഹുല്‍
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ സെമിഫൈനൽ മത്സരമായിട്ടാണ് രാഷ്ടീയ കേന്ദ്രങ്ങൾ കണക്കാക്കുന്നത്. രാജ്യം ഭരിക്കുന്ന ബിജെപിക്ക് ബദലായി 28 പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ” ഇന്‍ഡ്യ സഖ്യം ” രൂപം കൊണ്ടതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്.
ഇന്‍ഡ്യ സഖ്യത്തിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസും ബിജെപിയും തമ്മിലാണ് അഞ്ച് സംസ്ഥാനങ്ങളിലും നേർക്കുനേർ ഏറ്റുമുട്ടുന്നത്. എന്നാലും സഖ്യകക്ഷികളെ പരമാവധി ഉൾകൊ ണ്ടായിരിക്കും സീറ്റ് വിഭജനം നടത്തുകയെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ജാതി സെൻസസ് ഈ തിരഞ്ഞെടുപ്പിലെ ഇന്‍ഡ്യ സഖ്യത്തിൻ്റെ മുഖ്യ പ്രചരണ വിഷയമായിരിക്കും. തിങ്കളാഴ്ച (ഒക്ടോ 9) ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മറ്റി ജാതി സെൻസസ് ഉടൻ നടപ്പാക്കണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. തീവ്ര ഹിന്ദുത്വ മുദ്രാവാക്യങ്ങൾ പിന്നണിയിലേക്ക് മാറ്റി വികസന നേട്ടങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവവും ഉയർത്തിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, വികസന മുരടിപ്പ്, ന്യൂനപക്ഷ പീഡനങ്ങൾ, മണിപ്പൂർ കലാപം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാവാതിരിക്കാൻ ബിജെപി പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുമോ എന്ന ആശങ്കയും ഇന്‍ഡ്യ സഖ്യത്തിനുണ്ട്.
മധ്യപ്രദേശ് 230, രാജസ്ഥാന്‍ 200, തെലങ്കാന 119 ,ഛത്തിസ്ഗഡ് 90 , മിസോറം 40 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തേയും സീറ്റുകൾ. അടുത്ത മാസം ഏഴു മുതൽ 30 വരെ വിവിധ തീയതികളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലായി 679 നിയമസഭാ സീറ്റുകളിലേക്ക് 16.14 കോടി ജനങ്ങളാണ് സമ്മതിദാനം വിനിയോഗിക്കുന്നത്. രാജ്യത്തെ ആകെ വോട്ടർമാരിൽ ആറിൽ ഒന്ന് ശതമാനം വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വിനിയോഗിക്കാൻ ഒരുങ്ങുന്നത്.
ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി 83 ലോക്സഭാ സീറ്റുകളാണുള്ളത്. മധ്യപ്രദേശ് 29, രാജസ്ഥാൻ 25, തെലങ്കാന 17 , ഛത്തീസ്ഗഡ് 11, മിസോറോം 1 എന്നിങ്ങനെയാണ്
ലോക്സഭാ സീറ്റുകൾ. ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസും , മധ്യ പ്രദേശിൽ ബിജെപിയും , തെലങ്കാനയിൽ ബിആർഎസും, മിസോറോമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് അധികാരത്തിലുള്ളത്. ബിജെപിക്കും കോൺഗ്രസിനും ജീവൻമരണ പോരാട്ടമാണ് നടക്കാനിരിക്കുന്നത്.
രാജസ്ഥാൻ ,മധ്യപ്രദേശ് ,ഛത്തീസ്ഗഡ്, തെലുങ്കാന, മിസോറം എന്നി സംസ്ഥാനങ്ങളിലും വിജയക്കൊടി പാറിക്കാനായാൽ ഇന്‍ഡ്യ സഖ്യത്തിന് നേതൃത്വം നല്‍കുന്നതില്‍നിന്ന് കോണ്‍ഗ്രസിനെ ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല. അഞ്ചിടങ്ങളിലും തിരിച്ചടി നേരിടുകയും മിസോറമിലും തെലങ്കാനയിലും നിലവിലെ സര്‍ക്കാറു കൾക്ക് തുടർ ഭരണം ലഭിക്കുകയും ചെയ്താൽ ചെയ്താല്‍ മുന്നണിക്കുള്ളിൽ കോണ്‍ഗ്രസിന്റെ അവസ്ഥ പരുങ്ങലിലാവുകയും വിലപേശല്‍ ശക്തി ദുര്‍ബലമാകുകയും ചെയ്യും. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം പോലും അട്ടിമറിക്കപ്പെടും.
ഭാരത് ജോഡോ യാത്രയുടെ വിജയത്തിന് ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പാണിത്. കർണാടകയിലെ പോലെ ഒരു മിന്നുന്ന വിജയം ഈ സംസ്ഥാനങ്ങളിൽ നേടാനായാൽ രാഹുൽ ഗാന്ധിക്കും അത് നൽകുന്ന മൈലേജ് വളരെ വലുതാണ്. അതു കൊണ്ട് രാഹുലിനും ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാണ്. അഞ്ചു സംസ്ഥാനങ്ങളിലും ഭരണം തിരിച്ചു പിടിക്കാനായില്ലെങ്കിൽ പാർട്ടിക്കുള്ളിലെ പ്രധാനമന്ത്രി മോദിയുടെ അപ്രമാദിത്തം ചോദ്യം ചെയ്യപ്പെടും. നേതൃമാറ്റം പോലും ആവശ്യപ്പെട്ടേക്കാം. അങ്ങനെ വന്നാൽ മാതൃസംഘടനയായ ആർഎസ്എസു പോലും മോദിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാനിടയുണ്ട്.
കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായ സംസ്ഥാനമാണ് രാജസ്ഥാൻ. നിലവിലെ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട് നയിക്കുന്ന സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തിയിരുന്നത് സ്വന്തം പാർട്ടിക്കാരനായ സച്ചിൻ പൈലറ്റാണ്. തൽക്കാലത്തേക്ക് ആ പടലപിണക്കങ്ങൾ മറന്ന് ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന പ്രതീതി രണ്ട് നേതാക്കളും സൃഷ്ടിച്ചിട്ടുണ്ട്. കോൺഗ്രസിനേക്കാൾ രൂക്ഷമായ തമ്മിലടിയും ഗ്രൂപ്പുപോരുമാണ് രാജസ്ഥാൻ ബിജെപിയിൽ നടക്കുന്നത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തി കാണിക്കാതെയാണ് പ്രചരണം നടത്താനൊരുങ്ങുന്നത്, കേന്ദ്ര മന്ത്രി ഗജേന്ദ്ര ശെഖാവത്ത്, രാജേന്ദ്ര രാഥോർ, സി.പി. ജോഷി, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയവർ മുഖ്യമന്ത്രി പദ മോഹികളാണ്.
ബിജെപി ഉയർത്തുന്ന വെല്ലുവിളികൾക്കൊപ്പം സച്ചിൻ പൈലറ്റ് ഉയർത്തുന്ന വെല്ലുവിളികളെയും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് നിലവിൽ സംസ്ഥാനത്ത് കോൺഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനാണ് അശോക് ഗെഹ്‌ലോട്ട് അധികാരത്തിയത്. വിമത നീക്കങ്ങൾക്കിടയിലും കാലാവധി തികയ്ക്കാ നായെങ്കിലും പാർട്ടിയിലെ തമ്മിലടി സംസ്ഥാനത്തെ വിജയസാധ്യത കുറയ്ക്കുമോ എന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.
ഛത്തീസ് ഗഡിൽ ഭൂപേഷ് ഭാഗലിന്റെ നേതൃത്വ ത്തിലുള്ള സര്‍ക്കാരിന് തുടർഭരണം കിട്ടുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഹൈക്കമാന്‍റ്. അഞ്ച് വർഷം സർക്കാരിനെതിരെ കാര്യമായ വെല്ലുവിളികൾ ഉയർത്താൻ പ്രതിപക്ഷമായ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല എന്നതും പാർട്ടിക്ക് ആത്മവിശ്വാസം പകരുന്നു. കഴിഞ്ഞ തവണ 90ല്‍ 68 സീറ്റുകളും നേടിയാണ് ഭൂപേഷ് ഭാഗല്‍ അധികാരം തിരിച്ചുപിടിച്ചത്. ഈ വർഷം മാര്‍ച്ചില്‍ നടന്ന കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം കുറ്റമറ്റ രീതിയിൽ നടത്തി നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാനും ഭാഗലിനായി. പാര്‍ട്ടിക്കുള്ളിലും പുറത്തും കരുത്തനാണ് ഭാഗല്‍. വലിയ അട്ടിമറികൾ സംഭവിച്ചില്ലെങ്കിൽ ഛത്തിസ്ഗഡില്‍ കോൺഗ്രസ് ഭരണം നിലനിർത്താനാണ് സാധ്യത. പ്രീ പോൾ സർവ്വെകൾ കോൺഗ്രസ് തിരിച്ചു വരവ് പ്രവചിട്ടുണ്ട്.
ഓപ്പറേഷൻ താമരയിലൂടെ കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു പോയ സംസ്ഥാനമാണ് മധ്യപ്രദേശ്. കഴിഞ്ഞ 20 വർഷത്തിനിടയിൽ 18 മാസത്തേക്ക്
മാത്രമാണ് സംസ്ഥാനത്ത് അധികാരത്തിൽ എത്താൻ കോൺഗ്രസിന് കഴിഞ്ഞത്. ജ്യോതിരാദിത്യ സിന്ധ്യയുടെ ഗ്രൂപ്പിൽപ്പെട്ട 22 എംഎൽഎമാർ രാജിവെച്ച് മറുകണ്ടം ചാടിയതോടെ കോൺഗ്രസിന് അധികാരം നഷ്ടമായി. കമൽ നാഥിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ നിലം പതിച്ചു.
ബിജെപിയുടെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിൽ ബിജെപി സർക്കാർ മധ്യപ്രദേശിൽ വീണ്ടും അധികാരത്തിലെത്തി. എന്നാൽ ബിജെപിക്കുള്ളില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കോണ്‍ഗ്രസില്‍നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള ചക്കളത്തിപ്പോര് തലവേദന സൃഷ്ടിക്കുന്നുണ്ട്. ചൗഹാൻ്റെ പ്രഭാവം മങ്ങിത്തുടങ്ങി എന്ന പ്രതീതി ഉള്ളതുകൊണ്ട് ഇത്തവണ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാണിക്കുന്നില്ല.
കോൺഗ്രസ് നേതാവ് കമൽനാഥിന് അനുകൂലമായ വലിയൊരു തരംഗം തന്നെ മധ്യപ്രദേശിൽ കാണാനുണ്ടെന്നാണ് പ്രീ – പോൾ സർവ്വെകൾ പ്രവചിച്ചിട്ടുള്ളത്. ബിജെപിയിൽ നിന്ന് എംഎൽഎമാരടക്കം നിരവധി പ്രാദേശിക നേതാക്കൾ കോൺഗ്രസിലേക്ക് കൂടുമാറ്റം നടത്തിയതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
എൻഡിഎ മുന്നണി ഭരിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമില്‍ പേരിന് മാത്രമാണ് എന്‍ഡിഎ മുന്നണിയുള്ളത്. ഒരു സീറ്റ് മാത്രമേ ഇവിടെ ബിജെപിക്കുള്ളു. ജനസംഖ്യയുടെ 87 ശതമാനവും ക്രിസ്ത്യൻ വിഭാഗമാണ്. മണിപ്പൂരില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷ ങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനമനസ് എങ്ങനെ ചിന്തിക്കുന്നുവെന്ന ചിത്രവും ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകും.
തെലങ്കാന സംസ്ഥാനം രൂപികരിച്ചത് കോൺഗ്രസ് ആണെങ്കിലും അവിടെ ഇതുവരെ അധികാരത്തിൽ എത്താൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ടിആർസ് നേതാവും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ റാവുവിന് വെല്ലുവിളി ഉയർത്താൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ് ഷര്‍മിളയെ തങ്ങളുടെ പാളയത്തിൽ എത്തിക്കാനായത് കോൺഗ്രസിന് നേട്ടമുണ്ടാക്കുമെന്നാണ് കണക്കുകൂട്ടൽ. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ – ശിവകുമാറിനാണ് തെലുങ്കാന പിടിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്. പ്രിയങ്കാഗാന്ധി സംസ്ഥാനത്ത് ക്യാംപ് ചെയ്താണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here