ജാമ്യം നല്‍കാതിരിക്കാന്‍ 12 കാരണങ്ങള്‍; വെളിവായത് റുവൈസിന്‍റെ തനിനിറം

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ പ്രതി റുവൈസിന് ജാമ്യം ലഭിക്കാതിരിക്കാൻ 12 കാരണങ്ങൾ കോടതിയിൽ ഉന്നയിച്ച് മെഡിക്കൽ കോളേജ് പോലീസ്. പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ഡോ. ഷഹ്നയെ റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിലെ പരാമർശങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷഹ്ന ജീവനൊടുക്കിയ സംഭവത്തിൽ മറ്റുള്ളവരുടെ പങ്കടക്കം അന്വേഷിക്കണ്ടതുണ്ട്. തുടർ അന്വേഷണത്തിനായിപ്രതിയെ പോലീസ് കസ്റ്റഡിൽ വേണമെന്നും അതിനുള്ള അപേക്ഷ ഉടൻ തന്നെ കോടതിയിൽ സമർപ്പിക്കുമെന്നും പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു .
പ്രതിക്ക് ജാമ്യം നൽകാതിരിക്കാൻ പോലീസ് കോടതിയിൽ സമർപ്പിച്ച കാരണങ്ങൾ
- സാമൂഹ്യ വിപത്തായ സ്ത്രീധനം ആവശ്യപ്പെട്ട പ്രതി സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള ഗുരുതര കുറ്റകൃത്യം ചെയ്തിട്ടുണ്ട്.
- സ്ത്രീധനം നിരന്തരം ആവശ്യപ്പെട്ടത് യുവഡോക്ടർ ആത്മഹത്യ ചെയ്യുന്നതിന് പ്രേരണയായി.
- ആത്മഹത്യാകുറിപ്പിൽ പ്രതിയുടെ പേരും പങ്കും പ്രതിപാദിച്ചിട്ടുണ്ട്.
- ”സ്ത്രീധന മോഹം കാരണം ഇന്നെന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്‌ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണ്”- ആത്മഹത്യക്കുറിപ്പിൽ ഗുരുതര പരാമർശങ്ങൾ പ്രതിക്കെതിരെ മരണപ്പെട്ട ഷഹ്ന രേഖപ്പെടുത്തിയിട്ടുണ്ട്
- പ്രതിയുടെ മൊബൈലിലേയ്ക്ക് ആത്മഹത്യക്കുറിപ്പിലെ വാചകങ്ങൾ മെസേജായി ഷഹ്ന അയച്ചിരുന്നു. ഇത് പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ തെളിവാണ്. ഇത് പ്രതി ഡിലീറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടു.
- ആത്മഹത്യാക്കുറിപ്പിന് സമാനമായിട്ടാണ് ഷഹ്നയുടെ അമ്മയും സഹോദരിയും മറ്റ് ബന്ധുക്കളും മൊഴി നൽകിയിട്ടുള്ളത്
- കുറ്റകൃത്യത്തിൽ പങ്കുള്ളവരെക്കുറിച്ച് അന്വേഷണം ആവശ്യമാണ്.
- സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യത്തിന് ഇടയാക്കിയ കരുനാഗപ്പള്ളി, വെഞ്ഞാറമ്മൂട് തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളെപ്പറ്റിയും അന്വേഷിക്കേണ്ടതുണ്ട്.
- പ്രതി സാക്ഷികളെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ സാധ്യതയുണ്ട്.
- സമൂഹ മനസാക്ഷിയെ ഞെട്ടിച്ച് സ്ത്രീധനം പോലുള്ള വിപത്തിന്റെ വക്താവായ പ്രതി ഭാവി പ്രതീക്ഷയായ ഒരു യുവ ഡോക്ടറെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് കാരണക്കാരനായി. പ്രതിയുടെ പ്രവർത്തി അപരിഷ്കൃതവും നീചവും നിലവിലുള്ള നിയമങ്ങളുടെ ലംഘനവുമാണ്.
- പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പോലീസ് കസ്റ്റഡിയിൽ വാങ്ങി പ്രതിയുടെ സാന്നിധ്യത്തിൽത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തേണ്ടതുണ്ട്.
- പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷ ഉടൻ സമർപ്പിക്കുന്നതാണ്.
മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനിയും വെഞ്ഞാറമ്മൂട് മൈത്രിനഗർ സ്വദേശിനിയുമാണ് ഷഹ്ന. തിങ്കളാഴ്ച രാത്രിയാണ് ഫ്‌ളാറ്റിൽ ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റഡിയിലായ പ്രതി പ്രതി റുവൈസിനെ ഈ മാസം 21വരെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here