കത്തോലിക്ക സഭയിലെ രോഗശാന്തിക്കാർക്കെതിരെ ട്രോൾ മഴ; രോഗബാധിതനായ പോപ്പിനെ രക്ഷിക്കാൻ അത്ഭുതങ്ങൾ ഇല്ലേയെന്ന് ചോദ്യങ്ങൾ

ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ്. ഈ മാസം 14നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയോട് പ്രതികരിക്കുന്നുണ്ട് എങ്കിലും അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് മെഡിക്കൽ സംഘം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. പോപ്പിൻ്റെ ആരോഗ്യത്തിനായി ലോകമെങ്ങും പ്രാർത്ഥനകളും നടക്കുന്നുണ്ട്.

മാർപ്പാപ്പയുടെ രോഗം ഭേദമാക്കാൻ എന്തുകൊണ്ട് കേരള കത്തോലിക്കാ സഭയിലെ രോഗശാന്തി ശുശ്രൂഷകർ ഇടപെടുന്നില്ല എന്ന ചർച്ചയാണ് ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയായിൽ സജീവമാകുന്നത്. സകല രോഗങ്ങളും പ്രാർത്ഥനയിലൂടെ ഭേദമാക്കിയെന്ന് സുവിശേഷ യോഗങ്ങളിലെല്ലാം അവകാശപ്പെടുന്ന ധ്യാനഗുരുക്കന്മാർ കേരളത്തിൽ ധാരാളമുണ്ടായിട്ടും ഇവരാരും അസുഖ ബാധിതനായി ആശുപത്രിയിൽ കിടക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ സുഖപ്പെടുത്താൻ പോകുന്നില്ലേയെന്ന ചോദ്യമാണ് പല കോണിൽ നിന്നും ഉയരുന്നത്.

എന്തിനുമേതിനും പ്രതിവിധിയും ആശ്വാസവുമൊക്കെ പ്രദാനം ചെയ്യുന്ന ആലപ്പുഴയിലെ കൃപാസനം നടത്തിപ്പുകാരെ കളിയാക്കിയാണ് ട്രോളുകൾ ഏറെയും. കൃപാസനം പത്രം അരച്ചു തിന്നാനുള്ള കല്ലുമായി എന്തുകൊണ്ട് വത്തിക്കാനിലേക്ക് പോകുന്നില്ലായെന്ന് ചോദിക്കുന്ന സരസന്മാർ നിരവധിയാണ്. ആസ്ഥാന കൃപാസനം വിശ്വാസികളും നടത്തിപ്പുകാരും ആരും പ്രതികരിക്കുന്നില്ല. രോഗശാന്തികളെക്കുറിച്ച് ധ്യാനകേന്ദ്രത്തിൽ നേരിട്ടെത്തി സാക്ഷ്യം പറയുന്നവർ ആവർത്തിക്കുന്ന ഒന്നാണ് ഇവിടെ നിന്നിറങ്ങുന്ന പത്രം ഭക്ഷണത്തിൽ അരച്ചുകഴിച്ചും മറ്റുള്ളവരെ കഴിപ്പിച്ചും രോഗം മാറിയെന്നത്. സ്ഥാപനം നടത്തിപ്പുകാരോ സഭയോ ഈ വികൃത പ്രചാരണത്തെ ഇനിയും വിലക്കിയിട്ടോ നിയന്ത്രിച്ചിട്ടോ പോലുമില്ല.

ഇവിടെ നടത്തിയ പ്രസംഗത്തിലാണ് കോൺഗ്രസ് നേതാന് എ കെ ആൻ്റണിയുടെ ഭാര്യ എലിസബത്ത് മകൻ്റെ ബിജെപി പ്രവേശനത്തെക്കുറിച്ച് വിശദകീരിച്ചത്. മകൻ അനിൽ ആൻ്റണിക്ക് ബിജെപിയിൽ ചേരാൻ അവസരമൊത്തത് കൃപാസനത്തിലെ പ്രാർത്ഥന കൊണ്ടാണെന്നാണ് അവർ പറഞ്ഞത്. ധ്യാനകേന്ദ്രത്തിൻ്റെ ചുമതലക്കാരനായ വൈദികനോടും ആലോചിച്ച ശേഷമാണ് മകൻ്റെ നല്ല ഭാവി കണക്കിലെടുത്ത് ബിജെപിയിൽ ചേരാൻ അയച്ചത്. എ കെ ആന്‍റണിക്ക് വീണ്ടും പ്രവർത്തക സമിതി അംഗത്വം കിട്ടിയതും ആരോഗ്യവും ആത്മവിശ്വാസവും വീണ്ടെടുത്തതും കൃപാസനത്തിലൂടെയാണെന്നും മറ്റും അവർ വിളിച്ചുപറഞ്ഞത് ആൻ്റണിക്കും കോൺഗ്രസിനും കുറച്ചൊന്നുമല്ല തലവേദനയായത്.

ഇത്തരം രോഗശാന്തി നടത്തിപ്പുകാർ സമീപകാലത്തൊന്നും നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോൾ അഭിമുഖീകരിക്കുന്നത്. രോഗാവസ്ഥയിൽ കിടക്കുന്ന സഭയുടെ തലവനെ പ്രാർത്ഥനയിലൂടെ രോഗശാന്തി വരുത്തി രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണ് വിശ്വാസത്തിൻ്റെ പേരിൽ ഉഡായിപ്പുകൾ എന്നുള്ള ചോദ്യത്തിന് തല്ക്കാലം മറുപടി ഇല്ല. കോവിഡ് കാലത്ത് പത്തിതാഴ്ത്തികിടന്ന സകല സഭകളിലേയും രോഗശാന്തി കച്ചവടക്കാർ വീണ്ടും സജീവമായി കളത്തിലിറങ്ങിയിട്ടുണ്ട്. കാശുവാങ്ങി ചില ലൊട്ടുലൊടുക്ക് അഭ്യാസങ്ങൾ കാണിച്ച് ജനത്തെ പറ്റിക്കുകയും അവരുടെ അജ്ഞതയെ ചൂഷണം ചെയ്യുകയുമാണ് പതിവ്. ഇവർ പറയുന്ന അത്ഭുതങ്ങൾക്കോ രോഗശാന്തിക്കോ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്നത് വ്യക്തമാണ്.

അത്ഭുത രോഗശാന്തികൾ മുഖമുദ്രയാക്കി 1990കളുടെ തുടക്കത്തിൽ കേരളത്തിൽ ഉയർന്നുവന്ന കരിസ്മാറ്റിക് പ്രസ്ഥാനങ്ങളുടെ തലതൊട്ടപ്പനായി അറിയപ്പെടുന്ന കത്തോലിക്കാ പുരോഹിതൻ ഫാദർ മാത്യു നായിക്കംപറമ്പിൽ പക്ഷെ, 2020ൽ തനിക്ക് കോവിഡ് ബാധിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സ തേടുകയാണ് ചെയ്തത്. ചാലക്കുടി പോട്ടയിൽ അദ്ദേഹം സ്ഥാപിച്ച ഡിവൈൻ റിട്രീറ്റ് സെൻ്റർ ആദ്യകാല രോഗശാന്തി ശുശ്രൂഷകളുടെ കേന്ദ്രമായിരുന്നു. ക്രിസ്തു പ്രവർത്തിച്ചതായി ബൈബിൾ പറയുന്നതിനേക്കാൾ വിപുലവും വിചിത്രവുമായ രോഗശാന്തികളാണ് അദ്ദേഹവും കൂട്ടരും ഈ കേന്ദ്രത്തിൽ നടത്തിയതായി അവകാശപ്പെട്ടിട്ടുള്ളത്.

കോവിഡ് അദ്ദേഹത്തെ പിടികൂടുന്നതിന് തൊട്ടുമുമ്പ് കോഴിക്കോട് ജില്ലയിൽ വ്യാപിച്ച നിപ്പ രോഗത്തെ പിടിച്ചുകെട്ടിയതിനെക്കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തൽ കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെയാകെ പരിഹാസ്യമാക്കിയതാണ്. കണ്ണൂർ ജില്ലയിലൊരിടത്ത് നടത്തിയ പ്രാർത്ഥനക്കിടെ കർത്താവ് തന്നോട് നേരിട്ട് ആവശ്യപ്പെട്ടത് പ്രകാരം നിപ്പയെ സമർപ്പിച്ച് പ്രാർത്ഥിച്ചു, അങ്ങനെയാണ് പകർച്ചവ്യാധി കോഴിക്കോട് വിട്ടുപോയതെന്നും നിപ്പയെന്ന് പിന്നീടാരും കേട്ടിട്ടുപോലുമില്ല എന്നുമാണ് ഫാ.നായ്ക്കംപറമ്പിൽ അവകാശപ്പെട്ടത്. “ശാസ്ത്രജ്ഞന്മാർ പഠിച്ചത് കൊണ്ടല്ല അത് മാറിയത് യേശുനാമത്തിൻ്റെ വിശുദ്ധ കുർബാനയുടെ അനന്തമായ യോഗ്യതയാൽ നിപ്പ വൈറസ് അപ്രത്യക്ഷമായി” -ഇതായിരുന്നു അവകാശവാദം. നിപ്പ പിന്നീടും കോഴിക്കോട്ടും എറണാകുളത്തുമെല്ലാം വന്നെങ്കിലും നായ്ക്കംപറമ്പിലച്ചൻ ഇടപെട്ടതായി കേട്ടില്ല.

ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ ചുവടുപിടിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം പൊട്ടിമുളച്ച് കരിസ്മാറ്റിക് രോഗശാന്തി കേന്ദ്രങ്ങളിൽ ഏറ്റവുമധികം ആളെ കൂട്ടുന്നതാണ് ഫാ.ഡൊമിനിക് വാളൻമനാൽ 2009ൽ ഇടുക്കി അണക്കരയിൽ മരിയൻ റിട്രീറ്റ് സെൻ്റർ. വചനപ്രഘോഷണം, രോഗശാന്തി, ഭൂതോച്ചാടനം, വിടുതൽ എന്നീ ശുശ്രൂഷകൾക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെടുകയും അഭിഷേകം ചെയ്യപ്പെടുകയും ചെയ്ത കത്തോലിക്കാ പുരോഹിതനാണ് താൻ. ഇത്തരം ശുശ്രൂഷകൾക്ക് 96 രാജ്യങ്ങളിലായി വിദേശികളടക്കം ഒട്ടേറെ ആവശ്യക്കാരുണ്ട് – സ്വന്തം വെബ്സൈറ്റിൽ ഫാ.വാളൻമനാലിൻ്റെ അവകാശവാദം ഇങ്ങനെയാണ്.

ഓട്ടിസം വരെ പ്രാർത്ഥന കൊണ്ട് സുഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഇദ്ദേഹത്തിൻ്റെ ഒരു പരാമർശം വൻ വിവാദമായിരുന്നു. മാതാപിതാക്കൾ സ്വവർഗഭോഗം നടത്തുന്നത് കൊണ്ടാണ് മക്കൾക്ക് ഓട്ടിസം ബാധിക്കുന്നത് എന്നായിരുന്നു വിദേശത്ത് ഒരു ധ്യാനപരിപാടിക്കിടെ അദ്ദേഹം വിളിച്ചുപറഞ്ഞത്. ഇതിൽ പ്രതിഷേധം രൂക്ഷമായി പിന്നീടുള്ള ചില വിദേശ പരിപാടികളിൽ നിന്ന് വിലക്കുണ്ടായതോടെ ബിസിനസ് നഷ്ടം പരിഹരിക്കാൻ മാപ്പുപറഞ്ഞ് തടിയൂരുകയാണ് ചെയ്തത്. മുംബൈയിലെ ഒരു ആശുപത്രിയുടെ ഐസിയുവിൽ ഉണ്ടായ അണുബാധ പരിഹരിക്കാൻ വിദഗ്ധരായ ഡോക്ടർമാർക്ക് കഴിയാതിരിക്കെ, ഒറ്റമണിക്കൂർ കൊണ്ട് താനത് ഒഴിപ്പിച്ചെടുത്തു എന്നും ഇദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. ഒറ്റരാത്രി കൊണ്ട് ധാരാവി ചേരി ഒഴിപ്പിച്ചെടുത്ത മോഹൻലാൽ കഥാപാത്രത്തിൻ്റെ മട്ടിൽ ഇവരൊക്കെ ഇങ്ങനെ രംഗത്തെത്തിയോടെ കരിസ്മാറ്റിക് നവീകരണ കേന്ദ്രങ്ങൾ വെറും കച്ചവട കേന്ദ്രങ്ങളായി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്.

സിറോ മലബാർ സഭയുടെ പാലക്കാട് രൂപതയിൽ നിന്നുള്ള വൈദികൻ, വട്ടായിൽ അച്ചൻ എന്നറിയപ്പെടുന്ന ഫാദർ സേവ്യർ ഖാൻ വട്ടായിൽ സമാനമായ നിലയിൽ ധ്യാനകേന്ദ്രം നടത്തുന്ന വൈദികനാണ്. ഭൂമിശാസ്ത്രപരമായ സൗകര്യം കൊണ്ട് കേരളത്തിന് പുറത്തുനിന്നും ഒട്ടേറെപ്പേർ രോഗശാന്തി തേടി വട്ടായിലച്ചൻ്റെ സെഹിയോൻ മിനിസ്ട്രീസിലേക്ക് എത്തുന്നുണ്ട്.

ഇവയ്ക്ക് പുറമെ ചെറുതും വലുതുമായ ഒട്ടേറെ വ്യക്തിഗത ധ്യാനകേന്ദ്രങ്ങൾ കേരളത്തിൽ പലയിടത്തും ഉണ്ട്. ഇവക്കൊന്നും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകാരം നൽകുന്നില്ല എങ്കിലും ഇവയിൽ പലതും മെത്രാൻമാരുടെ അടക്കം ഔദ്യോഗിക കേന്ദ്രങ്ങളുടെ പിന്തുണയിലും പ്രോത്സാഹനത്തിലും ആണ് പ്രവർത്തിക്കുന്നത്. ഇവിടേക്കുള്ള മെത്രാന്മാരുടെ സന്ദർശനങ്ങൾ
ഇവരുടെ വിശ്വാസ്യതക്കും പ്രചാരത്തിനും ആക്കംകൂട്ടുന്ന ഘടകങ്ങളുമാണ്. “കേരളത്തിന് പുറത്ത് ഏതെങ്കിലും നാട്ടിൽ ഇത്രയധികം ധ്യാനകേന്ദ്രങ്ങളും രോഗശാന്തിക്കാരും ഉണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് ലോകമെങ്ങും എല്ലാ വിഭാഗത്തിൽ നിന്നും ആരാധകരുള്ള പോപ്പ് ഫ്രാൻസിസിൻ്റെ ആരോഗ്യ കാര്യത്തിനായി എല്ലാവരും കേരളത്തിലേക്ക് ഉറ്റുനോക്കുന്നത്” – പ്രചരിക്കുന്ന ട്രോളുകളിൽ ഒന്നിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top