വെറുതേയല്ല കൂടുതൽ കുട്ടികളെ ജനിപ്പിക്കാനുള്ള ആഹ്വാനം; കേന്ദ്ര നീക്കത്തെ ജനസംഖ്യ വർധിപ്പിച്ച് ചെറുക്കാൻ ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാർ
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് പിന്നാലെ ജനസംഖ്യ വർധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കേന്ദ്രസർക്കാർ ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങൾ പുനക്രമീകരിക്കാൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരുവരുടേയും പ്രതികരണം എന്നതും ശ്രദ്ധേയമാണ്.
‘പതിനാറും പെറു പെരു വാഴ്‌വ് വാഴ്ക’ എന്ന തമിഴ് പഴഞ്ചൊല്ല് ചൂണ്ടിക്കാട്ടിയാണ് ആഹ്വാനം. ആളുകൾക്ക് പതിനാറ് തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം. എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് കൂടുതൽ കുട്ടികൾ ഉണ്ടായിക്കൂടായെന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിച്ചു. ചെന്നൈയിൽ സർക്കാർ സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ.
ആന്ധ്രയിലെ ജനസംഖ്യാ വളർച്ചാ നിരക്കിലെ ഇടിവിലുണ്ടായ ആശങ്ക പങ്കുവച്ചായിരുന്നു ചന്ദ്രബാബു നായിഡുവിൻ്റെ ആഹ്വാനം. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ അർഹത നൽകുന്ന നിയമം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടുതൽ കുട്ടികൾ ഉണ്ടാകാൻ വേണ്ടി സംസ്ഥാനത്തെ ദമ്പതിമാരോട് ചന്ദ്രബാബു നായിഡു അഭ്യർത്ഥനയും നടത്തിയിരുന്നു.
2047ന് ശേഷം ആന്ധ്രാപ്രദേശിൽ യുവാക്കളെക്കാൾ കൂടുതൽ പ്രായമായവർ ഉണ്ടാകുമെന്ന പ്രസ്താവനയും നേരത്തേ അദ്ദേഹം നടത്തിയിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന നിയമവും ഈ വർഷം ഓഗസ്റ്റിൽ ആ ന്ധ്ര സർക്കാർ റദ്ദാക്കുകയും ചെയ്തിരുന്നു.
ജനസംഖ്യാ അടിസ്ഥാനത്തില്‍ മണ്ഡലങ്ങൾ നിർണയിച്ചാൽ അത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ജനസംഖ്യാ നിയന്ത്രണത്തിൽ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകും എന്ന റിപ്പോർട്ടുകൾക്കിടയിലാണ് സ്റ്റാലിൻ്റെയും നായിഡുവിൻ്റെയും ആഹ്വാനം. 2026 അവസാനത്തോടെ പുനർനിർണയ നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നതായിട്ടാണ് സൂചനകൾ.
പുതിയ പാർലമെൻ്റിൽ 888 ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുള്ളത് ഇതിൻ്റെ ഭാഗമായിട്ടാണ് എന്നും അഭ്യൂഹങ്ങളുണ്ട്. നിലവിലെ അംഗബലം 543ൽ നിന്നും ഉയരും എന്നതിൻ്റെ സൂചനയാണ് നൽകുന്നത്. പുനർനിർണയത്തിന് ശേഷം 800 ലേറെ ലോക്സഭാ മണ്ഡലങ്ങൾ രാജ്യത്തുണ്ടാകും എന്നാണ് ഒരു വിഭാഗം വിദഗ്ദര്‍ പറയുന്നത്. ഉത്തർപ്രദേശിലെയും ബിഹാറിലെയും സീറ്റുകൾ കൂടി 200 ന് മുകളിൽ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ യുപിയിൽ 80 സീറ്റുകളും ബീഹാറിൽ 41 സീറ്റുകളുമായി ആകെ 121 സീറ്റുകളാണുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here