ഹരിയാനയിൽ എന്തുകൊണ്ട് കോൺഗ്രസ് തോറ്റു; അഴിമതിക്കാരെ ഒഴിവാക്കാതെ താത്വിക അവലോകനം നടത്തിയിട്ടെന്ത് കാര്യം?

ഒരിക്കൽ കൂടി എക്സിറ്റ് പോൾ കച്ചവടക്കാർ തോറ്റു തുന്നം പാടി. കോൺഗ്രസ് വൻ ഭൂരിപക്ഷത്തിൽ ഹരിയാനയിൽ ഭരണത്തിൽ തിരിച്ചു വരുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. പക്ഷേ, അതെല്ലാം അപ്രസക്തമാക്കും വിധത്തിലാണ് തിരഞ്ഞെടുപ്പ് ഫലം വരുന്നത്.

കേവല ഭൂരിപക്ഷത്തിന് വേണ്ടതിനേക്കാൾ കൂടുതൽ സീറ്റ് നേടി മൂന്നാം വട്ടവും ബിജെപി ഹരിയാനയിൽ അധികാരത്തിലെത്തുന്നു. മൂന്നാം വട്ടത്തേക്കുള്ള മുഖ്യമന്ത്രിക്കുപ്പായം തുന്നി വെച്ച കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിങ് ഹൂഡ  പരാജയം സമ്മതിച്ച് തിരഞ്ഞെടുപ്പ് ഫലങ്ങൾ പൂർണമായി പ്രഖ്യാപിക്കുന്നതിന് മുമ്പേ പാർട്ടി ഓഫീസിൽ നിന്ന് ഓടി തള്ളി.

10 വർഷം അധികാരത്തിലിരുന്ന ബിജെപി സർക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടെന്നായിരുന്നു ബിജെപിക്കാർ പോലും വിശ്വസിച്ചിരുന്നത്. കോൺഗ്രസാണെങ്കിൽ അധികാരം പിടിച്ചെടുത്ത മട്ടിലായിരുന്നു. പക്ഷേ, എല്ലാ കണക്കുകൂട്ടലും കീഴ്മേൽ മറിച്ച് 90 അംഗ നിയമസഭയിൽ ബിജെപി ഏതാണ്ട് 50 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. ഈ നില തുടർന്നാൽ വീണ്ടും അധികാരത്തിലേക്ക് വരുമെന്നുറപ്പായി. അന്തിമ ഫലം ഇനിയും പുറത്തു വന്നിട്ടില്ല.

കോൺഗ്രസിന് 40. 57 ശതമാനം വോട്ടും 55 മുതൽ 62 സീറ്റുവരെ കിട്ടുമെന്നാണ് വോട്ടെടുപ്പ് ദിവസം വരെ തിരഞ്ഞെടുപ്പ് പ്രവാചകർ പറഞ്ഞത്. ഇന്ന് രാവിലെ വോട്ടെണ്ണൽ തുടങ്ങി ആദ്യ രണ്ട് മണിക്കൂറിൽ കോൺഗ്രസിൻ്റെ കുതിരയുടെ കുതിപ്പിനെക്കുറിച്ചായിരുന്നു ചാനലുകൾ പാടിപ്പുകഴ്ത്തിയത്. പത്ത് മണി മുതൽ സംഗതി മാറി മറിഞ്ഞു. വാടിത്തളർന്നു നിന്ന താമരപ്പാടങ്ങൾ പൂത്തുലയാൻ തുടങ്ങി. ആ കുതിപ്പ് ഇതെഴുതുന്ന വേളയിലും തുടരുന്നു.

ഹരിയാനയിലെ പ്രധാന ജാതി വിഭാഗമായ ജാട്ട് സമുദായത്തിൻ്റെ പിന്തുണ പ്രതീക്ഷിച്ച കോൺഗ്രസിൻ്റെ മോഹങ്ങൾ ഫലം കണ്ടില്ല. ഒപ്പം ദലിത്, മുസ്ലീം വിഭാഗങ്ങളും കാര്യമായി പിന്തുണച്ചില്ലാ എന്നാണ് റിസൾട്ട് സൂചിപ്പിക്കുന്നത്. എന്നാൽ ജാട്ട് ഇതര വിഭാഗങ്ങളിലേക്കും പിന്നോക്ക സമുദായങ്ങളിലേക്കും തന്ത്രപരമായി കടന്നു കയറാൻ ബിജെപിക്കു കഴിഞ്ഞു.

കർഷകരുടെ പിന്തുണ മൊത്തമായി കിട്ടുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 2020 മുതൽ തുടരുന്ന കർഷക പ്രക്ഷോഭങ്ങൾ ഹരിയാനയിൽ ഇപ്പോഴും തുടരുന്നുണ്ട്. എന്നിട്ടും ബിജെപി ഭരണം തിരിച്ചു പിടിച്ചെങ്കിൽ അതിന് കാരണം സംസ്ഥാന കോൺഗ്രസിലെ തമ്മിൽത്തല്ലും കുതികാൽ വെട്ടുമാണ്. ഹൂഡ കൂടുംബം വീണ്ടും ഭരണം പിടിക്കാൻ നടത്തിയ കുത്തിതിരുപ്പുകൾക്ക് ജനം അംഗീകാരം നൽകിയില്ല എന്നാണ് തിരിച്ചടി വ്യക്തമാക്കുന്നത്.

ദലിത് വിഭാഗങ്ങൾക്കിടയിൽ നിർണായക സ്വാധീനമുള്ള കുമാരി ഷെൽജയെ വെട്ടി മാറ്റി ഭരണം പിടിക്കാൻ ഭൂപീന്ദർ സിങ് ഹൂഡയും മകനും നടത്തിയ ഓപ്പറേഷൻ പൂർണമായി പാളിപ്പോയി. തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാണിക്കണമെന്ന ആവശ്യത്തോട് രാഹുൽ ഗാന്ധി മുഖം തിരിച്ചത് ഹൂഡക്ക് ക്ഷീണമായി.

2004 മുതൽ 2014 വരെ അധികാരത്തിലിരുന്ന ഹൂഡ സർക്കാരിൻ്റെ അഴിമതിയും ഗുണ്ടായിസവും ജനങ്ങൾ പൂർണമായി മറന്നിട്ടില്ല. വീണ്ടും അതേ മാഫിയ സംഘങ്ങൾ ഭരണത്തിൽ പിടിമുറുക്കുമോ എന്ന് വോട്ടർമാർ ഭയപ്പെട്ടിട്ടുണ്ടാവും. അതിലും ഭേദം ബിജെപി ആണെന്ന് ജനങ്ങൾക്ക് തോന്നിയതാവും പ്രവചനങ്ങൾ പാളിപ്പോകാൻ കാരണം.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ബിജെപിക്കെതിരെ കാര്യമായ അഴിമതി ആരോപണങ്ങൾ ഒന്നും ഉയർന്നു വന്നിട്ടില്ല. അഴിമതിക്കാരനായ ഹൂഡക്ക് പകരം മെച്ചപ്പെട്ട പ്രതിഛായ ഉള്ള ഒരാളെ മുന്നോട്ട് കൊണ്ടു വന്നിരുന്നെങ്കിൽ ഒരു പക്ഷേ കോൺഗ്രസ് അധികാരം പിടിക്കുമായിരുന്നു. ലളിതമായി പറഞ്ഞാൽ കാട്ടുകള്ളമ്മാരെ ഇനിയെങ്കിലും കോൺഗ്രസ് പടിക്ക് പുറത്ത് നിർത്തുന്നില്ലെങ്കിൽ അധികാരം തിരിച്ചു പിടിക്കുക അത്ര എളുപ്പമല്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top