സോളാർ പീഡനക്കേസിലെ സിബിഐ റിപ്പോർട്ട് പുറത്തുവിടാൻ ഉമ്മൻചാണ്ടി മടിച്ചു; കാരണം വെളിപ്പെടുത്തി ആർ.കെ.ബാലകൃഷ്ണൻ
അറുപത് വർഷത്തിലേറെ നീണ്ട പൊതുജീവിതത്തിൽ ഉമ്മൻ ചാണ്ടി നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു സോളാർ കേസുകൾ. അതിൽ തന്നെ പരാതിക്കാരി ഒടുവിൽ ഉന്നയിച്ച പീഡനാരോപണം രാഷ്ട്രിയ എതിരാളികളും ഏറ്റുപിടിച്ചത് വലിയ അഗ്നിപരീക്ഷയിലേക്കാണ് അവസാനനാളുകളിൽ അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. 2016ൽ പിണറായി വിജയൻ അധികാരമേറ്റ ഉടൻ കേസ് സിബിഐക്ക് വിട്ടു. തുടർന്ന് ഏഴുവർഷത്തോളമെടുത്ത് പരമോന്നത ഏജൻസി നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിൻ്റെ നിരപരാധിത്വം വെളിവായത്. മരണത്തിന് ഏതാനും നാളുകൾക്ക് മുൻപ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി സിബിഐ റിപ്പോർട്ട് കൊടുത്തെങ്കിലും മരണത്തിന് തൊട്ടുപിന്നാലെ മാത്രമാണ് കോടതി അത് അംഗീകരിച്ചത്.
പിന്നീട് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം മാധ്യമ സിൻഡിക്കറ്റ് ചാനൽ ഈ റിപ്പോർട്ട് പുറത്തുവിടുമ്പോൾ മാത്രമാണ് ഇതിലെ വിശദാംശങ്ങൾ പുറംലോകം അറിയുന്നത്. 77 പേജ് വരുന്ന ആ റിപ്പോർട്ടിൽ ഉടനീളം അദ്ദേഹത്തിനെതിരെ പല തലങ്ങളിൽ നടന്ന ഗൂഡാലോചനയുടെ വിശദാംശങ്ങളാണ് ഉണ്ടായിരുന്നത്. മാധ്യമ സിൻഡിക്കറ്റ് പുറത്തുവിട്ട വാർത്തകളിലൂടെ ഉമ്മൻ ചാണ്ടിയോട് ചെയ്ത അനീതിയുടെ ആഴം തിരിച്ചറിഞ്ഞ പൊതുസമൂഹം ഇതേറെ ചർച്ച ചെയ്യുകയും ചെയ്തതാണ്. ഇതോടെ സാധാരണക്കാർ വരെ വേദനയോടെ ചോദിച്ച ചോദ്യമാണ്, മരിക്കും മുൻപ് ഇതെല്ലാം ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നോ എന്നത്. റിപ്പോർട്ടിൻ്റെ പകർപ്പ് എടുത്ത് ഉമ്മൻ ചാണ്ടിക്ക് നൽകിയിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ സന്തോഷ് കുമാർ പിന്നീട് വെളിപ്പെടുത്തി.
അപ്പോഴും ഒരു ചോദ്യം അവശേഷിച്ചു. എന്തുകൊണ്ട് ഉമ്മൻ ചാണ്ടി ഇത് പുറത്തറിയിച്ചില്ല. വ്യാജമായി തൻ്റെ മേൽ കെട്ടിവച്ച ലൈംഗിക പീഡനക്കേസിൻ്റെ യാഥാർത്ഥ്യം കേരള സമൂഹം അറിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ലേ? അതിന് പിന്നിലെ വസ്തുതയാണ് ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിൻ്റെ വിശ്വസ്തനായിരുന്ന ആർ.കെ.ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നത്. പാമോലിൻ കേസുമായി ബന്ധപ്പെട്ടുണ്ടായ ചില അനുഭവങ്ങളാണ് ഉമ്മൻ ചാണ്ടിയെ അന്നത് മൂടിവയ്ക്കാൻ പ്രേരിപ്പിച്ചതെന്ന് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ.കെ.ബാലകൃഷ്ണൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
വിശദാംശങ്ങൾക്കായി വീഡിയോ സ്റ്റോറി കാണാം:
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here