ഹിസ്ബുല്ലകൾ പേജർ ഉപയോഗിക്കാൻ കാരണമെന്ത്? കാലഹരണപ്പെട്ട ഉപകരണം ലബനനിൽ വന്നതിൻ്റെ പിന്നിലെ രഹസ്യം

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള തീവ്രവാദി ആക്രമണങ്ങളും ബോംബ് സ്ഫോടനങ്ങളും പതിവായി നടക്കാറുണ്ട്. അതിൽ നിന്നെല്ലാം വ്യത്യസ്തമായ ബോംബ് സ്ഫോടന പരമ്പരയാണ് ലെബനിൽ ഇന്നലെ നടന്നത്. വാർത്താ വിനിമയ ഉപകരണമായ പേജർ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തിൽ പതിനൊന്നോളം പേര്‍ കൊല്ലപ്പെടുകയും 2800ല്‍ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതിനൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ ബോംബ് പൊട്ടിക്കൽ ലോകത്തെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

എന്താണ് പേജർ

ഹൃസ്വമായ സന്ദേശങ്ങൾ റേഡിയോ ഫ്രീക്വൻസിയുടെ സഹായത്തോടെ അയക്കുന്ന ഉപകരണമാണ് പേജർ അഥവ ബീപ്പർ. മൊബൈൽ ഫോണുകൾ പ്രചാരത്തിലെത്തുന്നതിന് മുമ്പേ വന്ന വാർത്ത വിനിമയ ഉപകരണമാണ് പേജർ. സന്ദേശങ്ങൾ ലഭിക്കുമ്പോൾ ബീപ് സന്ദേശം പുറപ്പെടുവിക്കുന്നത് കൊണ്ടാണ് ബീപ്പർ എന്നും ഈ ഉപകരണത്തെ വിളിക്കുന്നത്. ജപ്പാനിൽ പേജറിന് പോക്കറ്റ് ബെൽ എന്നും വിളിപ്പേരുണ്ട്. സന്ദേശം ലഭിച്ചാലുടൻ ലാൻഡ് ഫോൺ മുഖാന്തിരം മറുപടി കൊടുക്കാൻ കഴിയും. മാധ്യമ പ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ, സാങ്കേതിക പ്രവർത്തകർ, ഇങ്ങനെ നിരവധി മേഖലയിലുള്ളവരായിരുന്നു പേജറിൻ്റെ ഉപയോക്താക്കൾ.

Also Read: ഹിസ്‌ബുല്ലക്ക് എത്തുംമുന്‍പ് പേജറുകള്‍ മൊസാദിന് ലഭിച്ചോ; ലബനനിലേത് ഇതുവരെ ലോകം കാണാത്ത സ്ഫോടന പരമ്പര

1949ൽ അമേരിക്കയിലെ സാങ്കേതിക വിദഗ്ധനായ ആൽഫ്രഡ് ഗ്രോസ് ആണ് പേജർ കണ്ടുപിടിച്ചത്. 1959ൽ മോട്ടറോള കമ്പനി പേജർ എന്ന പേരിന് പേറ്റൻ്റ് നേടി.1964ൽ മോട്ടോറോള കമ്പനിയുടെ ആദ്യ പേജറായ ‘ പേജർ ബോയി 1’ മാർക്കറ്റിലിറങ്ങി. പക്ഷേ, അത് ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക തികവോടെ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത് എൺപതുകളുടെ തുടക്കത്തിലാണ്. ഒരുപാട് മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷം മെസേജുകൾ വായിക്കാൻ കഴിയുന്ന സ്ക്രീൻ ഉള്ള പേജറുകൾ വിപണിയിലെത്തി. 1994ൽ ലോകവ്യാപകമായി 610 ലക്ഷത്തിലധികം പേജർ ഉപഭോക്താക്കൾ ഉണ്ടായിരുന്നതായാണ് അമേരിക്കൻ പേജർ നിർമാണ കമ്പനിയായ സ്പോക്ക് അവകാശപ്പെട്ടിരുന്നത്. തൊണ്ണൂറുകളുടെ മധ്യത്തോടെ മൊബൈൽ ഫോൺ വ്യാപകമായതോടെ പേജറുകൾ അപ്രത്യക്ഷമായി.

Also Read: ഇസ്രയേലിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹിസ്ബുല്ല; ലബനനിലെ പേജര്‍ ആക്രമണത്തിന് ശേഷമുള്ള ശക്തമായ പ്രതികരണം

തീവ്രവാദ സംഘടനയായ ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങളില്‍ ഇസ്രയേലി ചാര സംഘടനയായ മൊസാദ് നിരീക്ഷണം വ്യാപകമാക്കിയതോടെ അവർ മൊബൈൽ ഫോണുകൾ ഉപേക്ഷിച്ചു. മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരുടെ ലൊക്കേഷൻ കണ്ടെത്താൻ എളുപ്പമായതുകൊണ്ട് മൊസാദ് കമാൻഡോകൾ ഹിസ്ബുല്ല തീവ്രവാദികളെ ഡ്രോൺ ഉപയോഗിച്ച് തകർക്കുന്നത് പതിവായിരുന്നു. ഈ ഘട്ടത്തിലാണ് ഹിസ്ബുല്ല പ്രവർത്തകർ പേജറിലേക്ക് തിരിഞ്ഞത്.

Also Readപേജറുകൾ പൊട്ടിത്തെറിച്ച് എട്ട് ഹിസ്ബുള്ളക്കാര്‍ മരിച്ചു; ഇസ്രയേൽ അട്ടിമറിയെന്ന് സംശയം; 2750 പേര്‍ക്ക് പരുക്ക്

പേജറിലെ സന്ദേശങ്ങൾ ചോർത്താനോ, ട്രാക്ക് ചെയ്യാനോ കഴിയാത്തതുകൊണ്ടാണ് ഹിസ്ബുല്ലയുടെ സാങ്കേതിക വിഭാഗം പേജർ ഉപയോഗത്തിലേക്ക് തിരിഞ്ഞത്. തായ്‌വാൻ കമ്പനിയായ ഗോൾഡ് അപ്പോളോ നിർമ്മിച്ച 5000 പേജറുകളിലാണ് സ്ഫോടക വസ്തു വച്ചിരുന്നത്. ഹിസ്ബുല്ല അധികൃതർക്ക് പേജറുകൾ കൈമാറുന്നതിന് മുമ്പ് തന്നെ പേജറിനുള്ളിൽ പൊട്ടിത്തെറിക്കുന്ന വസ്തുക്കൾ നിറച്ചുവെന്നാണ് അനുമാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top