മസാലബോണ്ടിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് ഇഡിയോട് ഹൈക്കോടതി; കടുത്ത നടപടി പാടില്ലെന്ന് നിർദേശം, കേസ് ഏപ്രിൽ ഒൻപതിന് പരിഗണിക്കാൻ മാറ്റി

കൊച്ചി: മസാലബോണ്ടുമായി ബന്ധപ്പെട്ട കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് എന്തിനെന്ന് കോടതിയെ എങ്കിലും ബോധ്യപ്പെടുത്തണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) ഹൈക്കോടതി. ചോദ്യം ചെയ്യുന്നതിന്റെ ആവശ്യകത കൃത്യമായി അറിയിക്കണമെന്ന് ജസ്റ്റിസ് ടി.ആർ.രവി നിർദ്ദേശിച്ചു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നിരന്തരം സമൻസ് അയയ്ക്കുന്നതായി കാണിച്ച് തോമസ് ഐസക്ക് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മസാല ബോണ്ടുമായി ബന്ധപ്പെട്ട് കിഫ്‌ബി സമർപ്പിച്ച ഹർജിയും കോടതി ഇന്ന് പരിഗണിച്ചു.
കിഫ്ബിയുമായി ബന്ധപ്പെട്ട കേസിൽ വാദം കേൾക്കുന്നത് മേയ് 22ലേക്ക് കോടതി നീട്ടിവച്ചിരുന്നു. ഈ കേസ് പരിഗണിച്ചതിന്റെ അടുത്ത ദിവസം ഇഡി തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചിരുന്നു. ഏപ്രിൽ രണ്ടിന് ഹാജരാകാനാണ് അറിയിച്ചത്. ഇതിനെത്തുടർന്ന് ഏപ്രിൽ ഒന്നിന് ഐസക്ക് കോടതിയിൽ ഹർജി നൽകി. ഏപ്രിൽ അഞ്ച് വരെ നിലവിലെ സ്ഥിതി തുടരാനായിരുന്നു കോടതി നിർദ്ദേശം. തുടർന്നാണ് ഇന്ന് കേസ് വീണ്ടും പരിഗണിച്ചത്.
കിഫ്ബിയുമായി ബന്ധപ്പെട്ട കേസ് 2021 മുതൽ തുടരുകയാണ്. ഉദ്യോഗസ്ഥർ നാലു തവണ ഹാജരായി 7000 പേജുകൾ വരുന്ന രേഖകൾ സമർപ്പിച്ചു. എന്നാൽ ഇതുവരെ ക്രമക്കേട് എന്താണെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ലെന്ന് കിഫ്‌ബിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കിഫ്‌ബി തന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഐസക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് ഇഡിയും കോടതിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് എന്തിന് വേണ്ടിയാണ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതെന്ന് ബോധ്യപ്പെടുത്താൻ കോടതി ഇഡിയോട് നിർദ്ദേശിച്ചത്. കേസ് ഏപ്രിൽ ഒൻപതിന് വീണ്ടും പരിഗണിക്കും. അതുവരെ കടുത്ത നടപടി പാടില്ലെന്നും കോടതി വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here