രാഹുല്‍ എന്തിന് റായ്ബറേലിയില്‍; ഇന്ത്യാ മുന്നണിക്ക് പുതുജീവനേകാന്‍ ഏകവഴി; വയനാടിനെ തഴയില്ലെന്ന വാദം വിശ്വസിക്കാമോ

ന്യൂഡല്‍ഹി: ദിവസങ്ങളുടെ അനിശ്ചിതാവസ്ഥയ്ക്കു ശേഷമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കുന്നു എന്ന പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഒരുകാലത്ത് ഗാന്ധി കുടുംബത്തിന്റെ ശക്തിദുര്‍ഗമായിരുന്ന അമേഠി ഉപേക്ഷിച്ച് റായ്ബറേലിയിലേക്ക് കൂടുമാറുന്നതും ചര്‍ച്ചാ വിഷയമാണ്. 2019ല്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് 55000ത്തില്‍ പരം വോട്ടിനാണ് രാഹുല്‍ പരാജയപ്പെട്ടത്.

അമേഠിയിലും റായ്ബറേലിയിലും മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി വിസമ്മതം പ്രകടിപ്പിച്ചതോടെയാണ് രാഹുല്‍ മത്സരിക്കാന്‍ തയ്യാറായത്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് ഗാന്ധി കുടുംബത്തില്‍ നിന്നാരും അമേഠിയില്‍ മത്സരിക്കാനില്ലാത്തത്. സോണിയാ ഗാന്ധിയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കിശോരിലാല്‍ ശര്‍മ്മയാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ അമേഠിയില്‍ മത്സരിക്കുന്നത്. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ മത്സരിച്ച് ജയിച്ചിരുന്ന മണ്ഡലത്തിലാണ് ഇത്തവണ ഗാന്ധി കുടുംബത്തിന്റെ അസാന്നിധ്യം.

സോണിയ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് പിന്‍മാറിയതോടെ റായ്ബറേലിയില്‍ കുടുംബത്തില്‍ നിന്നാരെങ്കിലും ഇറങ്ങണമെന്ന പാര്‍ട്ടിയുടെ സമ്മര്‍ദ്ദമാണ് രാഹുലിനെ മത്സരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. രണ്ടാമതൊരിക്കല്‍ക്കൂടി അമേഠിയില്‍ രാഹുല്‍ തോല്‍ക്കുന്നത് കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുമെന്ന ഭയവും ഈ തീരുമാനത്തിനു പിന്നിലുണ്ട്.

വയനാട് ഉപേക്ഷിച്ച് റായ്ബറേലില്‍ മത്സരിക്കാന്‍ വിമുഖത കാട്ടിയ രാഹുലിനോട് ഹിന്ദി മേഖലയില്‍ മത്സരിക്കണമെന്ന ഇന്‍ഡ്യ മുന്നണിയിലെ ഘടകകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദം ശക്തമായിരുന്നു. പ്രത്യേകിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കനൗജ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന സാഹചര്യത്തില്‍ യുപിയില്‍ രാഹുലും കൂടി മത്സരിച്ചാല്‍ വലിയ മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് മുന്നണി നേതാക്കള്‍. രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ച് പോയാല്‍ 2026 ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണം ചെയ്യുമോ എന്ന ഭയം കെപിസിസി നേതാക്കളെ അലട്ടുന്നുണ്ട്.

2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലം റായ്ബറേലിയായിരുന്നു. സോണിയ ഗാന്ധി ഒന്നര ലക്ഷത്തില്‍പ്പരം വോട്ടിനാണ് ജയിച്ചത്. 2014ല്‍ മൂന്നരലക്ഷം വോട്ടിന്റെ ഭുരിപക്ഷത്തില്‍ ജയിച്ചിടത്ത് പിറ്റേത്തവണ ഭുരിപക്ഷം നേര്‍പകുതിയായി കുറഞ്ഞതും പാര്‍ട്ടിയെ വിഷമിപ്പിക്കുന്ന സംഗതിയാണ്.

രാഹുലിന്റെ മുത്തച്ഛന്‍ ഫിറോസ് ഗാന്ധിയാണ് ആദ്യമായി റായ്ബറേലിയില്‍ മത്സരിച്ച ഗാന്ധി കുടുംബാംഗം. അദ്ദേഹം 1952ലും 1957ലും ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1967,1971, 1980 ലും ഇന്ദിരാഗാന്ധിയും ജയിച്ചിരുന്നു. 1999 മുതല്‍ 2024 വരെ സോണിയ ഗാന്ധിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top