ലേലത്തില്‍ പിടിച്ച ഭൂമി സ്വന്തം പേരിലാക്കി കിട്ടാൻ ബാങ്കില്‍ കയറിയിറങ്ങി രോഗിയായ വയോധിക; തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ പരാതി
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് ലേലത്തില്‍ പിടിച്ച എട്ട് സെന്റ് ഭൂമി ജീവിതത്തിലെ ഏറ്റവും വലിയ ദുരിതമായിരിക്കുകയാണ് ടി.കെ.രാധാമണിയെന്ന അറുപത്തിയേഴുകാരിക്ക്. 12 ലക്ഷത്തോളം നല്‍കി ലേലത്തില്‍ പിടിച്ച ഭൂമി സ്വന്തം പേരിലാക്കി കിട്ടാനായി മാസങ്ങളായി ബാങ്കിന്റെ ഓഫീസിലും കോടതിയിലും കയറി ഇറങ്ങുകയാണ് ഇവര്‍. ഭൂമി എന്തുകൊണ്ട് ലഭ്യമാക്കുന്നില്ലെന്നോ എപ്പോള്‍ ലഭ്യമാക്കുമെന്നോ ബാങ്ക് അധികൃതര്‍ മിണ്ടുന്നില്ല. ഫോണ്‍ വിളിച്ചാല്‍ പോലും പ്രതികരിക്കാത്ത അവസ്ഥയാണ്. ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ആവശ്യപ്പെട്ടതിനാലാണ് രാധാമണി ലേലത്തില്‍ പങ്കെടുത്തത്. എന്നാല്‍ കോടതി മുഖാന്തരം അയച്ച നോട്ടീസിന് പോലും ബാങ്ക് മറുപടി നല്‍കാത്ത സ്ഥിതിയാണ്.
വിജയന്‍ എന്നയാള്‍ ബാങ്കില്‍ നിന്ന് ഭൂമി ഈടുവച്ച് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തിനെ തുടര്‍ന്നാണ് ഭൂമി ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ദേശാഭിമാനി ദിനപത്രത്തില്‍ പരസ്യം നല്‍കിയെങ്കിലും ആരും ലേലത്തില്‍ പങ്കെടുത്തില്ല. തുടര്‍ന്നാണ് തൻ്റെ അക്കൗണ്ടില്‍ പണമുണ്ടെന്ന് മനസിലാക്കി ബാങ്ക് അധികൃതര്‍ സമീപിച്ചതെന്ന് രാധാമണി പറയുന്നു. 11,48,550 രൂപയ്ക്കാണ് ലേലം ഉറപ്പിച്ചത്. നിയമപ്രകാരം ലേലത്തുകയുടെ 15 ശതമാനമായ 1,72,284 രൂ അന്ന് തന്നെ ബാങ്കില്‍ അടയ്ക്കുകയും ബാക്കി തുക അക്കൗണ്ടില്‍ നിന്ന് ബാങ്കിന് ട്രാന്‍സ്ഫപര്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് ലേല നടപടികള്‍ നടന്നത്. മുഴുവന്‍ തുകയും നല്‍കിയ അന്ന് മുതല്‍ ഭൂമി തന്റെ പേരില്‍ കിട്ടുന്നതിനായി ബാങ്കില്‍ കയറിയിറങ്ങുകയാണ് രാധാമണിയും കുടുംബവും.
രാധാമണിയുടെ ഭര്‍ത്താവ് കഴിഞ്ഞ വര്‍ഷം ജൂലൈ 23 അസുഖ ബാധിതനായി മരിക്കുകയും ചെയ്തു. ഭാര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ കടം തീര്‍ക്കാന്‍ വഴിയില്ലാതെ നട്ടംതിരിയുകയാണ് ഈ വിധവയായ വീട്ടമ്മ. നട്ടെല്ലിന് തേയ്മാനം മൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ വയോധിക ഭൂമിക്കായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ബാങ്കില്‍ ദിവസങ്ങളോളം നടന്നിട്ടും അനുകൂല തീരുമാനം ഉണ്ടാകാത്തിനാല്‍ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് അടക്കം പരാതി നല്‍കി. എന്നിട്ടും നടപടി ഉണ്ടാകാത്തതിനാല്‍ കോടതി വഴി നോട്ടീസ് അയച്ചു. ഇതെല്ലാം ബാങ്ക് അവഗണിക്കുകയാണ് ചെയ്യുന്നത്.
രാധാമണി ലേലത്തിൽപിടിച്ച ഭൂമിയുടെ ആദ്യ ഉടമ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്റെ ബന്ധുവാണ്. അയാൾക്ക് വേണ്ടിയാണ് ബാങ്ക് ഒത്തുകളിക്കുന്നത്. ലേലത്തിൻ്റെ പേരിൽ തന്നെ കബളിപ്പിക്കുകയായിരുന്നു എന്ന ഗുരുതര ആരോപണമാണ് രാധാമണി ഉന്നയിക്കുന്നത്. ലേലത്തിൽവച്ച ഭൂമിയുടെ ഒരുഭാഗം മാത്രമാണ് തൻ്റെ പേരിലായത്. ബാക്കിയുള്ള ഭൂമിയില്‍ ഒരു വീട് അടക്കമുണ്ട്. എന്നാല്‍ ആദ്യ ഉടമ അവിടേക്ക് മാറാന്‍ തയാറല്ല, മാറ്റാന്‍ ബാങ്കും; രാധാമണി പറയുന്നു. നേരത്തെ ഭൂമി അളന്ന് തിരിച്ച് കല്ലിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊന്നും കാണാനില്ല. എല്ലാം എടുത്തുമാറ്റിയ സ്ഥിയിലാണ്. ഇത്രയും വലിയ ചതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും രാധാമണി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഇത് സംബന്ധിച്ച് വിവരം തേടാൻ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഡോ.ജേക്കബ് ജോര്‍ജിനെ പലവട്ടം ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കോള്‍ എടുത്തിട്ടില്ല. കോണ്‍ഗ്രസ് നിയന്ത്രണത്തിലായിരുന്ന ബാങ്ക് 2021ലാണ് സിപിഎം പിടിച്ചെടുത്തത്. സംസ്ഥാനത്തെ ഏറ്റവും വലിയ അര്‍ബന്‍ ബാങ്കുളിലൊന്നാണിത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here