ഞങ്ങളുടെ നികുതിപ്പണത്തില്‍ നിങ്ങള്‍ സുരക്ഷിതര്‍; സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എന്തിനിവിടെ; പഹല്‍ഗാം ഇരകളുടെ ചോദ്യത്തിന് മുന്നില്‍ പകച്ച് കേന്ദ്രമന്ത്രിമാര്‍

“വാഹനത്തില്‍ സഞ്ചരിക്കുമ്പോഴും, കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോഴും ഞങ്ങള്‍ കൃത്യമായി നികുതി കൊടുക്കുന്നു. പക്ഷേ, സുരക്ഷയും സൗകര്യങ്ങളും വിഐപികള്‍ക്കു മാത്രം. പട്ടാളവും പോലീസും നിങ്ങള്‍ക്കു ചുറ്റിലുണ്ട്. എന്റെ ഭര്‍ത്താവിനെ ഭീകരര്‍ വെടിവെച്ചിട്ടുമ്പോള്‍ ഒരു സുരക്ഷയും അദ്ദേഹത്തിന് കിട്ടിയില്ല. സാധാരണക്കാരന്റെ സ്ഥിതി ഇതൊക്കെയാണ്. ഈ മരണങ്ങള്‍ പോലും നിങ്ങള്‍ കച്ചവടച്ചരക്കാക്കുകയാണ്” കാശ്മീരിലെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യ കേന്ദ്രമന്ത്രിയോട് പൊട്ടിത്തെറിച്ചത് ഇങ്ങനെയാണ്.
സൂറത്തിലെ താമസക്കാരായ ശൈലേഷ് കലാതീയയും ഭാര്യ ശീതളും മക്കളോടൊത്ത് പഹല്‍ഗാമില്‍ വിനോദയാത്ര പോയിരുന്നു. അവിടെ വെച്ച് തീവ്രവാദികളുടെ വെടിയേറ്റ് 44 കാരനായ ശൈലേഷ് കൊല്ലപ്പെട്ടു. ശീതളിനെ ആശ്വസിപ്പിക്കാൻ എത്തിയ കേന്ദ്രമന്ത്രി സിആര്‍ പാട്ടീല്‍, പ്രാദേശിക എംപി മുകേഷ് ദലാല്‍, ഗുജറാത്തിലെ ചില മന്ത്രിമാര്‍ എന്നിവരോടാണ് അവര്‍ പൊട്ടിത്തെറിച്ചത്. രണ്ട് മക്കളുടേയും ഭാര്യയുടേയും കണ്‍മുമ്പില്‍ വെച്ചാണ് ശൈലേഷിനെ ഭീകരര്‍ വെടിവെച്ചത്.
“ഈ മരണങ്ങളും കൊലകളും നിങ്ങള്‍ നേതാക്കന്മാര്‍ക്ക് ഫോട്ടോ എടുക്കാനുള്ള സുവര്‍ണ്ണാവസരങ്ങളാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും എന്തെങ്കിലും ദുരന്തം നടന്ന ശേഷമാണ് സംഭവ സ്ഥലം സന്ദര്‍ശിക്കാൻ എത്തുന്നത്. അവിടെ വന്ന് ഫോട്ടോ പിടിച്ച് സ്ഥലം വിടുകയാണ് പതിവ്. എന്റെ ഭര്‍ത്താവിന് വെടിയേറ്റപ്പോള്‍ അവിടെ എങ്ങും പോലീസോ ഉദ്യോഗസ്ഥരോ ഉണ്ടായിരുന്നില്ല. ഫോണ്‍ കണക്ഷന്‍ പോലും ഉണ്ടായിരുന്നില്ല. പട്ടാളക്കാരുടെ സാന്നിധ്യത്തില്‍ കാശ്മീര്‍ ശാന്തമാണെന്ന് കരുതിയാണ് ഞങ്ങള്‍ പോയത്. കശ്മീര്‍ ശാന്തമല്ലെന്ന് വീണ്ടും തെളിഞ്ഞു. ജനങ്ങളെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത ഈ സര്‍ക്കാര്‍ എന്തിനാണിവിടെ ഭരിക്കുന്നത്” ശീതളിന്റെ രോഷപ്രകടനത്തിനു മുന്നില്‍ ഉത്തരംമുട്ടി നില്‍ക്കുകയായിരുന്നു മന്ത്രിപ്പട.
ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും സമാന സ്ഥിതിയാണ് മന്ത്രിമാര്‍ക്ക് ഉണ്ടായത്. കൊല്ലപ്പെട്ട നീരജ് ഉധ്വാനിയുടെ വീട്ടിലെത്തിയ മന്ത്രിമാരെ ബന്ധുക്കള്‍ ചോദ്യശരങ്ങള്‍ കൊണ്ട് മൂടി. “നിങ്ങളുടെ സര്‍ക്കാര്‍ പരമ പരാജയമാണ്”. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിനോട് നീരജിന്റെ ഭാര്യ പറഞ്ഞു. സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് തീവ്രവാദി ആക്രമണം ഉണ്ടായതെന്ന ജനങ്ങളുടെ തോന്നലാണ് വിഐപികള്‍ക്ക് നേരെയുള്ള രോഷപ്രകടനമായി മാറുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here