ചോദിച്ച കോടികള്‍ കൊടുത്തില്ല; ഭര്‍ത്താവിനെ കൊന്നുതള്ളി ഭാര്യ; 800 കിലോമീറ്റര്‍ കാറോടിച്ച് കുടകില്‍ എത്തിച്ച് കത്തിച്ചു
തെലങ്കാന ഉപ്പല്‍ സ്വദേശിയായ രമേഷ് എന്ന വ്യവസായിയെയാണ് ഭാര്യയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം മൃതദേഹം കുടകില്‍ എത്തിച്ച് കത്തിക്കുകയായിരുന്നു. രമേഷിന്റെ ഭാര്യ നിഹാരിക, കാമുകനായ നിഖില്‍, സുഹൃത്ത് അങ്കുര്‍ എന്നിവരാണ് അറസ്റ്റിലായത്. 800 കിലോമീറ്ററാണ് തെളിവു നശിപ്പിക്കാനായി സംഘം മൃതദേഹവുമായി യാത്ര ചെയ്തത്. ഈ യാത്ര തന്നെയാണ് പ്രതികളെ കുടുക്കിയതും.
കുടക് ജില്ലയിലെ കാപ്പിത്തോട്ടത്തില്‍ നിന്ന് കത്തിയ നിലയില്‍ അജ്ഞാത മൃതദേഹം ലഭിച്ചതോടെയാണ് കര്‍ണ്ണാടക പോലീസ് അന്വേഷണം തുടങ്ങിയത്. ഒക്ടോബര്‍ എട്ടിനാണ് ഏറെക്കുറേ പൂര്‍ണ്ണമായും കത്തിയ നിലയില്‍ മൃതദേഹം കണ്ടത്. പരിശോധനയില്‍ ഇത് പുരുഷന്റേതാണ് കണ്ടെത്തി. പ്രദേശികമായി ആരെയും കാണാനില്ലെന്ന പരാതി ലഭിക്കാതിരുന്നതോടെ ഈ ഭാഗത്തേക്ക് വന്ന് പോയ കാറുകള്‍ കേന്ദ്രീകരിച്ചായി അന്വേഷണം. ഏറെ നിര്‍ണ്ണായകമായും കാറുകള്‍ കേന്ദ്രീകരിച്ച് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയായിരുന്നു.
അഞ്ഞൂറിലധികം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തെലങ്കാന രജിസ്‌ട്രേഷനിലുളള ബെന്‍സ് കാര്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഈ കാര്‍ ഈ ഭാഗത്തേക്ക് വരുന്നതും തിരികെ പോകുന്നതുമായ ദൃശ്യമാണ് ലഭിച്ചത്. ഇതോടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് രമേഷ് എന്നയാളുടെ പേരിലുള്ള കാറാണെന്ന് കണ്ടെത്തിയത്. തെലങ്കാന പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് രമേഷിനെ കാണാനില്ലെന്ന് ഭാര്യ പരാതി നല്‍കിയ വിവരം ലഭിച്ചത്. തെലങ്കാന പോലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ തന്നെ രമേഷിന്റെ കൊലയ്ക്ക് പിന്നില്‍ നിഹാരികയാണെന്ന് പോലീസിന് സംശയം തോന്നിയിരുന്നു. ഇതോടെ കസ്റ്റഡയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പിന്നാലെ മറ്റ് പ്രതികളും പിടിയിലാവുകയായിരുന്നു. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ജോലി ചെയ്തിരുന്ന നിഹാരിക നേരത്തെ ഹരിയാനയില്‍ സാമ്പത്തിക തട്ടിപ്പുനടത്തിയതിന് ജയിലിലായിട്ടുണ്ട്. ഇവിടെ വെച്ചാണ് കേസിലുള്‍പ്പെട്ട അങ്കുറുമായി നിഹാരിക പരിചയത്തിലായതും.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് രമേഷിനെ വിവാഹം കഴിച്ചത്. നിഹാരികയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആര്‍ഭാടപൂര്‍ണമായ ജീവിതത്തിനിടയിലാണ് നിഖിലുമായി നിഹാരിക പ്രണയത്തിലായത്. ഇക്കാര്യം രമേഷ് അറിയുകയും ചെയ്തു. ഇതോടെയാണ് നിഖിലിനൊപ്പം ജീവിക്കായി രമേഷിനോട് എട്ടുകോടി രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ രമേഷ് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊല നടത്തിയത്. ശ്വാസം മുട്ടിച്ചാണ് രമേഷിനെ നിഹാരികയും കൂട്ടാളികളുംചേര്‍ന്ന് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുടകില്‍ എത്തിച്ച് പുതപ്പ് മൂടി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു.
രമേഷിന്റെ സമ്പത്ത് ലക്ഷ്യമിട്ടാണ് കൊല നടത്തിയത്. കൊലക്ക് ശേഷം വീട്ടിലുണ്ടായിരുന്ന പണം പ്രതികള്‍ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മൃതദേഹം കത്തിച്ച് മടങ്ങിയെത്തിയ ശേഷമാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് നിഹാരിക പരാതി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here