എന്താണ് സംസ്ഥാനങ്ങളുടെ പ്രത്യേക പദവി? മോദിയെ വരച്ചവരയിൽ നിർത്തി ആന്ധ്രയും ബിഹാറും ഇത് നേടിയെടുക്കുമ്പോൾ മാനദണ്ഡങ്ങൾ വഴിമാറുമോ
നാളെ സ്ഥാനമേൽക്കുന്ന നരേന്ദ്ര മോദി മന്ത്രിസഭയെ താങ്ങിനിർത്താനായി തെലുങ്കുദേശം പാർട്ടിയും ജനതാദളും (യു) മുന്നോട്ട് വച്ചിരിക്കുന്ന ഏറ്റവും പ്രധാന ആവശ്യമാണ് സംസ്ഥാനങ്ങളുടെ പ്രത്യേക പദവി. ആന്ധ്രപ്രദേശും ബീഹാറും ഏറെക്കാലമായി ഉയർത്തിയിട്ടും ഫലംകാണാതെ പോയ ഈ നേട്ടം കൈപ്പിടിയിലൊതുക്കാനുള്ള സുവർണ അവസരമായി കണ്ടാണ് ചന്ദ്രബാബു നായിഡുവിൻ്റെയും നിതീഷ് കുമാറിൻ്റെയും നീക്കം.
അങ്ങനെ എടുപിടീന്ന് എടുത്തുകൊടുക്കാൻ പറ്റുന്ന ഒന്നാണോ ഈ പ്രത്യേക പദവി. നിലവിൽ ഏതെല്ലാം സംസ്ഥാനങ്ങൾക്ക് ഈ സ്പെഷ്യൽ സ്റ്റാറ്റസ് ഉണ്ട്, എങ്ങനെയാണ് ഇത് അനുവദിക്കുന്നത്…. പരിഗണനാ വിഷയങ്ങൾ എന്തെല്ലാമെന്നതിന് കൃത്യമായ മാനദണ്ഡങ്ങളുണ്ട്.
ഭൂമിശാസ്ത്രവും ചരിത്രപരവുമായ പോരായ്മകൾ നിമിത്തം പരാധീനത നേരിടുന്ന പ്രദേശങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും സഹായിക്കുന്നതിന് 1969ൽ അഞ്ചാം ധനകാര്യ കമ്മീഷനാണ് ചില സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകിയത്. ജനസാന്ദ്രത കുറഞ്ഞതും ഗോത്രവർഗങ്ങൾ കൂടുതൽ താമസിക്കുന്നതുമായ പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥയും മറ്റും പരിഗണിച്ചാണ് ഇത് നൽകുന്നത്. ഇത്തരം സംസ്ഥാനങ്ങൾക്ക് കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ആവശ്യമായ ഫണ്ടിൻ്റെ 90 ശതമാനവും കേന്ദ്രം നൽകണമെന്നാണ് വ്യവസ്ഥ.
നിലവിൽ എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും പ്രത്യേക പദവി നൽകിയിട്ടുണ്ട്. ജമ്മുകാശ്മിർ, അസം, നാഗാലാണ്ട്, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മിസോറോം, മേഘാലയ, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് നിലവിൽ സ്പെഷ്യൽ സ്റ്റാറ്റസ് ഉള്ളത്.
പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും പ്ലാനിംഗ് കമ്മീഷനും ഉൾപ്പെടുന്ന ദേശീയ വികസന കൗൺസിലാണ് (National Development Council – NDC) പ്രത്യേക പദവി നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ സംസ്ഥാനങ്ങൾക്ക് ഈ പദവി നല്കാനുള്ള സാഹചര്യങ്ങൾ തുലോം പരിമിതമാണ്. ആന്ധ്രപ്രദേശിനും ബീഹാറിനും ഇത്തവണ ഇത് കിട്ടുന്നെങ്കിൽ അത് രാഷ്ട്രിയ കാരണങ്ങൾ പരിഗണിച്ച് മാത്രമെന്ന് ചുരുക്കം.
2014ൽ ആന്ധ്രപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ഉണ്ടായ വലിയ വരുമാനനഷ്ടം പരിഹരിക്കാനെന്ന പേരിലാണ് ഒരു പതിറ്റാണ്ടായി ആന്ധ്ര ഈ ആവശ്യം ഉയർത്തുന്നത്. ഈ നഷ്ടം പരിഹരിക്കാൻ അന്ന് കേന്ദ്രം ഭരിച്ച യുപിഎ സർക്കാർ ആന്ധ്രക്ക് സ്പെഷ്യൽ സ്റ്റാറ്റസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ തൊട്ടുപിന്നാലെ അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ ഇക്കാര്യത്തിൽ മുഖംതിരിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് നായിഡു 2019ൽ എൻഡിഎ മുന്നണി വിട്ടുപോയത്. പിന്നീട് ആന്ധ്രയിൽ അധികാരത്തിൽ വന്ന ജഗ്മോഹൻ റെഡിയും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്നിട്ടും മോദി സർക്കാർ വഴങ്ങിയിരുന്നില്ല.
അതേ നരേന്ദ്രേ മോദിയെ തന്നെയാണ് വരച്ച വരയിൽ നിർത്തി ഇത്തവണ നായിഡു കാര്യം സാധിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ എൻഡിഎക്ക് മുന്നിൽ മറ്റ് വഴികളില്ല. മോദിയിൽ നിന്ന് ഇക്കാര്യത്തിൽ ഏതാണ്ട് ഉറപ്പുകിട്ടിയ മട്ടിലാണ് നായിഡുവിൻ്റെ നിലപാടുകൾ പുറത്തുവരുന്നത്. അനുവദിച്ച് കിട്ടിയാൽ ഇത് ആന്ധ്രയുടെ വികസനക്കുതിപ്പിന് വേഗം കൂട്ടുമെന്നതിൽ തർക്കമില്ല. ഒപ്പം ചന്ദ്രബാബു നായിഡുവിൻ്റെയും തെലുങ്കുദേശം പാർട്ടിയുടെയും ഗ്രാഫ് ഉയരും. അതേസമയം ഇതുപോലെ ഇനിയെന്തെല്ലാമാണ് ഘടകകക്ഷികളിൽ നിന്ന് ഉണ്ടാകാനിരിക്കുന്ന സമ്മർദങ്ങളെന്ന് ആലോചിച്ചാൽ ബിജെപിയുടെയും മോദിയുടെയും ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here