വന്യമൃഗ ആക്രമണം തടയാന്‍ ഉന്നതാധികാരസമിതി; മുഖ്യമന്ത്രി ചെയര്‍മാന്‍; വനം മന്ത്രി വൈസ് ചെയര്‍മാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഉന്നതാധികാര സമിതി രൂപീകരിച്ച് സര്‍ക്കാര്‍. സമിതിയില്‍ മുഖ്യമന്ത്രി ചെയര്‍മാനും വനം മന്ത്രി വൈസ് ചെയര്‍മാനായിരിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പല കാര്യങ്ങളിലും സര്‍ക്കാരിന് മാത്രം തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുമായി കൂടി ആലോചിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് സമിതി രൂപീകരിച്ചത്. നഷ്ടപരിഹാരത്തിന് കൃത്യമായ മാര്‍ഗരേഖ തയ്യാറാക്കുക, പ്രതിരോധം ശക്തമാക്കുക, വനംവകുപ്പും പോലീസും സംയുക്തമായി പരിശോധന നടത്തുക, തുടങ്ങിയ കാര്യങ്ങള്‍ സമിതിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഉച്ചക്ക് രണ്ടരക്ക് വനം മന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് നാല് പേരുടെ ജീവനാണ് വന്യമൃഗ ആക്രമണത്തില്‍ പൊലിഞ്ഞത്. കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ മരിച്ചതോടെ സാഹചര്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ കോഴിക്കോട് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകനും തൃശൂരില്‍ കാട്ടാന ചവിട്ടി ആദിവാസി സ്ത്രീയുമാണ് മരിച്ചത്. കാട്ടുപോത്ത് ആക്രമണത്തില്‍ മരിച്ച എബ്രഹാമിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് പോസ്റ്റുമോര്‍ട്ടം തടഞ്ഞ് ബന്ധുക്കള്‍ രംഗത്തെത്തി. കളക്ടറുമായി ചര്‍ച്ച ചെയ്തെങ്കിലും ഫലമുണ്ടായില്ല. 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബന്ധുക്കള്‍. ഇതോടെ എബ്രഹാമിന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വൈകുകയാണ്.
ഫെബ്രുവരിയില്‍ വയനാട് ജനവാസകേന്ദ്രത്തിലെ കാട്ടാന ആക്രമണത്തില്‍ അജീഷ് കൊല്ലപ്പെട്ടപ്പോള്‍ അധികാരം വിനിയോഗിക്കാന്‍ കളക്ടര്‍മാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായി തുടരുകയാണ്. കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിട്ടും കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉറക്കത്തില്‍ തുടരുമ്പോള്‍ വന്യമൃഗ ആക്രമണങ്ങളും വിലപ്പെട്ട മനുഷ്യ ജീവനുകള്‍ പൊലിയുന്നതും പതിവായിരിക്കുകയാണ്.
അജീഷിന്റെ മരണത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മന്ത്രിതല സംഘം ഫെബ്രുവരി 20ന് വയനാട്ടില്‍ എത്തിയിരുന്നു. മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ, കെ.രാജൻ, എം.ബി.രാജേഷ് എന്നിവരാണ് എത്തിയത്. ജനപ്രതിനിധികളുടെ യോഗം അന്ന് വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലായിട്ടില്ല. പരുക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സാസഹായം, ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി, പട്രോളിംഗ് സ്ക്വാഡുകള്‍, വനമേഖലയില്‍ കൂടുതൽ ഡ്രോണുകള്‍ വിന്യസിച്ച് നിരീക്ഷണം തുടങ്ങിയ തീരുമാനങ്ങള്‍ എടുത്തിരുന്നു. അതില്‍ ഡ്രോണുകള്‍ വിന്യസിച്ചുള്ള നീക്കം മാത്രമാണ് നടപ്പിലായത്. എന്നാല്‍ അത് ഫലപ്രദവുമായില്ല. ഇപ്പോള്‍ വീണ്ടും ഉന്നതാധികാര സമിതി സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. സമിതിയോഗങ്ങളല്ല. ഫലപ്രദമായ നടപടികളാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here