വന്യജീവി ആക്രമണത്തില്‍ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍; എബ്രഹാമിന്റെ ജീവനെടുത്തത് കാട്ടുപോത്ത്; വല്‍സയുടെ മരണം കാട്ടാന ആക്രമണത്തില്‍
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച് വന്യജീവി ആക്രമണത്തില്‍ ഇന്നു രണ്ട് ദാരുണമരണങ്ങള്‍. കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനായ എബ്രഹാമിനാണ് (70) കൃഷിയിടത്തില്‍വെച്ച് ജീവന്‍ നഷ്ടമായത്. കാട്ടാന ആക്രമണത്തിലാണ് തൃശൂര്‍ അതിരപ്പള്ളിയില്‍ വാച്ച്മരം കോളനിയിലെ ഊരു മൂപ്പന്‍റെ ഭാര്യ വല്‍സ (62) മരിച്ചത്.
കക്കയം ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെ കക്കയം ഡാം സൈറ്റ് റോഡിനു സമീപത്തെ കൃഷിയിടത്തില്‍ വെച്ചാണ് എബ്രഹാമിനെ കാട്ടുപോത്ത് കുത്തിക്കൊന്നത്. എബ്രഹാമിന്‍റെ കക്ഷത്തിലാണ് കാട്ടുപോത്തിന്‍റെ ആഴത്തിലുള്ള കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ ഏബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീയായ വല്‍സയെയാണ് അതിരപ്പള്ളിയില്‍ കാട്ടാന ആക്രമിച്ചത്. വല്‍സയും ഭര്‍ത്താവും ആനയെക്കണ്ട് ഓടുകയായിരുന്നു. എന്നാല്‍ വല്‍സയെ ആന ചവിട്ടിക്കൊന്നു.
വന്യജീവി ആക്രമണമരണങ്ങളുടെ പേരില്‍ കേരളം പ്രക്ഷുബ്ധമായിരിക്കെയാണ് ഇന്ന് ഇതേ പ്രശ്നത്തില്‍ രണ്ട് മരണങ്ങള്‍ നടന്നത്. വന്യജീവി ആക്രമണത്തില്‍ തുടര്‍ച്ചയായി രണ്ട് ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ വയനാട് കണ്ട അതിശക്തമായ ജനകീയ പ്രക്ഷോഭത്തിന് സമാനമായാണ് ഇന്നലെ കോതമംഗലത്തും നടന്നത്. ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. വയനാട്ടില്‍ നടന്നതുപോലെ കോതമംഗലത്തും ജനങ്ങള്‍ പോലീസുമായി ഏറ്റുമുട്ടി. ഇന്നിപ്പോള്‍ സമാന പ്രതിഷേധമാണ് എബ്രഹാമിന്റെ മരണത്തില്‍ കോഴിക്കോട്ടും നടക്കുന്നത്.
സംസ്ഥാനത്ത് രണ്ട് മാസത്തിനിടെ പത്താമത്തെ ആളാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here