വനം വകുപ്പിനെതിരെ പ്രതിഷേധം കടുപ്പിച്ച് വയനാട്ടുകാര്‍; കടുവ കൊന്ന പശുവിന്‍റെ ജഡം ജീപ്പില്‍ കെട്ടിവെച്ചു

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ മരണത്തില്‍ കടുത്ത പ്രതിഷേധവുമായി വയനാട്. നാട്ടുകാര്‍ ഒന്നടങ്കം റോഡില്‍ ഇറങ്ങിയാണ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ അജീഷ് കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പോളിന് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്. തുടര്‍ച്ചയായ വന്യമൃഗ ആക്രമണമാണ് വയനാട്ടിലെ രോഷത്തിന് ആക്കംകൂട്ടുന്നത്. വനംവകുപ്പിനും പോലീസിനും നേരെയാണ് പ്രതിഷേധക്കാര്‍ തിരിയുന്നത്. വനം വകുപ്പിന്റെ ജീപ്പിന്റെ കാറ്റഴിച്ചുവിട്ടു. വനംവകുപ്പിന്‍റെ പേരില്‍ ജീപ്പിനുമുന്നില്‍ റീത്ത് വെച്ച് പ്രതിഷേധം അറിയിച്ചു. കടുവ ആക്രമിച്ച് കൊന്ന പശുവിന്റെ ജഡം ജീപ്പിനു മുകളില്‍ കെട്ടിവെക്കുകയും ചെയ്തു.

പോളിന്‍റെ മൃതദേഹം പുല്‍പ്പള്ളി ബസ്‌സ്റ്റാന്റില്‍ എത്തിച്ചിട്ടുണ്ട്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍. പോളിന്‍റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം, കടം എഴുതിത്തള്ളണം, കുടുംബത്തിന് സര്‍ക്കാര്‍ ജോലി തുടങ്ങിയവയാണ് ആവശ്യങ്ങള്‍.

കൃത്യമായ സമയത്ത് ചികിത്സ ലഭിക്കാതിരുന്നതുകൊണ്ടാണ് അച്ഛനെ നഷ്ടപ്പെട്ടതെന്ന് പോളിന്‍റെ മകള്‍ സോന പ്രതികരിച്ചിരുന്നു. തന്‍റെ ഗതി മറ്റാര്‍ക്കും വരരുതെന്ന് അജിയുടെ മകള്‍ പറഞ്ഞ് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് ഇങ്ങനെ സംഭിക്കുന്നത്. ഇന്നലെ രാവിലെ 9.40ന് വയനാട് ആശുപത്രിയില്‍ എത്തിച്ച പോളിനെ ഉച്ചക്ക് രണ്ടു മണിയോടെയാണ് കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റിയത്. എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കിടത്തികൊണ്ടുപോകാന്‍ സൗകര്യമില്ലാത്തതിനാല്‍ അതും പരാജയപ്പെട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top