മല്ലപ്പള്ളിയില്‍ കാട്ടുപന്നിക്കൂട്ടം; വാഴത്തോട്ടം ഉഴുതുമറിച്ച് നശിപ്പിച്ചു; നഷ്ടം താങ്ങാനാകാതെ കര്‍ഷകന്‍

പത്തനംതിട്ട : കാട്ടുപന്നികളുടെ ആക്രമണം കേരളത്തില്‍ വാര്‍ത്തയല്ലാതായിട്ടുണ്ട്. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും കൃഷി തുടരാനാകാതെ കര്‍ഷകര്‍ മറ്റ് ഉപജീവന മാര്‍ഗം തേടേണ്ട സ്ഥിതിയാണ്. വനത്തില്‍ നിന്നിറങ്ങുന്ന പന്നികളും കാട്ടാനകളും ദൂരെ സ്ഥലങ്ങളില്‍ വരെയെത്തി കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഓരോ സംഭവങ്ങളിലും ഉണ്ടാകുന്നത്.

കാട്ടുപന്നി ആക്രമണം അത്രയൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത പത്തനംതിട്ട മല്ലപ്പള്ളിയിലെ കര്‍ഷകനുണ്ടായ ദുരന്തമാണ് ഒടുവില്‍ വാര്‍ത്തയാകുന്നത്. കര്‍ഷകനായ ടി.ജി.രവീന്ദ്രനാഥ കുറുപ്പിന്റെ വാഴകൃഷിയാണ് കഴിഞ്ഞരാത്രി കാട്ടുപന്നികള്‍ അപ്പാടെ നശിപ്പിച്ചത്. മല്ലപ്പളളി സഹകരണ ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപ വായ്പയെടുത്താണ് 250 വാഴകള്‍ കൃഷി ചെയ്തത്. മൂന്നുവട്ടം വളപ്രയോഗവും നടത്തിയ ശേഷമാണ് കാട്ടുപന്നി ആക്രമണമുണ്ടായത്. നാല് മാസം വളര്‍ച്ചയെത്തിയ നൂറോളം വാഴകള്‍ പൂര്‍ണ്ണമായും നശിച്ചു. മൃഗങ്ങള്‍ കടക്കാതിരിക്കാന്‍ കമ്പിവേലിയടക്കം ഒരുക്കിയെങ്കിലും അത് തകര്‍ത്താണ് കൃഷിയിടത്തേക്ക് പന്നികളെത്തിയത്.

കൃഷി വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് മറുപടിയാണ് കിട്ടിയത്. ഇതോടെ തികച്ചും ഗതികേടിലായ രവീന്ദ്രനാഥക്കുറുപ്പ് കൃഷി തുടരാന്‍ ഇനിയെന്ത് വഴിയെന്നാണ് ചോദിക്കുന്നത്. ജാതി,വാഴ എന്നിവ വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന കര്‍ഷകനാണ് ഇദ്ദേഹം.

Logo
X
Top