കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; മൂന്ന് ദിവസത്തിനിടെ വന്യമൃഗ ആക്രമണത്തില്‍ പൊലിഞ്ഞത് 4 ജീവന്‍
മലപ്പുറം: കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് ഓട്ടോ മറിയുകയായിരുന്നു. ഇന്നലെ രാത്രി ഒന്‍പത് മണിയോടെ കാരക്കുന്ന് ആലുങ്ങലിലായിരുന്നു അപകടം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വന്യമൃഗ ശല്യത്തെ തുടര്‍ന്ന് സംസ്ഥാനം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ഇതേ സാഹചര്യത്തില്‍ ആളുകള്‍ വീണ്ടും കൊല്ലപ്പെടുന്നത്. ഇന്നലെ രണ്ട് പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനായ എബ്രഹാമിനും തൃശൂര്‍ കാട്ടാന ആക്രമണത്തില്‍ വല്‍സക്കുമാണ് ജീവന്‍ നഷ്ടമായാത്. എബ്രഹാമിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.
ഇതിന് മുമ്പ് കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതില്‍ കടുത്ത രാഷ്ട്രീയപോര് നടക്കുന്ന സാഹചര്യത്തിലാണ് അടിക്കടി മൂന്ന് മരണങ്ങള്‍. മൃതദേഹം ഇപ്പോഴും മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ വന്യജീവി ആക്രമങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ഓണ്‍ലൈനായി ഉന്നതതല യോഗം ചേരാന്‍ വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം കോതമംഗലത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ഇന്ന് കോടതിയില്‍ ഹാജരാവും. ഇടക്കാല ജാമ്യം നല്‍കിയ കോടതി കേസില്‍ ഇന്ന് അന്തിമ ഉത്തരവിറക്കും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എഫ്ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമെല്ലാം വൈരുധ്യമുണ്ടെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.
സംസ്ഥാനത്ത് എട്ട് വര്‍ഷത്തിനിടെ 920 പേര്‍ക്കാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. 2016-142, 2017-110, 2018-134, 2019-100, 2020-100, 2021-127, 2022-111, 2023-85, 2024-10 എന്നിങ്ങനെയാണ് കണക്കുകള്‍. ഈ കാലയളവില്‍ പരിക്കേറ്റവരുടെ എണ്ണം 7495 ആണ്. 2016-712, 2017-851, 2018-803, 2019-789, 2020-1159, 2021-1150, 2022-1211, 2023-817, 2024-3 എന്നിങ്ങനെയാണ് ഓരോ വര്‍ഷത്തേയും കണക്കുകള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here