പത്തനംതിട്ട വനത്തില്‍ ഒരാളെ ആന ചവിട്ടിക്കൊന്നു; മരിച്ചത് ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ സംഘത്തിലുള്ള ദിലീപ്; മൃതദേഹം പുറത്തെത്തിച്ചത് പടക്കം പൊട്ടിച്ച് ആനകളെ അകറ്റിയ ശേഷം

പത്തനംതിട്ട: കോന്നി പുളിഞ്ചാൽ വനത്തിൽ മീൻ പിടിക്കാൻ പോയ സംഘത്തിലെ ഒരാളെ കാട്ടാന ചവിട്ടിക്കൊന്നു. ഏഴാംതല സ്വദേശി ദിലീപ്(57) ആണ് മരിച്ചത്. രാത്രിയാണ് സംഭവം. രണ്ടു പേര്‍ക്ക് ഒപ്പമാണ് ദിലീപ് ഇവിടെ എത്തിയത്. ഒപ്പമുണ്ടായിരുന്നവര്‍ ആനയെ കണ്ട് ഓടിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ജനവാസ മേഖലയിൽനിന്ന് അരകിലോമീറ്റർ മാറി വനത്തിനുള്ളിലാണ് ഇവരുണ്ടായിരുന്നത്. മീൻ പിടിക്കാനായി വല കെട്ടുമ്പോഴാണ് കാട്ടാന എത്തുന്നത്. ആനക്കൂട്ടത്തെ വനപാലകർ പടക്കം പൊട്ടിച്ച് അകറ്റിയ ശേഷമാണ് മൃതദേഹത്തിന് അടുത്തെത്താനായത്.
രാത്രിയിലും കല്ലാറിന്റെ മറുകരയിൽനിന്ന് കാട്ടാനക്കൂട്ടം മാറിയിട്ടില്ല. വനപാലക സംഘം സ്ഥലത്തുണ്ട്. പിന്നീട് പോലീസും സ്ഥലത്തെത്തി. തേക്കുതോട് ഏഴാംതല ഭാഗത്ത് പകൽ പോലും കാട്ടാനയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ദിലീപിന്റെ മൃതദേഹം പോലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here