ഒറ്റക്കൊമ്പനും കട്ടക്കൊമ്പനും ഇടുക്കിയെ വിറപ്പിക്കുന്നു; മൂന്നാര്‍ സെവന്‍മലയില്‍ ഇറങ്ങിയ കാട്ടാന മടങ്ങിയില്ല; നാട്ടുകാര്‍ ഭീതിയില്‍ തന്നെ

ഇടുക്കി: ഇടുക്കി വീണ്ടും കാട്ടാന ഭീതിയില്‍. ഇതുവരെ കണ്ടിട്ടില്ലാത്ത കാട്ടാന തേര്‍വാഴ്ചയാണ് മൂന്നാറില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഊരുമൂപ്പന്‍റെ ഭാര്യയായ ഇന്ദിരയെ കാട്ടാന കുത്തിക്കൊന്ന കാഞ്ഞിരവേലിയിലും മൂന്നാറിലെ സെവൻമല എസ്റ്റേറ്റിലെ പാർവതി ഡിവിഷനിലുമാണ് കാട്ടാന ഇറങ്ങിയത്. കാഞ്ഞിരവേലിയില്‍ രാത്രിയില്‍ ഇറങ്ങിയ കാട്ടാന വ്യാപക കൃഷിനാശമുണ്ടാക്കിയാണ് മടങ്ങിയത്. ആളുകളുടെ ബഹളത്തെ തുടര്‍ന്നാണ് മടങ്ങിപ്പോയതും. നാല് ഏക്കറോളം കൃഷിയിടം ആന നശിപ്പിച്ചിട്ടുണ്ട്.

മൂന്നാറില്‍ സെവന്‍മലയില്‍ ഇന്നലെ രാത്രി ഇറങ്ങിയ കാട്ടുകൊമ്പന്‍ ഇപ്പോഴും പ്രദേശത്ത് നിന്നും മടങ്ങിപ്പോയിട്ടില്ല. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാവലുമുണ്ട്. മൂന്നാറിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നടപടികള്‍ എടുക്കുന്നുണ്ടെന്നും മൂന്നാര്‍ ഡിഎഫ്ഒ രമേഷ് ബിഷ്ണോയി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

കാട്ടാനയും കാട്ടുമൃഗങ്ങളും തുടരെ ഇറങ്ങുന്നതും ഇവയുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നതും കാരണം മൂന്നാറിലുള്ളവര്‍ കടുത്ത ഭീതിയിലാണ്. എസ്റ്റേറ്റുകാര്‍ തൊഴിലാളി ലയങ്ങള്‍ക്ക് സമീപം കുറച്ച് സ്ഥലം തൊഴിലാളികള്‍ക്ക് അനുവദിച്ചിട്ടുണ്ട്. വാഴയും മറ്റ് പച്ചക്കറികളും ഇവര്‍ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇത് കഴിക്കാനാണ് കാട്ടാന എത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നു. ഇത്തരം കൃഷികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യമുണ്ട്. ഇതുവരെ ഈ രീതിയില്‍ ഇടുക്കിയില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങിയിട്ടില്ല. കാട്ടില്‍ രൂക്ഷമായ കുടിവെള്ള-ഭക്ഷണക്ഷാമമാണ് മൃഗങ്ങളെ നാട്ടിലേക്ക് ആകര്‍ഷിക്കുന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പരിഹാരം കാണേണ്ടത് ജനങ്ങളല്ല. വനം വകുപ്പാണ്. അതിനാല്‍ വകുപ്പ് തന്നെ നടപടികള്‍ കൈക്കൊള്ളണമെന്നാണ് ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top