കുഴൽനാടന്‍ അറസ്റ്റില്‍; കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടി; കോതമംഗലത്ത് സംഘര്‍ഷാവസ്ഥ

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമം​ഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിന്‍റെ പേരില്‍ മാത്യു കുഴൽനാടൻ എംഎൽഎയും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും അറസ്റ്റിലായി. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സമരപ്പന്തലിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 30 പേർക്കെതിരേയും കേസുണ്ട്.

കാട്ടാന ആക്രമണ പ്രശ്നത്തില്‍ മാത്യു കുഴൽനാടന്റെയും എൽദോസ് കുന്നപ്പള്ളിയുടെയും നേതൃത്വത്തില്‍ അനിശ്ചിതകാല ഉപവാസം ആരംഭിച്ചിരുന്നു. സമരപ്പന്തലിൽ കയറിയുള്ള അറസ്റ്റിനിടയില്‍ പോലീസ് അതിക്രമം കാണിച്ചെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പ്രവർത്തകർ പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്തപ്പോള്‍ പോലീസ് ലാത്തിവീശി. പ്രദേശത്ത് വൻ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കോൺഗ്രസ് പ്രവർത്തകർക്കുനേരെ നരനായാട്ടാണ് പോലീസ് നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘ഭീകരമായ മർദനങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണ്. ഇതാണോ പോലീസ് ചെയ്യേണ്ടത്’- ചെന്നിത്തല ചോദിച്ചു. “നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടാകണം. മുഹമ്മദ് ഷിയാസിനെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് ഹാജരാക്കണം. ശക്തമായ നടപടി ഉണ്ടാകുന്നില്ലെങ്കിൽ തക്കതായ രീതിയിൽ പ്രതികരിക്കേണ്ടി വരും.” ചെന്നിത്തല മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. “പോലീസുകാർ എന്തിനാണ് ഇക്കാര്യത്തിൽ പ്രകോപിതരാകുന്നത്. “വന്യമൃഗങ്ങളെ പേടിച്ച് പല ആളുകളും നാടുവിട്ടുപോയി. പാവപ്പെട്ടവരുടെ ശബ്ദമായി കോൺഗ്രസ് പാർട്ടി മാറിയതിന്റെ വെപ്രാളത്തിലാണ് സിപിഎമ്മും മന്ത്രിമാരും.” ഡീൻ പറഞ്ഞു.

നേര്യമംഗലം സ്വദേശി ഇന്ദിര രാമകൃഷ്ണന്‍ (70) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമംഗലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്. 

ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. മൃതദേഹം വിട്ടുതരില്ലെന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിനു മേൽ കിടന്ന് പ്രതിഷേധിച്ചെങ്കിലും പൊലീസ് ബലമായി തട്ടിമാറ്റി. മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റി. ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്. സംഘർഷമുണ്ടായപ്പോള്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top