രാഹുല്‍ ഗാന്ധി ഇന്ന് വയനാട്; വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കും

കല്പറ്റ: വയനാട് എംപി രാഹുൽഗാന്ധി ഇന്ന് ജില്ലയിലെത്തും. ഭാരത് ജോഡോ ന്യായ് യാത്ര താത്കാലികമായി നിർത്തിവെച്ചാണ് രാഹുല്‍ എത്തുന്നത്. രാവിലെ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കും. 7.45ന് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തും. 8.35 മുതൽ ഒമ്പതുവരെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരൻ പോളിന്റെ വീട്ടിലുണ്ടാകും. 9.55ന് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലെത്തും.
തുടർന്ന് കല്പറ്റ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതൽ 11.20 വരെ റെസ്റ്റ് ഹൗസിൽ നടക്കുന്ന അസസ്‌മെന്റ് റിവ്യു മീറ്റിങ്ങിൽ പങ്കെടുക്കും. 11.50ന് ഹെലികോപ്റ്റർമാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും. 12.30 നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം.
വന്യജീവി ആക്രമണങ്ങളില്‍ തുടരെ മരണങ്ങള്‍ ഉണ്ടായിട്ടും സ്ഥലം എംപിയായ രാഹുലിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് രാഹുല്‍ വാരണാസിയില്‍ നിന്നും വയനാട് എത്താന്‍ തീരുമാനിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here