ആളെക്കൊന്ന കാട്ടാന കര്‍ണ്ണാടകയിലേക്ക്; റേഡിയോ കോളർ സിഗ്നൽ നിരീക്ഷിച്ച് കേരള വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങി ആളെക്കൊന്ന ബേലൂര്‍ മഖ്ന എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. മാനന്തവാടി ബാവലിക്കടുത്ത് 58ന് സമീപം ആന നിലയുറപ്പിച്ചതായാണ് സൂചന.
ആന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്നാണ് വിവരം. റേഡിയോ കോളറിലൂടെ സിഗ്നല്‍ ലഭിച്ചതോടെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് ആനയെ നിരീക്ഷിച്ചു വരികയാണ്. ബേഗൂർ വന റേഞ്ച് പരിധിയിലുള്ള ആന നാഗർഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്. എന്നാല്‍ ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
ആനയെ പിടികൂടാന്‍ നാല് കുങ്കിയാനകള്‍ സജ്ജമാണ്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും ജനവാസമേഖലകളില്‍ ആക്രമണം നടത്തുകയും ചെയ്ത ബേലൂര്‍ മഖ്നയെ കഴിഞ്ഞ ഒക്ടോബറിലാണ് മയക്കുവെടിവെച്ച് പിടികൂടിയത്. റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷം കേരള അതിര്‍ത്തിക്ക് സമീപമുള്ള മൂലഹള്ളി വനമേഖലയിലേക്ക് തുറന്നുവിടുകയായിരുന്നു.
ഇന്നലെ രാവിലെയാണ് ബേലൂര്‍ മഖ്നയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ അജീഷ് കൊല്ലപ്പെട്ടത്. ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഇതുവരെ കാണാത്ത പ്രതിഷേധത്തിനാണ് വയനാട് സാക്ഷിയായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here