കാട്ടാനകളുടെ ഹാജർ എടുപ്പ് എങ്ങനെ; പിണ്ഡം എണ്ണുന്നതടക്കം മൂന്ന് രീതികള്‍; മൂന്ന് ദിവസങ്ങളിലായി ആനകളെ അരിച്ച് പെറുക്കാന്‍ കാടുകയറി 1300 ഉദ്യോഗസഥര്‍
തിരുവനന്തപുരം : സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുക്കല്‍ ആനസങ്കേതങ്ങളില്‍ പുരോഗമിക്കുകയാണ്. പിണ്ഡം എണ്ണിയും നേരില്‍ എണ്ണമെടുത്തുമാണ് കണക്കെടുപ്പ് നടക്കുക. കൊമ്പന്‍, പിടി, കുട്ടികള്‍ എന്നിങ്ങനെ തരംതിരിച്ചാകും എണ്ണമെടുക്കു. സാമ്പിള്‍ സര്‍വ്വേ രീതിയിലാണ് കണക്കെടുപ്പ് നടക്കുന്നത്. അതുകൊണ്ട് തന്നെ ആനകളുടെ എണ്ണത്തിലെ ഏകദേശ കണക്കാകും ലഭിക്കുക. മൂന്ന് രീതിയില്‍ മൂന്ന് ദിവസങ്ങളിലായാണ് കണക്കെടുപ്പ് നടക്കുന്നത്. ഇവയിലൂടെ ലഭിക്കുന്ന കണക്കുകളെ ക്രോഡികരിച്ച് എണ്ണമെടുക്കും. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം.
ഒന്നാം ദിവസം ബ്ലോക്ക് കൗണ്ട്
ബ്ലോക്ക് കൗണ്ട് രീതിയുള്ള കണക്കെടുപ്പാണ് ആദ്യം നടന്നത്. ആനകളുടെ ആവാസ വ്യവസ്ഥകളെ ബ്ലോക്കുകളായി തിരിച്ച് ഇതില്‍ തിരഞ്ഞെടുത്ത ബ്ലോക്കുകളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി കണക്കെടുക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നാല് ആന സങ്കേതങ്ങളെ 610 ബ്ലോക്കുകളായാണ് തിരിച്ചിരിക്കുന്നത്. ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണ് ഉള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്. തിരഞ്ഞെടുത്ത ബ്ലോക്കുകളില്‍ ഉദ്യോഗസ്ഥര്‍ നടന്ന് ആനകളുടെ കണക്ക് രേഖപ്പെടുത്തും. നാല് ആനസങ്കേതങ്ങളിലും ഒരേസമയമാണ് കണക്കെടുപ്പ്. 1300 ഓളം ഉദ്യോഗസ്ഥരേയും വാച്ചര്‍മാരേയുമാണ് പരിശീലനം നല്‍കി നിയോഗിച്ചിരിക്കുന്നത്. ഇത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞു.
ഇന്ന് ആന പിണ്ഡത്തിന്റെ കണക്കെടുക്കും
കാട്ടാന കണക്കെടുപ്പിന്റെ രണ്ടാം ദിവസമായ ഇന്ന് ആന പിണഡത്തിന്റെ കണക്കെടുത്താണ് എണ്ണം നിശ്ചയിക്കുക. ഈ രീതിയെ ഡങ് കൗണ്ട് എന്നാണ് പറയുന്നത്. ഉദ്യോഗസ്ഥര്‍ ആനകളെ നേരില്‍ കാണാതെ കണക്കെടുക്കുകയാണ് ചെയ്യുക. തിരഞ്ഞെടുത്ത മേഖലകളില്‍ ഒന്നര കിലോമീറ്റര്‍ നേര്‍രേഖയില്‍ സഞ്ചരിച്ച് പിണ്ഡത്തിന്റെ സാന്ദ്രത മനസിലാക്കുകയാണ് ചെയ്യുന്നത്. പിണ്ഡങ്ങള്‍ തമ്മിലുള്ള ദൂരം കൂടി കണക്കാക്കിയാണ് എണ്ണം കണക്കാക്കുക.
മൂന്നാം ദിവസം ഓപ്പണ്‍ ഏരിയ കൗണ്ട്
ആനകളെ ലിംഗം തിരിച്ച് കണക്കെടുക്കാനാണ് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് നടത്തുന്നത്. ആനകള്‍ പതിവായി കൂട്ടമായി വെള്ളം കുടിക്കാനും മറ്റുമായി എത്തുന്ന സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ആനകളുടെ എണ്ണം എടുക്കും. കൊമ്പനാനകള്‍, പിടിയാനകള്‍, കുട്ടിയാനകള്‍ എന്നിങ്ങനെ തരംതിരിച്ചാകും കണക്കെടുക്കുക. ആദ്യ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ആനകളെ നേരില്‍ കാണാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകാം. കാരണം ആനകള്‍ കൂടുതലുളള സ്ഥലം പ്രത്യേകമായി തിരഞ്ഞെടുത്തല്ല ബ്ലോക്കുകള്‍ തിരിക്കുക. അതുകൊണ്ട് തന്നെ മൂന്നാമത്തെ രീതിയിലാകും ഉദ്യോഗസ്ഥര്‍ ആനകളെ കൂടുതലായി നേരില്‍ കാണുക.
കഴിഞ്ഞ വര്‍ഷം 1920 ആനകള്‍
2023ല്‍ നടത്തിയ പരിശോധനകളില്‍ 1920 ആനകള്‍ കേരളത്തിലെ കാടുകളിലുണ്ടെന്നാണ് വനം വകുപ്പ് കണക്കാക്കുന്നത. എന്നാല്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രമാണ് കണക്കെടുപ്പ് നടന്നത്. വരണ്ട കാലാവസ്ഥയുളള സമയത്ത് നടന്ന കണക്കെടുപ്പായതിനാല്‍ കേരവുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് സംസ്ഥാനങ്ങളിലെ കാടുകതളിലേക്ക് ആനകള്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് കണക്കാക്കുന്നത്. 2023ന് മുമ്പ് 2017ലാണ് കാട്ടാനകളുടെ കണക്കെടുപ്പ് നടന്നത്. അന്ന് രാജ്യവ്യാപകമായി നടന്ന കണക്കെടുപ്പില്‍ കേരളത്തില്‍ 3322 ആനകള്‍ ഉണ്ടെന്നാണ് കണക്ക്. ഇത്തവണ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനപരിധിയിലെ വനങ്ങളിലും കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഏകദേശം കൃത്യമായ കണക്ക് ലഭിക്കുമെന്നാണ് വനം വകുപ്പിന്റെ കണക്കെടുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here